കരുനാഗപ്പള്ളിയില്‍ പേപ്പട്ടി ആക്രമണം; നിരവധി പേര്‍ക്ക് കടിയേറ്റു

കരുനാഗപ്പള്ളി: നഗരത്തില്‍ നിരവധി പേരെ പേപ്പട്ടി കടിച്ചു. കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റേഷനില്‍നിന്നവരും റോഡിലൂടെ നടന്നുപോയവരുമായ നിരവധിപേര്‍ക്കാണ് കടിയേറ്റത്. കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റേഷനിലെ കണ്‍സെഷന്‍ വിതരണ കൗണ്ടറിന് സമീപം നിന്ന യുവതിയുടെ കൈവിരല്‍ നായ കടിച്ചെടുത്തു. അഞ്ചു വയസ്സുള്ള കുട്ടിയും വനിതാ പഞ്ചായത്ത് അംഗവുമടക്കം എട്ടു പേര്‍ക്ക് കടിയേറ്റു. നായയെ കണ്ട് ഓടിയ നിരവധിപേര്‍ക്ക് വീണ് പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റേഷനില്‍ മകള്‍ക്ക് കണ്‍സെഷന്‍ കാര്‍ഡ് വാങ്ങാന്‍ കൗണ്ടറില്‍നിന്ന ശൂരനാട് വടക്ക് മണ്‍പ്ളേത്ത് തെക്കതില്‍ വീട്ടില്‍ ബിന്ദുവിന്‍െറ (38) വലത്കൈയുടെ നടുവിരലാണ് പേപ്പട്ടി കടിച്ചെടുത്തത്. കൊറിയര്‍ സര്‍വീസ് ജീവനക്കാരന്‍ മരുതൂര്‍കുളങ്ങര തെക്ക് ഗോപാലകൃഷ്ണഭവനം ശ്യാംകുമാര്‍ (26), പടനായര്‍കുളങ്ങര തെക്ക് ബിസ്മില്ലാ മന്‍സിലില്‍ നാസറിന്‍െറ മകള്‍ അല്‍ഫി (അഞ്ച്്), പടനായര്‍കുളങ്ങര തെക്ക് പന്മനമഠത്തില്‍ പത്മ (50), തഴവാ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം തഴവാ കുതിരപന്തി കളത്തില്‍ വടക്കതില്‍ സുജ (37), പടനായര്‍കുളങ്ങര തെക്ക് അഞ്ജു മന്ദിരത്തില്‍ വിജയമ്മ (55), കൊച്ചുപേരാശേരില്‍ തെക്കതില്‍ റിനു (21), കോഴിക്കോട് പുത്തന്‍വീട്ടില്‍ പാപ്പച്ചന്‍ (56) എന്നിവര്‍ക്കാണ് കടിയേറ്റത്. പേപ്പട്ടി വരുന്നുണ്ടെന്ന വിവരമറിഞ്ഞ് റോഡിലൂടെ യാത്ര ചെയ്തവരും ബസ്സ്റ്റേഷനില്‍നിന്നവരും പരിഭ്രാന്തരായി ഓടി. അതേസമയം, ഓട്ടത്തിനിടെ വീണും പട്ടിയുടെ കടിയേറ്റവരുമായി നിരവധി പേരുണ്ടെന്ന് അറിയുന്നു.ശ്യാംകുമാര്‍, ബിന്ദു, അല്‍ഫി എന്നിവരുടെ പരിക്ക് ശരീരത്തിന്‍െറ ഇടഭാഗത്തിന് മുകളിലായതിനാല്‍ പേവിഷബാധവാക്സിന്‍ കുത്തിവെക്കാനും ചികിത്സക്കുമായി ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. എന്നാല്‍, നായ ഓടിമറഞ്ഞു. കരുനാഗപ്പള്ളി നഗരത്തില്‍ പൊലീസ്സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി സിവില്‍ സ്റ്റേഷന്‍ പരിസരത്തും നായകളുടെ ശല്യം വര്‍ധിക്കുന്നതിനാല്‍ നാട്ടുകാര്‍ ഭീതിയിലാണ്. തെരുവുനായ ശല്യത്തിന് പരിഹാരം കാണാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് നാട്ടുകാര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.