തൊഴില്‍ നഷ്ടപ്പെടുന്ന നഴ്സുമാരുടെ കുടുംബം കണ്ണീരോടെ നാട്ടില്‍

കോട്ടയം: കുവൈത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം നിലനില്‍ക്കുന്ന നഴ്സുമാരുടെ കുടുംബം നാട്ടില്‍ കണ്ണീരോടെ അധികാരികളുടെ കനിവ് തേടുന്നു. കുവൈത്തില്‍ മെഹബുല്ലയില്‍ കുവൈത്ത് മന്ത്രാലയത്തിന്‍െറ ആശുപത്രിയില്‍ ജോലിചെയ്തുവന്നവരോടാണ് താമസസ്ഥലത്തുനിന്ന് നവംബര്‍ 20ന് ഒഴിയണമെന്ന് നിര്‍ദേശം നല്‍കിയത്. പുരുഷ നഴ്സുമാര്‍ ഉള്‍പ്പെടെ 446 പേരുടെ ഭാവിയാണ് ഇരുള്‍മൂടുന്നത്. നഴ്സുമാരുടെ രക്ഷാകര്‍ത്താക്കളുടെ കൂട്ടായ്മയായ ഇന്ത്യന്‍ നഴ്സസ് പേരന്‍റ്സ് അസോസിയേഷന്‍ യോഗം കോട്ടയത്ത് ചേര്‍ന്ന് പ്രശ്നത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. 446 ല്‍ 85 പേര്‍ ഒരു വര്‍ഷത്തില്‍ താഴെ മാത്രം സര്‍വീസുള്ളവരാണ്. ബാക്കിയുള്ളവര്‍ അവിടെ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുകയാണ്. ഇവര്‍ നാട്ടിലേക്ക് മടങ്ങിവന്നാല്‍ നിരവധി കുടുംബങ്ങളില്‍ വലിയതോതില്‍ സാമ്പത്തിക പ്രയാസങ്ങളുണ്ടാക്കും. 10ഉം 15ഉം ലക്ഷങ്ങള്‍ ഏജന്‍റുമാര്‍ക്ക് നല്‍കിയാണ് പലരും കുവൈത്തിലേക്ക് മക്കളെ അയച്ചത്. ആ ബാധ്യതയില്‍നിന്ന് കുടുംബങ്ങള്‍ മുക്തമായിട്ടില്ളെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. മക്കള്‍ തൊഴില്‍ നഷ്ടപ്പെട്ട് വന്നാല്‍ പിന്നെ കടക്കെണിമൂലം ജീവിച്ചിരുന്നിട്ട് കാര്യമില്ല. ആരെങ്കിലും മരിച്ചാല്‍ മാത്രമേ അധികാരികളുടെ കണ്ണുതുറക്കൂവെന്ന അവസ്ഥയാണ്. കുവൈത്തില്‍ ജോലി ഉള്ളതുകൊണ്ട് വിവാഹം നിശ്ചയിച്ച പെണ്‍കുട്ടികളുമുണ്ട്. ഇവരെ പിരിച്ചുവിട്ടശേഷം പുതിയ റിക്രൂട്ട്മെന്‍റ് നടത്തി ലക്ഷങ്ങള്‍ തട്ടിയെടുക്കാനാണ് ഏജന്‍റുമാരുടെ ശ്രമമെന്ന് രക്ഷാകര്‍ത്താക്കള്‍ ആരോപിച്ചു. കുവൈത്ത് മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളില്‍ 3000 ത്തോളം ഒഴിവുകളുണ്ട്. കേരളത്തില്‍നിന്നാണ് ഇവര്‍ റിക്രൂട്ട്മെന്‍റ് നടത്താറുള്ളത്. പ്രവൃത്തിപരിചയം, ഭാഷാപരിജ്ഞാനം എന്നിവയുള്ളവരെ ഒഴിവാക്കുന്നതിനുപിന്നില്‍ ഗൂഢോദ്ദേശ്യമുണ്ടന്നും അവര്‍ പറഞ്ഞു. കുവൈത്തില്‍ പഠനം നടത്തുന്ന കുട്ടികളുടെ ഭാവിയും അവതാളത്തിലാകുമെന്നും അവര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.