‘എന്‍െറ നഗരം സുന്ദര നഗരം’ സി.പി.എം ഹൈജാക് ചെയ്യുന്നെന്ന്; കൗണ്‍സില്‍ യോഗത്തില്‍ ബഹളം

തിരുവനന്തപുരം: നഗരശുചീകരണത്തിന് നഗരസഭ നടപ്പാക്കുന്ന ‘എന്‍െറ നഗരം സുന്ദര നഗരം’ പദ്ധതി രാഷ്ട്രീയവത്കരിച്ചതായി ആരോപിച്ച് കൗണ്‍സില്‍ യോഗത്തില്‍ ബഹളം. കേരളപ്പിറവി ദിനത്തില്‍ എട്ടുമണിക്ക് എരുമക്കുഴിയില്‍ പദ്ധതി ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചതായി യോഗത്തില്‍ മേയര്‍ പ്രഖ്യാപിച്ചു. എന്നാല്‍, പദ്ധതിയുടെ പ്രചാരണത്തിനായി കവടിയാര്‍ വാര്‍ഡില്‍ വിതരണം ചെയ്ത നോട്ടീസില്‍ അരിവാള്‍ ചുറ്റിക ചിഹ്നമുള്ളതായി ആരോപിച്ച് യു.ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തത്തെി. യു.ഡി.എഫ് കൗണ്‍സിലറായ തന്നെ അധിക്ഷേപിക്കാനാണ് ഇത്തരത്തിലൊരു നോട്ടീസ് തന്‍െറ വാര്‍ഡില്‍ വിതരണം ചെയ്തതെന്ന് കൗണ്‍സിലര്‍ എസ്. സതികുമാരി പറഞ്ഞു. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിക്ക് ഇത്തരത്തില്‍ ചിഹ്നം നല്‍കിയത് രാഷ്ട്രീയ താല്‍പര്യം മുന്നില്‍ കണ്ടാണെന്ന് യു.ഡി.എഫ് ആരോപിച്ചു. എന്നാല്‍, നഗരസഭയുടെ നോട്ടീസല്ല കവടിയാറിലെ സി.പി.ഐ ലോക്കല്‍ കമ്മിറ്റി തയാറാക്കിയ നോട്ടീസാണ് വിതരണം ചെയ്തതെന്ന് മേയര്‍ പറഞ്ഞു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏതു പാര്‍ട്ടിക്കും ഏറ്റെടുക്കാം, അതില്‍ പ്രതിഷേധിക്കേണ്ട കാര്യമില്ളെന്നും മേയര്‍ വ്യക്തമാക്കിയെങ്കിലും ബഹളം അവസാനിപ്പിക്കാന്‍ അംഗങ്ങള്‍ തയാറായില്ല. നഗരസഭ നടപ്പാക്കുന്നതിന് പുറമെ വി.ശിവന്‍കുട്ടി എം.എല്‍.എയുടെ നേതൃത്വത്തില്‍ ക്ളീന്‍ നേമം എന്ന പേരില്‍ മറ്റൊരു പദ്ധതി നടപ്പാക്കുന്നതിനെതിരെയും വിമര്‍ശം ഉയര്‍ന്നു. ഒടുവില്‍ ഇത്തരം തമ്മിലടികളുമായി മുന്നോട്ടു പോയാല്‍ പദ്ധതി വിജയിപ്പിക്കാന്‍ സാധിക്കില്ളെന്നും കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ഒന്നിച്ചുചേര്‍ന്ന് പദ്ധതി നടപ്പാക്കാന്‍ സഹകരിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ചര്‍ച്ച അനുവദിക്കാതെ ഒൗദ്യോഗിക കാര്യങ്ങളിലേക്ക് കടക്കുകയായിരുന്നു. ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ 23 പ്രമേയങ്ങള്‍ യോഗം പാസാക്കി. നവീകരണം പൂര്‍ത്തിയാക്കിയ തിയറ്ററുകളുടെ ടിക്കറ്റ് ചാര്‍ജ് 100 രൂപയായി ഉയര്‍ത്തി. കോര്‍പറേഷനോട് കൂട്ടിച്ചേര്‍ത്ത പഞ്ചായത്തുകളിലെ സാംസ്കാരിക നിലയങ്ങളിലെ ലൈബ്രേറിയന്‍, നഴ്സറി ആയമാര്‍ തുടങ്ങിയവരെ സ്ഥിരപ്പെടുത്തും. അങ്കണവാടികളില്‍ വൈദ്യുതി കണക്ഷന്‍ നല്‍കും. കുടിവെള്ള സൗകര്യമില്ലാത്തിടത്ത് കിണറോ പൈപ്പ് വെള്ളമോ അനുവദിക്കാനും തീരുമാനമായി. ചാലയിലെ കേന്ദ്രത്തില്‍ 25 ടണ്‍ മാലിന്യമെങ്കിലും സംസ്കരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ വൈദ്യുതി ബോര്‍ഡിനെതിരെയും വിമര്‍ശമുയര്‍ന്നു. പട്ടികജാതി കോളനികളില്‍ വൈദ്യുതി എത്തിക്കാന്‍ കോര്‍പറേഷന്‍ പണം നല്‍കിയെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇതിനെതിരെ കൗണ്‍സിലര്‍മാര്‍ പ്ളക്കാര്‍ഡുകളുമായി പ്രതിഷേധിച്ചു. പട്ടികജാതി മേഖലയോട് കോര്‍പറേഷന്‍ അവഗണന കാണിക്കുന്നതായി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. എസ്റ്റിമേറ്റും സോഷ്യല്‍ മാപ്പും നല്‍കിയിട്ടും നിര്‍മാണം നടന്നില്ളെന്നും ആരോപണമുയര്‍ന്നു. കരാര്‍ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും വൈദ്യുതി ബോര്‍ഡ് ഇക്കാര്യത്തില്‍ അനാസ്ഥ കാണിക്കുന്നെന്നായിരുന്നു മറുപടി. ഇക്കാര്യം പരിഹരിക്കാനായി ബോര്‍ഡിനെ സമീപിക്കാനും ധാരണയായി. പട്ടികജാതി കോളനികളിലേക്ക് വൈദ്യുതി എത്തിക്കാന്‍ കോര്‍പറേഷന്‍െറ കൈയില്‍ പണമുണ്ടെന്നും ആവശ്യപ്പെട്ടാല്‍ ഏതു കോളനിയും നടപ്പാക്കമെന്നും മറുപടി നല്‍കി. ഇതിന് പുറമെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് ആറുമാസംകൂടി കരാര്‍ നീട്ടി നല്‍കും. മാര്‍ച്ചിനുശേഷം സര്‍ക്കാര്‍ പദ്ധതികളുടെ സ്പില്‍ ഓവര്‍ തുക ചെലവഴിക്കാന്‍ അനുവദിക്കില്ല. ഇപ്പോള്‍ സ്പില്‍ ഓവറിന്‍െറ 20 ശതമാനം മാത്രമെ ചെലവഴിച്ചിട്ടുള്ളൂ. അത് പൂര്‍ണമായും ചെലവഴിക്കാന്‍ തീരുമാനിച്ചു. സ്റ്റാച്യു -ജനറല്‍ ആശുപത്രി റോഡിന്‍െറ പേര് കല്ലട വാസുദേവന്‍ നായര്‍ റോഡെന്ന് നാമകരണം ചെയ്യും. കേരളോത്സവം 2014ന് 1.20 ലക്ഷം രൂപ നല്‍കാനും യോഗത്തില്‍ തീരുമാനമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.