ജനജീവിതം ദുരിതത്തിലാക്കി ഹൈറേഞ്ചില്‍ വ്യാജമദ്യ വില്‍പന

ഏലപ്പാറ: പീരുമേട് താലൂക്കിന്‍െറ വിവിധ മേഖലകളില്‍ വ്യാജമദ്യ വില്‍പന വര്‍ധിച്ചു. പീരുമേട്, പാമ്പനാര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ മദ്യവില്‍പന ശാലകള്‍ അടച്ചുപൂട്ടിയതോടെ ഈ മേഖലയില്‍ സമാന്തര വില്‍പനയും വര്‍ധിച്ചു. തേയില തോട്ടങ്ങളിലെ ചില കടകളില്‍ വന്‍തോതില്‍ വ്യാജമദ്യം വില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ മദ്യവില്‍പന ശാലകളില്‍ നിന്ന് വില കുറഞ്ഞ മദ്യം വാങ്ങി ഇതില്‍ കൃത്രിമം കാണിച്ച് അളവ് വര്‍ധിപ്പിച്ച് വില്‍ക്കുകയാണ്. മുമ്പ് അബ്കാരി കേസുകളില്‍ പിടിക്കപ്പെട്ടവരാണ് ഏറെയും മദ്യം വില്‍ക്കുന്നത്. ഏലപ്പാറ, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലെ മദ്യ വില്‍പനശാലകളില്‍ നിന്ന് മദ്യം വാങ്ങി പീരുമേട്, പാമ്പനാര്‍, കുട്ടിക്കാനം എന്നിവിടങ്ങളില്‍ വില്‍ക്കുന്ന ചിലരും ഇവിടെ നിന്ന് മദ്യം വാങ്ങി ഓട്ടോയില്‍ വെച്ച് വില്‍ക്കുന്ന ചില ഓട്ടോ ഡ്രൈവര്‍മാരും സാമൂഹിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഏലപ്പാറ, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് മദ്യം വാങ്ങി വില്‍പന നടത്തുന്ന 15 ല്‍പരം ഓട്ടോകളാണുള്ളത്. മദ്യവുമായി ഓട്ടോ പായുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു. ആവശ്യക്കാര്‍ ഓട്ടോ ഡ്രൈവര്‍മാരുടെ ഫോണില്‍ വിളിച്ചാല്‍ എത്തിച്ച് കൊടുക്കും. ഏലപ്പാറക്ക് സമീപം മേമല, വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷന്‍െറ മുമ്പില്‍ എന്നിവിടങ്ങളില്‍ വാഹന പരിശോധന നടത്തിയാല്‍ മദ്യം കടത്തുന്ന വാഹനങ്ങള്‍ കണ്ടത്തൊന്‍ സാധിക്കും. പള്ളിക്കുന്ന് സ്വദേശിയുടെ ബാറില്‍ സൂക്ഷിക്കുന്ന മദ്യവും പീരുമേട്, കുട്ടിക്കാനം, പള്ളിക്കുന്ന് എന്നിവിടങ്ങളില്‍ ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കുന്നു. പാമ്പനാര്‍ ടൗണ്‍, പീരുമേട് എന്നിവിടങ്ങളില്‍ മദ്യം യഥേഷ്ടം ലഭ്യമാണ്. ഇവിടങ്ങളിലെ മദ്യവില്‍പന ശാലകള്‍ അടച്ചുപൂട്ടിയെങ്കിലും സമാന്തര വില്‍പന വര്‍ധിച്ചതിനാല്‍ സ്ഥാപനങ്ങള്‍ പൂട്ടിയതിന്‍െറ പ്രയോജനം ലഭിക്കുന്നില്ല. പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, എക്സൈസ് അധികൃതര്‍ വാഹന പരിശോധന കര്‍ശനമാക്കിയാല്‍ ഓട്ടോയില്‍ മദ്യം കടത്തുന്നത് തടയാന്‍ സാധിക്കും. സര്‍ക്കാര്‍ മദ്യവില്‍പന ശാലകളില്‍ നിന്ന് മദ്യം വാങ്ങി കൂടിയ വിലക്ക് വില്‍ക്കുന്നത് വന്‍ ലാഭമാകുന്നതിനാല്‍ ചില ഓട്ടോ ഡ്രൈവര്‍മാര്‍ മദ്യവില്‍പന പതിവാക്കിയിരിക്കുന്നു. ഡ്രൈഡേയായ ഞായറാഴ്ചകളിലും മദ്യം യഥേഷ്ടം ലഭിക്കുന്നു. പരുന്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഞായറാഴ്ച മദ്യപിക്കാന്‍ എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചു. സമാന്തര മദ്യവില്‍പന വര്‍ധിച്ചത് ടൗണുകളില്‍ മദ്യപരുടെ എണ്ണം വര്‍ധിക്കാനും സാമൂഹിക പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.