ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്‍ ഓഫിസ് പ്രവര്‍ത്തനത്തെ ബാധിക്കുന്നു

കണ്ണൂര്‍: ജില്ലയിലെ ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിലും വര്‍ക്കിങ് അറേഞ്ച്മെന്‍റിലും മറ്റ് ജില്ലകളിലേക്ക് വിന്യസിക്കുന്നത് അവസാനിപ്പിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ പല ഓഫിസുകളുടെയും പ്രവര്‍ത്തനത്തെ ഇത്തരം നടപടി താളംതെറ്റിക്കുന്നതായി എം.എല്‍.എമാരായ ജെയിംസ് മാത്യൂ, അഡ്വ. സണ്ണി ജോസഫ് , ടി.വി. രാജേഷ് എന്നിവര്‍ ചൂണ്ടിക്കാട്ടി. ആരോഗ്യ വകുപ്പിലാണ് ഇത് ഏറ്റവുമധികം ബുദ്ധിമുട്ടുണ്ടാക്കുന്നതെന്നും എം.എല്‍.എമാര്‍ പറഞ്ഞു. പരിയാരം ആയുര്‍വേദ ആശുപത്രിയില്‍ അഞ്ച് ഡോക്ടര്‍മാര്‍ ദീര്‍ഘകാലമായി തിരുവനന്തപുരത്തും തൃപ്പൂണിത്തുറയിലുമായി ഡെപ്യൂട്ടേഷനിലാണെന്ന് ടി.വി. രാജേഷ് എം.എല്‍.എ പറഞ്ഞു. ഇതുകാരണം രോഗികളെ ചികിത്സിക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്. ഇക്കാര്യത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ സംബന്ധിച്ച് ഒരാഴ്ചക്കകം വകുപ്പ് മേധാവികള്‍ എ.ഡി.എമ്മിന് വിശദമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച വികസന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ നിര്‍ദേശം നല്‍കി. 18 വകുപ്പുകളില്‍ നിന്ന് ഇതിനകം റിപ്പോര്‍ട്ട് ലഭിച്ചതായും കലക്ടര്‍ അറിയിച്ചു. ജില്ലാ ആശുപത്രിയില്‍ ന്യൂറോളജി, യൂറോളജി ഒ.പി സംബന്ധിച്ചും ഡയാലിസിസ് സംവിധാനത്തിന്‍െറ തകരാര്‍, പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ആവശ്യമായ ഡോക്ടര്‍മാരുടെ അഭാവം എന്നിവ സംബന്ധിച്ചും നേരത്തെ വികസന സമിതിയിലുണ്ടായ ചര്‍ച്ചയുടെ പരിഹാര നടപടികളെക്കുറിച്ച് ഡി.എം.ഒയോട് ആരാഞ്ഞു. എന്നാല്‍, മൂന്നു ദിവസം സൂപ്പര്‍ സ്പെഷ്യാലിറ്റി, മൂന്ന് ദിവസം ഒ.പി എന്ന രീതിയില്‍ പ്രശ്നം ഡോക്ടര്‍മാരോട് ചര്‍ച്ച ചെയ്തെങ്കിലും അവര്‍ തയാറായില്ളെന്ന് ഡി.എം.ഒ പറഞ്ഞു. ഡയാലിസിസ് സംവിധാന തകരാര്‍ പരിഹരിക്കാന്‍ പി.ഡബ്ള്യു.ഡി ഇലക്ട്രോണിക്സ് വിഭാഗത്തിനോട് ആവശ്യപ്പെട്ടെങ്കിലും നടപ്പായില്ല .പയ്യന്നൂര്‍ ആശുപത്രിയില്‍ ഒരു അനസ്തെറ്റിസ്റ്റ്, ഒരു ഗൈനക്കോളജിസ്റ്റ് എന്നിവരെ നിയമിച്ചിട്ടുണ്ട്. ഒരു പീഡിയാട്രിഷ്യന്‍ നിയമനത്തിനും നടപടിയായിട്ടുണ്ട്. ആറളം പുനരധിവാസ മേഖല, കൊട്ടിയൂര്‍ ഭാഗങ്ങളിലെ കാട്ടാനശല്യം തടയാന്‍ ശാശ്വതമായ നടപടി വേണമെന്ന് അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ, കെ.കെ. നാരായണന്‍ എം.എല്‍.എ എന്നിവര്‍ ആവശ്യപ്പെട്ടു. ആറളത്ത് ആറ് കിലോ മീറ്റര്‍ ഭാഗത്ത് കൂടി മതില്‍ കെട്ടാന്‍ ബാക്കിയുണ്ടെന്ന് ഡി.എഫ്.ഒ അറിയിച്ചു. ഇവിടെ ട്രഞ്ച് നിര്‍മിക്കുകയോ കമ്പിവേലി കെട്ടുകയോ ചെയ്യാന്‍ എസ്റ്റിമേറ്റ് തയാറാക്കും. ആനക്കൂട്ടത്തെ ഫാമില്‍ നിന്ന് പുറത്തേക്ക് ഓടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബസ് പെര്‍മിറ്റ് അനുവദിച്ചിട്ടും സമയം ലഭിക്കാന്‍ വലിയ കാലതാമസം ഉണ്ടാകുന്നത് പരിഹരിക്കണമെന്ന് അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. പെര്‍മിറ്റ് അനുവദിക്കുമ്പോള്‍ താല്‍ക്കാലിക സമയം അനുവദിക്കുകയും പിന്നീട് കോണ്‍ഫറന്‍സില്‍ അത് അംഗീകരിക്കുകയും ചെയ്യുന്ന രീതി നടപ്പാക്കാമെന്ന് ആര്‍.ടി.ഒ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ച തുക വിതരണം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പഴയങ്ങാടി കെ.എസ്.ടി.പി റോഡ് ഉയര്‍ത്തിയതുകാരണം നാലു വീട്ടുകാര്‍ക്ക് വഴി തടസ്സപ്പെട്ട വിഷയത്തില്‍ അടിയന്തര പരിഹാരമുണ്ടാക്കണമെന്ന് ടി.വി. രാജേഷ് എം.എല്‍.എ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി. പൈതല്‍മലയിലെ ടൂറിസം റിസോര്‍ട്ട് വൈദ്യുതിയും വെള്ളവുമില്ലാതെ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ പരാതിപ്പെട്ടു. ഇക്കാര്യത്തില്‍ അടിയന്തര നടപടി കൈക്കൊള്ളാന്‍ ഡി.ടി.പി.സിക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി. എം.എല്‍.എമാരായ കെ.എം.ഷാജി, സി. കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി. കൃഷ്ണന്‍, സബ് കലക്ടര്‍ നവജ്യോത് ഖോസ, എ.ഡി.എം ഒ. മുഹമ്മദ് അസ്ലം തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.