ഗാനങ്ങളുടെ ദീപാവലിയായി ‘ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍’

കൊച്ചി: ദീപാവലി നാളില്‍ ഗാനങ്ങളുടെ ദീപാവലി തീര്‍ക്കുകയായിരുന്നു എറണാകുളം ജനറല്‍ ആശുപത്രി വളപ്പില്‍ യുവ സംഗീത ബാന്‍ഡായ ‘ടീന്‍ താള്‍’. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയിലാണ് സംഗീത സംവിധായകന്‍ ബേണിയുടെ നേതൃത്വത്തിലുള്ള സംഘം ആഘോഷത്തിന്‍െറയും ആശ്വാസത്തിന്‍െറയും ഉത്സവപ്പകല്‍ തീര്‍ത്തത്. സാധാരണ ബുധനാഴ്ചകളില്‍ നടത്തുന്ന ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയില്‍നിന്ന് അവതരണത്താലും പങ്കാളിത്തത്താലും വ്യത്യസ്തമായ ഒന്നായിരുന്നു ദീപാവലിനാളിലേത്. 10 നും 20 നും ഇടയില്‍ പ്രായമുള്ള 17 അംഗസംഘം. പതിവ് അവതരണ സ്ഥലത്തിന് സമീപത്തെ വിശാലമായ ഇടം. ജാസ് ഡ്രം, അഞ്ച് വയലിനുകള്‍, കീബോര്‍ഡ്, നാല് ടേബ്ള്‍ പ്ളേയര്‍മാരും ഒരു ഗിത്താറിസ്റ്റും. ഗായകര്‍ക്ക് പുറമേ പതിവിലുമേറെയുള്ള സംഗീതോപകരണങ്ങള്‍. എല്ലാത്തിലുമുപരി പതിവില്‍കൂടുതല്‍ ആസ്വാദകര്‍. ‘അമരം’ എന്ന സിനിമയില്‍നിന്നുള്ള പ്രാര്‍ഥനാ ഗാനത്തോടെ ആരംഭിച്ച് മലയാളം, ഹിന്ദി ഗാനങ്ങളിലൂടെ കടന്നുപോയ ഗായക സംഘം മൈക്കിള്‍ ജാക്സന്‍െറ ഹിറ്റ് ഗാനമായ ‘ഹീല്‍ ദി വേള്‍ഡ്’ വരെ ആലപിച്ചു. ബേണി-ഇഗ്നേഷ്യസ് ടീമിലെ ബേണി തന്‍െറ രണ്ടു മക്കളെകൂടി ഉള്‍പ്പെടുത്തിയാണ് ബാന്‍ഡ് നടത്തുന്നത്. നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ചവരും റിയാലിറ്റി ഷോകളില്‍ അവസാനഘട്ടം വരെയത്തെിയവരും ഉള്‍പ്പെടെ കഴിവുറ്റവരുടെ സംഘമാണ് ഈ ബാന്‍ഡെന്ന് ബേണി പറഞ്ഞു. ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിന് സംഭാവന കൈമാറിക്കൊണ്ടാണ് 13 ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളുമടങ്ങുന്ന സംഘം സംഗീതപരിപാടിയിലേക്ക് പ്രവേശിച്ചത്. റോ മേധാവിയും ഡി.ജി.പിയുമായിരുന്ന കൊച്ചി മുസ്രിസ് ബിനാലെ ട്രസ്റ്റി ഹോര്‍മിസ് തരകന്‍ ഉള്‍പ്പെടെയുള്ള ഗംഭീര സദസ്സാണ് പരിപാടി വീക്ഷിക്കാനുണ്ടായത്. മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയുടെയും ജില്ലാ ഭരണകൂടത്തിന്‍െറയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.