മാലിന്യം ഉറവിടത്തില്‍തന്നെ സംസ്കരിക്കണം –ശില്‍പശാല

റാന്നി: മാലിന്യം ഉറവിടത്തില്‍തന്നെ സംസ്കരിക്കുകയെന്ന ബോധവത്കരണവുമായി പഴവങ്ങാടി ഗ്രാമപഞ്ചായത്ത്, ജനമൈത്രി പൊലീസ്, റാന്നി ഫാസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ മാലിന്യസംസ്കരണവും വികസനവും ശില്‍പശാല നടന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറിയാമ്മ ചെറിയാന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. റാന്നി - ഇട്ടിയപ്പാറയിലെ മാലിന്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വ്യാപാരസ്ഥാപനങ്ങളിലെയും മാര്‍ക്കറ്റിലെയും മാലിന്യങ്ങള്‍ ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യാന്‍ നടപടി ഉണ്ടാകണമെന്ന് ശില്‍പശാലയില്‍ ആവശ്യമുയര്‍ന്നു. വ്യാപാരസ്ഥാപനങ്ങളില്‍നിന്ന് പുറന്തള്ളുന്ന പ്ളാസ്റ്റിക് അടക്കമുള്ളവ സംസ്കരിച്ച് ഉപയോഗിക്കാനാകും. ഇത്തരം വസ്തുക്കളുടെ വിപണനവും പുനരുജ്ജീവനവും സംബന്ധിച്ച് ഈ മേഖലയില്‍ പണിയെടുക്കുന്നവരുടെ യോഗം വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്യണമെന്ന് ശുചിത്വമിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ പി.എന്‍.മധുസൂദനന്‍ നിര്‍ദേശിച്ചു. വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് ഇനംതിരിച്ച് മാലിന്യങ്ങള്‍ കൈമാറ്റം ചെയ്യണമെന്നും മണ്ണിര കംപോസ്റ്റ്, പൈപ്പ് കംപോസ്റ്റ് എന്നിവക്കുള്ള പദ്ധതികള്‍ പഞ്ചായത്ത് തയാറാക്കി ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം വാങ്ങിയശേഷം ശുചിത്വമിഷനു സമര്‍പ്പിച്ചാല്‍ പദ്ധതി നടപ്പാക്കുന്നതിന് പണം ലഭ്യമാക്കാമെന്നും ശില്‍പശാലയില്‍ നിര്‍ദേശമുണ്ടായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അജു വളഞ്ഞന്‍തുരുത്തില്‍ അധ്യക്ഷത വഹിച്ചു. ജെ.എച്ച്.ഐ വിനോദ് കുമാര്‍ വിഷയാവതരണം നടത്തി. പി.എന്‍. മധുസൂദനന്‍, ജെ.എച്ച്.ഐ റെജി ചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി. ബ്ളോക് പഞ്ചായത്തംഗം ഷൈനി രാജീവ്, എസ്.ഐ. ഗോപകുമാര്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ.വിപിന്‍ കെ.രവി, വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് പ്രസിഡന്‍റ് ജേക്കബ് കുരുവിള, ബാജി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. രേണുക വര്‍മ, സി.വി. മാത്യു, ഡോ.എം.കെ. സുരേഷ്, സോണി കുന്നിരിക്കല്‍, ജോണ്‍ എബ്രഹാം, അനിത അനില്‍കുമാര്‍, ആലിച്ചന്‍ ആറൊന്നില്‍, ഫാ.ഡോ.ബെന്‍സി മാത്യു, വി.കെ. രാജഗോപാല്‍, ശ്രീനി ശാസ്താംകോവില്‍, പി.ടി.മാത്യു, സജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.