പാമ്പുകളെ തുരത്താന്‍ മാലിന്യം നീക്കുമെന്ന് മേയര്‍

ഫോര്‍ട്ടുകൊച്ചി: കടപ്പുറം മേഖലയിലെ പാമ്പുശല്യത്തിന് അറുതിവരുത്താന്‍ മാലിന്യ നിര്‍മാര്‍ജനം ത്വരിതപ്പെടുത്തുമെന്ന് കൊച്ചി മേയര്‍ ടോണി ചമ്മണി അറിയിച്ചു. ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് രണ്ടുമാസത്തിനിടെ പത്തുപേര്‍ക്ക് പാമ്പുകടിയേറ്റിരുന്നു. സംഭവം ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊച്ചിന്‍ കാര്‍ണിവല്‍ ജനറല്‍ ബോഡി യോഗത്തില്‍ ‘മാധ്യമം’ വാര്‍ത്ത ചൂണ്ടിക്കാട്ടി നാട്ടുകാര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴാണ് മേയര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കടപ്പുറത്ത് ശേഖരിക്കുന്ന മാലിന്യം നീക്കാനാവാത്തതാണ് മാലിന്യക്കൂമ്പാരങ്ങള്‍ പാമ്പുകളുടെ വളര്‍ത്തുകേന്ദ്രമായി മാറുന്നതെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഇതിന് മറുപടിയായാണ് കടപ്പുറത്തെ മാലിന്യങ്ങള്‍ നീക്കാന്‍ ഒരു ലോറി സ്ഥിരമായി ഏര്‍പ്പെടുത്തുമെന്ന് മേയര്‍ പറഞ്ഞത്. യോഗത്തില്‍ സബ് കലക്ടര്‍ എസ്. സുഹാസ് അധ്യക്ഷത വഹിച്ചു. ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ, മേയര്‍ ടോണി ചമ്മണി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.ജെ. സോഹന്‍, ആര്‍. ത്യാഗരാജന്‍, സൗമിനി ജയിന്‍, കൗണ്‍സിലര്‍മാരായ കെ.എം. റഹീം, ആന്‍റണി കുരീത്തറ, കെ.ആര്‍. പ്രേംകുമാര്‍, ഷൈലാ തദേവൂസ്, വിക്ടോറിയ ലോറന്‍സ്, ടി.കെ. ബാബു, കര്‍മിലി ആന്‍റണി എന്നിവര്‍ സംസാരിച്ചു. ഡിസംബര്‍ 14ന് കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷ പരിപാടി തുടങ്ങാനും തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.