ഗ്യാസ് പൈപ്പ് ലൈന്‍: ജനവാസ മേഖല ഒഴിവാക്കണം -വിക്ടിംസ് ഫോറം

കണ്ണൂര്‍: നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം-ബംഗളൂരു എല്‍.എന്‍.ജി, ഹൈപ്രഷര്‍, ട്രാന്‍സ്മിഷന്‍ പൈപ്പ് ലൈന്‍ ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കി വേണം സ്ഥാപിക്കാനെന്ന് ഗ്യാസ് പൈപ്പ് ലൈന്‍ വിക്ടിംസ് ഫോറം ജില്ലാ ചെയര്‍മാന്‍ എ. ഗോപാലന്‍, കണ്‍വീനര്‍ യു.കെ. സെയ്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അതീവ ജനവാസ മേഖലയില്‍ കൂടി പൈപ്പ് ലൈന്‍ വലിക്കാനുള്ള ശ്രമം കോര്‍പറേറ്റുകളുടെ ഒത്താശയോടെ തുടരുന്നതായും ഇരുവരും കുറ്റപ്പെടുത്തി. സാധാരണ ജനങ്ങള്‍ക്ക് പിന്തുണയും ആശ്രയവും നല്‍കേണ്ട മുഖ്യധാരാ പാര്‍ട്ടികള്‍ വികസനത്തിന്‍െറ പേരു പറഞ്ഞ് പദ്ധതിക്ക് പിന്തുണ നല്‍കുകയാണ്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതിയാണെങ്കില്‍ ജനസുരക്ഷിതത്വം ഉറപ്പുവരുത്തി മാത്രമേ നടപ്പാക്കാന്‍ പാടുള്ളൂ. ഇതിനെതിരെ ശബ്ദിക്കുന്നവരെ വികസന വിരോധികളെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്. പൈപ്പ് ലൈന്‍ നിര്‍മാണം, കൊണ്ടുവരല്‍, ഇറക്കല്‍, സൂക്ഷിക്കല്‍, സ്ഥാപിക്കല്‍ എന്നിവയിലൊന്നും അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡം പാലിക്കുന്നില്ളെന്നും നേതാക്കള്‍ ആരോപിച്ചു. രാമര്‍കുട്ടി, പ്രേമന്‍ പാതിരിയാട്, വി. പ്രകാശന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.