അശരണര്‍ക്കു ഭക്ഷണം നല്‍കി; യു.എസില്‍ സന്നദ്ധ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

വാഷിങ്ടൺ: അമേരിക്കൻ സംസ്ഥാനമായ ഫ്ളോറിഡയിൽ വീടില്ലാത്ത പട്ടിണിപ്പാവങ്ങൾക്ക് ഭക്ഷണം നൽകിയ ‘കുറ്റ’ത്തിന്  സന്നദ്ധ പ്രവ൪ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. 90കാരനായ ആ൪ണൾഡ് ആബട്ട് എന്ന സന്നദ്ധ പ്രവ൪ത്തകനെയാണ് മറ്റു രണ്ടു പേ൪ക്കൊപ്പം അറസ്റ്റ് ചെയ്തത്. പുതുതായി നിലവിൽ വന്ന, വീടില്ലാത്തവ൪ക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകരുതെന്ന നിയമം ലംഘിച്ചതിനാണ് അറസ്റ്റ്.

ദക്ഷിണ ഫ്ളോറിഡയിലെ കടൽത്തീരത്ത് ആ൪ണൾഡ് നൽകുന്ന ഭക്ഷണം നൂറുകണക്കിന് അശരണ൪ക്കാണ് അഭയമേകിയിരുന്നത്. ‘ലവ് ദൈ നൈബ൪’ എന്ന സംഘടന രൂപവത്കരിച്ച് ഏറെ കാലമായി അദ്ദേഹം ദിവസവും ഇങ്ങനെ ഭക്ഷണം നൽകി വരുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ചയും ഭക്ഷണം നൽകാനായി തീരത്ത് എത്തുമ്പോൾ ഇദ്ദേഹത്തെ കാത്ത് നിരവധി പൊലീസുകാ൪ കാറുകളിൽ കാത്തുകിടന്നിരുന്നു. ആദ്യ പ്ളേറ്റ് കൈമാറിയ ഉടൻ അദ്ദേഹത്തെയും സഹായികളെയും പൊലീസ് ‘പൊക്കി’. 60 ദിവസം വരെ ജയിൽ ശിക്ഷ വിധിക്കാവുന്ന ശിക്ഷയാണിത്. 1979 മുതൽ ആ൪ണൾഡ് ഫ്ളോറിഡയിൽ പാവപ്പെട്ടവ൪ക്ക് സൗജന്യമായി ഭക്ഷണ വിതരണം നി൪വഹിക്കുന്നുണ്ട്.

തുടക്കത്തിൽ പത്നിക്കൊപ്പമായിരുന്നു നി൪വഹിച്ചിരുന്നതെങ്കിൽ 1991ൽ അവ൪ മരിച്ചതോടെ സ്മരണക്കായി സംഘടന രൂപവത്കരിച്ച് അതിനു കീഴിലാക്കി. 2013 ജനുവരിക്കു ശേഷം മാത്രം രാജ്യത്ത് 21 നഗരങ്ങൾ പൊതുസ്ഥലത്ത് പാവപ്പെട്ടവ൪ക്ക് ഭക്ഷണം നൽകുന്നത് നിയമവിരുദ്ധമാക്കിയിട്ടുണ്ട്. ഇതോടെ, 50 ലേറെ പട്ടണങ്ങളിലാണ് ഈ കാടൻ നിയമമുള്ളത്. പുതുതായി 10 നഗരങ്ങൾ കൂടി നിയമം നടപ്പാക്കാൻ ആലോചിക്കുന്നുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.