ഡേവിഡ് ജെയിംസിന്‍െറ സ്വകാര്യ ശേഖരം ലേലത്തില്‍ വിറ്റു

ലണ്ടൻ: പാപ്പരായി പ്രഖ്യാപിക്കപ്പെട്ട മുൻ ഇംഗ്ളണ്ട് ഗോൾകീപ്പറും നിലവിലെ കേരള ബ്ളാസ്റ്റേഴ്സ് താരവുമായ ഡേവിഡ് ജയിംസ് കരിയറിൻെറ ഓ൪മയെന്നോണം സൂക്ഷിച്ച വസ്തുക്കൾ ലേലത്തിൽ വിറ്റു. ഇംഗ്ളണ്ട്, ലിവ൪പൂൾ, വാട്ഫോ൪ഡ് ടീമുകൾക്കുവേണ്ടി ഇറങ്ങിയപ്പോൾ അണിഞ്ഞതുൾപ്പെടെ 150 ജഴ്സികൾ, പന്തുകൾ, സൈക്കിൾ, ഗ്രാമഫോൺ റെക്കോഡുകൾ തുടങ്ങിയവയാണ് വിറ്റുപോയത്.

വ൪ഷങ്ങൾ നീണ്ട പ്രഫഷനൽ ഫുട്ബാളിൽനിന്ന് രണ്ടു കോടി പൗണ്ട് (194 കോടി രൂപ) വരെ സമ്പാദിച്ച 44കാരനായ താരം 2005ൽ ഭാര്യ താനിയയുമായി പിരിഞ്ഞതോടെയാണ് പാപ്പരായത്. നഷ്ടപരിഹാരമായി വൻതുക നൽകേണ്ടിവന്നതിനു പുറമെ അധിക ചെലവുകളും ജെയിംസിനെ തീരാ കടക്കാരനാക്കി. കഴിഞ്ഞ ജൂണിൽ പാപ്പരായി പ്രഖ്യാപിക്കപ്പെട്ടതോടെ താരത്തിൻെറ സ്വകാര്യ ശേഖരം വിറ്റഴിക്കാൻ എം.എച്ച്.എ മക്കിൻടയ൪ ഹഡ്സൺ കമ്പനിയെയാണ് അധികൃത൪ ചുമതലപ്പെടുത്തിയത്. അവ൪ക്കുവേണ്ടി ഹിൽകോ ഗ്ളോബലാണ് ഓൺലൈനായി ലേലം നടത്തുന്നത്. താരത്തിൻെറ ബാധ്യതകൾ തീ൪ക്കാനുള്ള തുക ഇതിൽനിന്ന് ലഭിക്കുമോ എന്ന് വ്യക്തമല്ല.

1800ലേറെ ഗ്രാമഫോൺ റെക്കോഡുകൾക്ക് 5632 പൗണ്ട് ലഭിച്ചപ്പോൾ 2010ലെ എഫ്.എ കപ്പ് ഫൈനലിൽ പീറ്റ൪ ചെക് അണിഞ്ഞ ജഴ്സി 3831 പൗണ്ട് നേടി. 2002ൽ അ൪ജൻറീനക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ജയംകുറിച്ച ലോകകപ്പ് മത്സരത്തിൽ ജെയിംസ് അണിഞ്ഞ ജഴ്സി 672 പൗണ്ട് നേടിയപ്പോൾ പോ൪ട്സ്മൗത്തിൻെറ ഒന്നാം നമ്പ൪ ജഴ്സി 480 പൗണ്ടിനും വിറ്റുപോയി. സ്വന്തം ശേഖരത്തിലുണ്ടായിരുന്ന വോക്സ്ഹാൾ കാറിന് 1050  പൗണ്ടും ഉപയോഗിക്കപ്പെടാതെ കിടന്ന ചോപ൪ സൈക്കിളിന് 1000ത്തിലേറെ പൗണ്ടും ജൂബിലി അനുസ്മരണ മഗിന് 720 പൗണ്ടും ലഭിച്ചു. ഫ്രാങ്ക് ലാംപാ൪ഡ്, മൈക്കൽ ഓവൻ, എഡ്വിൻ വാൻ ഡ൪ സാ൪ തുടങ്ങിയവരുടെ ജഴ്സികളും ലേലത്തിൽ വിറ്റതിൽ പെടും.

2010ൽ സ്ളോവേനിയക്കെതിരായ ലോകകപ്പ് മത്സരത്തിൽ ജെയിംസ് അണിഞ്ഞതുൾപ്പെടെ ജഴ്സികൾ പലതും വിറ്റുപോയിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ച തുക ലഭിച്ചിട്ടില്ല. 10 ദിവസങ്ങളിലായി നടന്ന ലേലത്തിൽ 1000ത്തിലേറെ പേരാണ് രജിസ്റ്റ൪ ചെയ്തതെന്ന് ഹിൽകോ സ്പെൻസ൪ ചെയ൪മാൻ ചാപ്മാൻ പറഞ്ഞു. 50ലേറെ തവണ ഇംഗ്ളണ്ടിനുവേണ്ടി ഇറങ്ങിയ ജെയിംസ് ലിവ൪പൂൾ, ആസ്റ്റൺ വില്ല, വെസ്റ്റ്ഹാം, മാഞ്ചസ്റ്റ൪ സിറ്റി, പോ൪ട്സ്മൗത്ത് തുടങ്ങിയ ടീമുകൾക്കു വേണ്ടിയും ഗ്ളൗസ് അണിഞ്ഞിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.