മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് ജയത്തോടെ സാന്നിധ്യമറിയിച്ച ഹൈദരാബാദിലെ ആൾ ഇന്ത്യാ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീനിൽ ചേരാൻ ഒൗറംഗാബാദിലെ അഞ്ച് എൻ.സി.പി നഗരസഭാ കൗൺസില൪മാ൪ രാജിവെച്ചു. അഫ്സ൪ ഖാൻ, സുബൈ൪ ലാല, ഖലീൽ ഖാൻ, അക്രം പട്ടേൽ, അശോക് ബെരെ എന്നിവരാണ് രാജി സമ൪പ്പിച്ചത്. രാജി ഇതുവരെ സ്വീകരിച്ചിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഒൗറംഗാബാദിൽ മികച്ച പ്രകടനം കാഴ്ചവെച്ച മജ്ലിസ് അടുത്ത വ൪ഷം നടക്കുന്ന നഗരസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടത്താനാണ് ഒരുങ്ങുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒൗറംഗാബാദ് സെൻട്രലിലെ സിറ്റിങ് എം.എൽ.എയായ ശിവസേനാ നേതാവ് പ്രദീപ് ശിവ്നാരായൺ ജയ്സ്വാലിനെ വീഴ്ത്തി മജ്ലിസിൻെറ ഇംതിയാസ് ജലീൽ വിജയിക്കുകയും ഒൗറംഗാബാദ് ഈസ്റ്റിൽ മജ്ലിസ് സ്ഥാനാ൪ഥി അബ്ദുൽ ഖഫാ൪ ഖദ്രി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു.
നഗരസഭയിൽ കണ്ണുനട്ട മജ്ലിസ് കോൺഗ്രസ്, എൻ.സി.പി പാ൪ട്ടികളിലെ മുസ്ലിം ദലിത് നഗരസഭാംഗങ്ങളെ ലക്ഷ്യംവെച്ചു. നഗരസഭയിൽ 15 അംഗങ്ങളുള്ള എൻ.സി.പിയിൽനിന്ന് നാലു മുസ്ലിംകളെയും ദലിത് നേതാവിനെയുമാണ് മജ്ലിസ് വശത്താക്കിയത്. 15 പേരുള്ള ബി.ജെ.പിയുടെയും സ്വതന്ത്രരുടെയും പിന്തുണയിൽ നഗരസഭ ഭരിക്കുന്നത് 30 അംഗങ്ങളുള്ള ശിവസേനയാണ്. കോൺഗ്രസിന് 19 അംഗങ്ങളാണുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ മജ്ലിസ് ഒൗറംഗാബാദിൽ പ്രവ൪ത്തനം ശക്തമാക്കി. മറ്റ് പാ൪ട്ടികളിലെ മുസ്ലിം നേതാക്കൾക്കെതിരെ വിമ൪ശങ്ങൾ ഉന്നയിച്ചാണ് മജ്ലിസ് ഇതിന് തുടക്കമിട്ടത്. ഇതിനിടയിൽ ‘ബീയിങ് മിം’ എന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും പ്രചാരണം നടത്തി. മുസ്ലിം നേതാക്കളുടെ പേരെടുത്ത് പറഞ്ഞ് ഇവ൪ വഞ്ചകരാണെന്നും തിരിച്ചറിയണമെന്നും മുസ്ലിംകളോട് ആവശ്യപ്പെട്ടു.
ഇതിനെതിരെ ഒൗറംഗാബാദ് സിറ്റി യൂനിറ്റ് കോൺഗ്രസ് പ്രസിഡൻറ് ലിയാഖത്ത് ഖാൻ പഠാൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മുമ്പ് നിസാമുമാരുടെ കീഴിലായിരുന്ന മറാത്ത്വാഡയിൽനിന്നാണ് മജ്ലിസ് മഹാരാഷ്ട്രയിലേക്ക് ചിറകു വിട൪ത്താൻ ശ്രമം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.