എല്ലാവരും കോര്‍പറേഷനെതിരെ

തൃശൂര്‍: മരണമുനമ്പായി മാറിയ ശക്തന്‍ ബസ് സ്റ്റാന്‍ഡിലേക്ക് കോര്‍പറേഷന്‍ തിരിഞ്ഞുനോക്കുന്നില്ളെന്ന് ബസ് ഉടമകളുടെയും ജീവനക്കാരുടെയും യോഗം കുറ്റപ്പെടുത്തി. ഒരാള്‍ മരിച്ചിട്ടും രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടും കോര്‍പറേഷന്‍ തിരിഞ്ഞുനോക്കിയിട്ടില്ളെന്നായിരുന്നു പരാതി. കോര്‍പറേഷന്‍ ഇടപെട്ട് ഉടന്‍ നവീകരണം നടത്തണം. കോര്‍പറേഷന്‍ അധികൃതരുടെ അലംഭാവമാണ് അപകടം വിളിച്ചുവരുത്തുന്നത്. യോഗത്തില്‍ പങ്കെടുത്തവരുടെ വികാരം പൊലീസ് കമീഷണറെ അറിയിക്കുമെന്നും മേയറുമായി ചര്‍ച്ച നടത്തി പരിഹാരം കാണുമെന്നും അധ്യക്ഷത വഹിച്ച ഈസ്റ്റ് സി.ഐ കെ.എം. ബിജു പറഞ്ഞു. ബസ് പാര്‍ക്കിങ്ങിന് സ്ഥലം ഇല്ലാത്തത് പ്രധാന പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു. ഏറെ സ്ഥലം ഉണ്ടെങ്കിലും മാലിന്യം മൂലം ഉപയോഗിക്കാനാകുന്നില്ല. സ്റ്റാന്‍ഡിന്‍െറ അതിരുകള്‍ വൃത്തിയാക്കി പാര്‍ക്കിങ്ങിന് സൗകര്യം ഒരുക്കണം. ഇക്കാര്യങ്ങള്‍ കോര്‍പറേഷനുമായി ചര്‍ച്ച ചെയ്താണ് നടപ്പാക്കേണ്ടതെന്ന് സി.ഐ പറഞ്ഞു. വടക്കേച്ചിറ ഭാഗത്ത് ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലം മണ്ണിട്ട് നികത്തി ബസ് പാര്‍ക്കിങ്ങിന് ഉപയോഗിക്കുന്ന കാര്യം പരിഗണിക്കണം. ബസിന്‍െറ മുന്‍വശം യാത്രക്കാരുടെ ഷെല്‍ട്ടറിന് അഭിമുഖമായി നിര്‍ത്തണമെന്നും ട്രാക്ക് മാറ്റിയിടുന്ന സംവിധാനം അവസാനിപ്പിക്കണമെന്നും തീരുമാനമായി. ഒരേ റൂട്ടുകളിലോടുന്ന ബസുകള്‍ക്ക് അനുവദിച്ച ഒന്നില്‍ കൂടുതല്‍ ട്രാക്കുകളില്‍ ബസുകള്‍ പോകുന്ന മുറക്ക് മറ്റ് ട്രാക്കുകളില്‍ നിന്ന് ബസുകള്‍ മാറ്റിയിടുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കച്ചവടക്കാര്‍ ട്രാക്ക് കൈയേറുന്നത് പൂര്‍ണമായി ഒഴിപ്പിക്കും. സ്റ്റാന്‍ഡില്‍ ബസുകള്‍ പ്രവേശിക്കുന്നത് ഒറ്റവഴിയിലൂടെയാക്കി. നഗരത്തില്‍ ബസ് റൂട്ട് സംബന്ധിച്ചും തീരുമാനമുണ്ടായി. ശക്തന്‍ സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ഈസ്റ്റ് സി.ഐ കെ.എം. ബിജു ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ ബസ് ഉടമകളുടെയും ജീവനക്കാരുടെയും യോഗം വിളിച്ചത്. ട്രാഫിക് എസ്.ഐ എ.എം. അബ്ദുല്‍ സലീം, അഡീഷനല്‍ എസ്.ഐ കെ.എ. സുരേന്ദ്രന്‍ , ബസുടമകളുടെയും ജീവനക്കാരുടെയും സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.