നിര്‍ദിഷ്ട ഭക്ഷ്യസംസ്കരണ ശാല: കേന്ദ്രസംഘം മുത്തോലപുരത്ത്

കൂത്താട്ടുകുളം: ഇലഞ്ഞി മുത്തോലപുരത്ത് ഭക്ഷ്യസിവില്‍ സപൈ്ളയിസ് കോര്‍പറേഷന്‍ മുന്‍ കൈയെടുത്ത് സ്ഥാപിക്കുന്ന പഴം, പച്ചക്കറി, കിഴങ്ങ് സംസ്കരണ ശാലയുടെ സ്ഥല പരിശോധനക്ക് കേന്ദ്രസംഘം എത്തി. കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്‍െറ കീഴിലുള്ള കാര്‍ഷികോല്‍പാദന കയറ്റുമതി വികസന അതോറിറ്റിയിലെ പ്രസാദ് വാക്മേയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് എത്തിയത്. കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് മധ്യകേരളത്തില്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുന്ന വെജിറ്റബ്ള്‍ ആന്‍ഡ് ഫ്രൂട്ട് ആന്‍ഡ് ഡീ ഹൈഡ്രേഷന്‍ യൂനിറ്റാണ് മുത്തോലപുരത്ത് ആരംഭിക്കുന്നത്. പദ്ധതിക്ക് 13 കോടി രൂപയാണ് കണക്കാക്കുന്നത്. ഇതില്‍ പത്തുകോടി കേന്ദ്രസഹായം ലഭിക്കും. സംസ്ഥാന വിഹിതം രണ്ടുകോടി ഇതിനായി നീക്കിവെച്ചിട്ടുണ്ട്. പഴം, പച്ചക്കറി, കിഴങ്ങ് എന്നിവയുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് കേന്ദ്ര സഹായം ലഭിക്കുക. പദ്ധതിയുടെ സമാരംഭവുമായി ബന്ധപ്പെട്ട് മന്ത്രി അനൂപ് ജേക്കബിന്‍െറ അഭ്യര്‍ഥനയനുസരിച്ചാണ് അതോറിറ്റിയുടെ ബംഗളൂരുവിലെ ദക്ഷിണമേഖല ആസ്ഥാനത്തുനിന്ന് ഉദ്യോഗസ്ഥരത്തെിയത്. സ്ഥലം സന്ദര്‍ശിച്ചശേഷം മന്ത്രിയുമായി സംഘം ചര്‍ച്ച നടത്തി. 500 ടണ്‍ പച്ചക്കറികളും 250 ടണ്‍ പഴങ്ങളും കിഴങ്ങുവിളകളും ഇവിടെ ശീതീകരിച്ചും സൂക്ഷിക്കാനുള്ള സൗകര്യം ഒരുക്കും. ഭക്ഷ്യ വസ്തുക്കളുടെ ഗുണമേന്മ പരിശോധിക്കാനും സംവിധാനം ഉണ്ടാകും. പഴങ്ങള്‍ സീസണില്‍ വാങ്ങി ശീതീകരിച്ച് ഉണക്കി സൂക്ഷിക്കുന്നതിന് ആധുനിക യന്ത്ര സാമഗ്രികള്‍ ഏര്‍പ്പെടുത്തും. ലക്ഷ്യമിടുന്ന പദ്ധതിക്ക് പുറമെ കൂടുതല്‍ വിപുലമായ യൂനിറ്റുകളും ഭാവിയില്‍ ഇവിടെ സ്ഥാപിക്കേണ്ടിവരുമെന്ന് സംഘം സൂചിപ്പിച്ചു. പദ്ധതിയുടെ ടെന്‍ണ്ടര്‍ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചതായി മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഡിസംബറില്‍ നിര്‍മാണ ഉദ്ഘാടനം നടത്താന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയുടെ ഭാഗമായി മുത്തോലപുരം വേളാശ്ശേരിത്താഴത്തുള്ള 1.10 ഏക്കര്‍ സ്ഥലമാണ് സപൈ്ളകോയുടെ നിര്‍ദിഷ്ട സംസ്കരണശാല സ്ഥാപിക്കുന്നതിന് ഉപയോഗിക്കുന്നത്. കേരള ചെറുകിട വ്യവസായ വികസന കോര്‍പറേഷന്‍ (ഡിസ്കോ) മിമനി വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള നടപടിയും മുത്തോലപുരത്ത് ആരംഭിച്ചുകഴിഞ്ഞു. ജോസ് ഗിരിയില്‍ എം.വി.ഐ.പിയുടെ ഒരേക്കര്‍ സ്ഥലമാണ് ഇതിനായി ക്രമീകരിക്കുന്നത്. പരിശോധന സംഘത്തോടൊപ്പം ഐഷാ മാധവന്‍, ടോമി കെ. തോമസ്, ഏലിയാസ് മങ്കിടി, ജോണി അരീക്കാട്ടേല്‍, സുനില്‍ ഇടപ്പലക്കാട്ട്, എം.പി. ജോസഫ്, രാജു തുരുത്തേല്‍, ഷാജി കൂത്താട്ടുകുളം, ബിജു കുനാനി, സിബി അരഞ്ഞാണി, ജോസഫ്, സജിമോന്‍, റോയി വര്‍ഗീസ്, ജോയി പന്തിരായികണ്ടം എന്നിവരും ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.