വൈദ്യുതി ബോര്‍ഡില്‍ സീനിയര്‍ അസിസ്റ്റന്‍റുമാരുടെ പ്രമോഷന്‍ അട്ടിമറിക്കുന്നുവെന്ന് ആക്ഷേപം

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡില്‍ 15 വര്‍ഷത്തിലേറെയായി ഒരേതസ്തികയില്‍ ജോലിചെയ്തുവരുന്ന ഒരുവിഭാഗം സീനിയര്‍ അസിസ്റ്റന്‍റുമാരുടെ പ്രമോഷന്‍ അട്ടിമറിക്കുന്നുവെന്ന് ആക്ഷേപം. 1999ല്‍ കാഷ്യര്‍ തസ്തികയില്‍നിന്ന് സീനിയര്‍ അസിസ്റ്റന്‍റുമാരായി പ്രമോഷന്‍ കിട്ടിയ 200ലേറെ പേര്‍ ഇപ്പോഴും സീനിയര്‍ അസിസ്റ്റന്‍റുമാരായി തുടരുകയാണ്. വൈദ്യുതി ബോര്‍ഡില്‍ മറ്റ് തസ്തികകളില്‍ 15 വര്‍ഷത്തിനിടയില്‍ ശരാശരി മൂന്ന് പ്രമോഷന്‍ ലഭിക്കുമെന്നിരിക്കെയാണിത്. നിലവില്‍ ബോര്‍ഡില്‍ 170ല്‍പരം സീനിയര്‍ സൂപ്രണ്ടുമാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണ് ഇവരുടെ പ്രമോഷന്‍ ബോര്‍ഡ് തടഞ്ഞത്. ഇക്കാര്യത്തില്‍ യൂനിയനുകള്‍ മൗനംപാലിക്കുമ്പോള്‍ ജീവനക്കാര്‍ കടുത്തഅമര്‍ഷത്തിലാണ്. നിലവിലുള്ളതും പുതുതായി ആരംഭിച്ചതുമായ സെക്ഷന്‍ ഓഫിസുകളിലായി മാത്രമാണ് 170ലേറെ സീനിയര്‍ സൂപ്രണ്ടുമാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത്. സെക്ഷന്‍ ഓഫിസുകളില്‍ റവന്യൂ വിഭാഗത്തിന്‍െറ തലവന്‍ സീനിയര്‍ സൂപ്രണ്ടാണ്. മീറ്റര്‍ റീഡിങ്, ബില്ലിങ്, കലക്ഷന്‍, വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കല്‍ തുടങ്ങിയവ സീനിയര്‍ സൂപ്രണ്ടിന്‍െറ മേല്‍നോട്ടത്തിലാണ് നടക്കേണ്ടത്. സെക്ഷന്‍ ഓഫിസിലെ വിവരാവകാശ ഓഫിസറും ഇദ്ദേഹമാണ്. പ്രമോഷന്‍ നല്‍കുന്നില്ളെങ്കിലും ഇവര്‍ക്ക് സീനിയര്‍ സൂപ്രണ്ടിന്‍െറ ഗ്രേഡ് നല്‍കി ബോര്‍ഡ് ശമ്പളം നല്‍കിക്കൊണ്ടിരിക്കുന്നു. 15 വര്‍ഷത്തിലധികമായി ഒരേതസ്തികയില്‍ ജോലിചെയ്യുമ്പോഴുള്ള മാനസികവിരക്തി ഒഴിവാക്കാനും ജീവനക്കാരുടെ കര്‍മശേഷി കൂടുതല്‍ ഉത്തരവാദപ്പെട്ട തസ്തികയില്‍ ഉപയോഗപ്പെടുത്താനും ശ്രമിക്കണമെന്ന നിര്‍ദേശമുയര്‍ന്നിരുന്നു. ഇതിനെതുടര്‍ന്ന് പ്രമോഷനില്ലാതെ ഒരേതസ്തികകളില്‍ തുടരുന്ന ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനെകുറിച്ച് പഠിക്കാന്‍ ബോര്‍ഡ് കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റി റിപ്പോര്‍ട്ട് കിട്ടി മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.