എടക്കാട് ആശുപത്രി സമരം അക്രമാസക്തമായി

കോഴിക്കോട്: എടക്കാട്ട് നിര്‍മാണത്തിലിരിക്കുന്ന സ്വകാര്യ ആശുപത്രിക്കെതിരെ നടന്ന മാര്‍ച്ച് അക്രമാസക്തമായി. തിങ്കളാഴ്ച രാവിലെ ഈസ്റ്റ്ഹില്ലില്‍ നിന്നാരംഭിച്ച മാര്‍ച്ച് പുത്തൂര്‍വയലില്‍ പൊലീസ് തടയുകയായിരുന്നു. എന്നാല്‍, ഇതിനിടെ പിറകുവശത്തുകൂടിയത്തെിയ സംഘം ചുറ്റുമതില്‍ തകര്‍ത്ത് അക്രമം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒന്നരമീറ്റര്‍ ഉയരത്തിലുള്ള ചുറ്റുമതില്‍ ആറ് മീറ്ററോളം നീളത്തിലാണ് തകര്‍ത്തത്. രണ്ട് മൊബൈല്‍ ക്രെയിന്‍, ഒരു ബോബ് കാറ്റ്, പ്രൊക്ളയ്നര്‍, രണ്ട് ജനറേറ്റര്‍ തുടങ്ങിയ യന്ത്ര ഭാഗങ്ങളും നശിപ്പിച്ചു. പ്രധാന ഗേറ്റിന് മുന്നില്‍ പൊതുയോഗം നടക്കുമ്പോഴായിരുന്നു അക്രമം. 128 ദിവസമായി തുടരുന്ന സമരത്തെ നേരിടാന്‍ പ്രധാന ഗേറ്റിന് സമീപം പൊലീസ് സംഘത്തിന്‍െറ സാന്നിധ്യമുണ്ട്. ഇവിടെ കാമറ സംവിധാനവുമുണ്ട്. എന്നാല്‍, പൊലീസിന്‍െറ ശ്രദ്ധയും യന്ത്ര നിരീക്ഷണവുമില്ലാത്ത ഭാഗത്തുകൂടി അകത്തു കയറിയ സംഘം യന്ത്രങ്ങള്‍ക്ക് നേരെ കല്ളെറിയുകയായിരുന്നു. പേടിച്ചോടിയ അന്യസംസ്ഥാന തൊഴിലാളികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുമ്പോഴേക്കും സംഘം തിരിഞ്ഞോടുകയായിരുന്നു. സംഭവം സംബന്ധിച്ച് സൈറ്റ് എന്‍ജിനീയര്‍ എം. വിനോദ് സിറ്റി പൊലീസ് കമീഷണര്‍, നടക്കാവ് സി.ഐ, എലത്തൂര്‍ എസ്.ഐ എന്നിവര്‍ക്കും പരാതി നല്‍കി. എന്നാല്‍, അക്രമവുമായി സമരസമിതിക്ക് ബന്ധമില്ളെന്ന് ചെയര്‍മാന്‍ എം.സി. സുദേഷ്കുമാര്‍ പറഞ്ഞു. സമാധാനപരമായി തുടരുന്ന സമരം തകര്‍ക്കാന്‍ ബോധപൂര്‍വം ചെയ്ത പ്രവൃത്തിയാണിത്. പൊലീസ് കാവലുണ്ടായിട്ടും അക്രമികളെ പിടികൂടാന്‍ കഴിയാതിരുന്നതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് ബി.ജെ.പി മുന്‍ ദേശീയസെക്രട്ടറി പി.കെ. കൃഷ്ദാസ് ഉദ്ഘാടനം ചെയ്തു. എം.സി. സുദേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.ടി. രമേശ്, പി. രഘുനാഥ്, കെ.പി. രാധാകൃഷ്ണന്‍, ഇ.എസ്.ബിജു, പി. ജിജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എ. പുഷ്പലത സ്വാഗതവും പി. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.