ജനാധിപത്യം സുശക്തമാക്കാന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം –ചെന്നിത്തല

തിരുവനന്തപുരം: ജനാധിപത്യവ്യവസ്ഥ സുശക്തമാക്കാന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും സ്വാതന്ത്ര്യലബ്ദികഴിഞ്ഞ് ആറ് ദശാബ്ദങ്ങള്‍ പിന്നിട്ടിട്ടും അതുസാധിക്കാത്തത് ഭരണകൂടത്തിന്‍െറ വീഴ്ചയാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സ്ത്രീസുരക്ഷയും അവകാശങ്ങളും ഉറപ്പാക്കാന്‍ സുശക്തവും ഫലവത്തുമായ വ്യവസ്ഥകള്‍ ഭരണഘടനയിലുണ്ടായിട്ടും വീഴ്ചകള്‍ പറ്റുന്നത് ഗൗരവമായി കാണണം. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ബദല്‍ മാര്‍ഗങ്ങള്‍ ആരായേണ്ടത് അത്യന്താപേക്ഷിതമാണ്. ദേശീയ വനിതാ പൊലീസ് സെമിനാര്‍ താജ് വിവാന്‍റയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സാക്ഷരതയില്‍ മുന്നേറിയ കേരളത്തില്‍പോലും സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല. അവര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊലീസ് സേനയില്‍ കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്താന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ഇതുമുന്നില്‍കണ്ടാണ് സിവില്‍ പൊലീസ് ഓഫിസര്‍, എസ്.ഐ തസ്തികകളില്‍ സ്ത്രീകള്‍ക്കുകൂടി അവസരം നല്‍കിയത്. ഓരോവര്‍ഷവും സേനയില്‍ 10 ശതമാനം വനിതകളെ കൂടുതല്‍ ഉള്‍പ്പെടുത്തും. നിര്‍ഭയ കേരളം സുരക്ഷിത കേരളം പദ്ധതി തിരുവനന്തപുരം, കൊച്ചി നഗരസഭകളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. നടി ശ്വേതാമേനോന്‍ മുഖ്യാതിഥിയായി. ദക്ഷിണമേഖലാ എ.ഡി.ജി.പി കെ.പത്മകുമാര്‍, ഡി.ജി.പി (കമ്യൂണിറ്റി പൊലീസിങ്) എം.എന്‍. കൃഷ്ണമൂര്‍ത്തി, ജയില്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍, എ.ഐ.ജി ഉമാ ബെഹ്റ, വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സന്‍ അഡ്വ. പി. കുല്‍സു തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.