ക്വാമി ഏകതാ വാരത്തിന് ഇന്ന് തുടക്കം

കൊച്ചി: രാജ്യസ്നേഹം, ദേശീയോദ്ഗ്രഥനം, മതസൗഹാര്‍ദം എന്നിവ പോഷിപ്പിക്കുന്ന വ്യത്യസ്തങ്ങളായ പ്രചാരണ പരിപാടികളുമായി ക്വാമി ഏകതാ വാരത്തിന് ബുധനാഴ്ച തുടക്കമാകും. ദേശീയപതാക ഉയര്‍ത്തല്‍, പൊതുയോഗങ്ങള്‍, പ്രഭാതഭേരി, ദേശീയോദ്ഗ്രഥന പ്രതിജ്ഞ, ഡിബേറ്റ്, ചര്‍ച്ച എന്നിവയും പരിപാടിയുടെ ഭാഗമായി ഉണ്ടാകും. ബുധനാഴ്ച രാവിലെ 11ന് ദേശീയോദ്ഗ്രഥന പ്രതിജ്ഞയോടെ വാരാചരണത്തിന് തുടക്കംകുറിക്കും. ഓഫിസ് മേധാവി ജീവനക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വാരാചരണത്തിന്‍െറ ഓരോദിനവും വിവിധ വിഷയങ്ങളില്‍ ഊന്നല്‍ നല്‍കിയാണ് പ്രചാരണം നടത്തുന്നത്. ബുധനാഴ്ച ദേശീയോദ്ഗ്രഥന-മതസൗഹാര്‍ദ ദിനമായി ആചരിക്കും. മതേതരത്വത്തിനും വര്‍ഗീയതക്കും അക്രമത്തിനുമെതിരെ ജില്ലാകേന്ദ്രത്തില്‍ സന്ദേശ പ്രചാരണ റാലികള്‍ നടത്തും. നവംബര്‍ 20 ന്യൂനപക്ഷ ക്ഷേമദിനമായും ആചരിക്കും. ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാനമന്ത്രി അവതരിപ്പിച്ച 15 ഇന പരിപാടിയുടെ വിപുല പ്രചാരണം ഉണ്ടാകും. 21നാണ് ഭാഷാ സൗഹാര്‍ദ ദിനം. ഭാഷാസ്നേഹം വളര്‍ത്തുന്നതിന് കവി സമ്മേളനങ്ങളും സാഹിത്യ ചര്‍ച്ചകളും നടത്തും. 22ന് പിന്നാക്കക്കാരുടെ ക്ഷേമപദ്ധതികളുടെ അവലോകനവും വിലയിരുത്തലുമായിരിക്കും. ഭൂരഹിതരായ പിന്നാക്കവിഭാഗ തൊഴിലാളികള്‍ക്ക് ഭൂമി നല്‍കുന്നതിന് ഉയര്‍ന്ന പരിഗണന നല്‍കും. 23ന് സാംസ്കാരിക ഏകതാ ദിനമായി ആചരിക്കുന്നു. ഭാരതത്തിന്‍െറ നാനാത്വത്തില്‍ ഏകത്വം ഉദ്ഘോഷിക്കുന്ന സാംസ്കാരിക പരിപാടികള്‍ അവതരിപ്പിക്കും. 24 വനിതാ ദിനമായി കൊണ്ടാടും. രാഷ്ട്രവികസനത്തില്‍ സ്ത്രീകള്‍ നല്‍കിയ സേവനങ്ങള്‍ അനുസ്മരിക്കുന്നതോടൊപ്പം സ്ത്രീകളുടെ സാമൂഹികാവസ്ഥ മെച്ചപ്പെടുത്തുന്ന പദ്ധതിയും വിലയിരുത്തും. സമാപന ദിവസമായ 25ന് പതാകദിനമായി ആചരിക്കും. പരിസ്ഥിതി സംരക്ഷണത്തിനും ഹരിതവത്കരണത്തിനും ഊന്നല്‍ നല്‍കുന്ന പരിപാടികളോടെ സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.