മൂന്നുകോടി വിലവരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി

കരുനാഗപ്പള്ളി: അന്താരാഷ്ട്ര വിപണിയില്‍ മൂന്നുകോടിയോളം രൂപ വിലവരുന്ന രണ്ടര കിലോഗ്രാം ഹാഷിഷ് ഓയില്‍ മയക്കുമരുന്നുമായി ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര വെള്ളറട കിളിയൂര്‍ കാരുണ്യാ ഭവനില്‍ വിശാഖ് എന്ന സുബിന്‍ (24) ആണ് ഹാഷിഷ് ഓയിലുമായി കരുനാഗപ്പള്ളി തേവര്‍കാവ് ക്ഷേത്രത്തിന് സമീപത്തുനിന്ന് പിടിയിലായത്. കരുനാഗപ്പള്ളി എ.സി.പി ദേവമനോഹറിന്‍െറ നേതൃത്വത്തില്‍ സി.ഐ വിദ്യാധരന്‍, എസ്.ഐ ജി. ഗോപകുമാര്‍ എന്നിവരടങ്ങിയ പൊലീസ് സംഘം ശനിയാഴ്ച രാവിലെ 11ഓടെയാണ് അറസ്റ്റ് ചെയ്തത്. അടുത്തകാലത്ത് സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. ഹാഷിഷ് ഓയില്‍ ആയുര്‍വേദ കുഴമ്പ് രൂപത്തില്‍ പ്ളാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞാണ് കൊണ്ടുവന്നത്. സംസ്ഥാനത്ത് ഈ ഓയിലിന് അഞ്ചു ലക്ഷം രൂപയാണ് വിലവരുന്നതെങ്കിലും അന്താരാഷ്ട്ര വിപണിയില്‍ മൂന്നുകോടി രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു. മാരകമായ ഈ ലഹരി മരുന്ന് ആന്ധ്രാപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തികളില്‍ വന്‍തോതില്‍ കച്ചവടം നടക്കുന്നുണ്ട്. അവരില്‍നിന്ന് വാങ്ങി കേരളത്തില്‍ മറിച്ചുവില്‍ക്കുകയാണ്. കൊച്ചി കേന്ദ്രീകരിച്ച് സംഘം അന്യസംസ്ഥാനങ്ങളില്‍നിന്ന് ബ്രൗണ്‍ഷുഗര്‍, ഹാഷിഷ് മരിജൂവാന എന്നീ ലഹരിമരുന്നുകള്‍ വാങ്ങി തെക്കന്‍ കേരളത്തില്‍ വില്‍പന നടത്തുന്നത് വ്യാപകമായിട്ടുണ്ട്. കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ വി. സുരേഷ്കുമാറിന് കിട്ടിയ രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി എ.സി.പിയുടെ നേതൃത്വത്തിലുള്ള ആന്‍റിതെഫ്റ്റ് സ്ക്വാഡാണ് ഇടപാടുകാരനെ കണ്ടത്തെിയത്. ആഡംബര കാറില്‍ പ്രത്യേക അറയുണ്ടാക്കിയായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. വിദേശ വിനോദസഞ്ചാരികള്‍ക്ക് കേരളത്തിലെ ടൂറിസ്റ്റ് സീസണിലും കോളജ് വിദ്യാര്‍ഥികള്‍ക്കും വില്‍പന ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്നും പൊലീസ് പറഞ്ഞു. പാറശാല, വെള്ളറട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി വധശ്രമക്കേസുകളില്‍ പ്രതിയായ ആളാണ് സുബിന്‍. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോള്‍ പരിചയപ്പെട്ട എറണാകുളം സ്വദേശികളില്‍ നിന്നായിരുന്നു മയക്കുമരുന്ന് ശേഖരിച്ചിരുന്നത്. ഡ്രൈവറായ ഇയാള്‍ നേരത്തേ കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്ന് സ്പിരിറ്റ് കടത്തിക്കൊണ്ടുവന്നിരുന്നു. ഗ്രേഡ് എസ്.ഐമാരായ ഉമയന്‍, രാധാകൃഷ്ണപിള്ള, സീനിയര്‍ സി.പി.ഒമാരായ പ്രസന്നകുമാര്‍, എം.എസ്. നാഥ്, നിക്സണ്‍, സി.പി.ഒമാരായ അനില്‍കുമാര്‍, സുമേഷ് എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.