സിന്തറ്റിക് ട്രാക് നിര്‍മാണം അനിശ്ചിതത്വത്തില്‍

തലശ്ശേരി: ബ്രണ്ണന്‍ കോളജില്‍ സിന്തറ്റിക് ട്രാക് നിര്‍മിക്കാനുള്ള നടപടികള്‍ സാങ്കേതികത്വത്തില്‍ കുടുങ്ങി നീളുന്നു. ആഗസ്റ്റ് 23ന് ശിലാസ്ഥാപനം തീരുമാനിച്ചിരുന്നെങ്കിലും, സായിയുടെ റീജനല്‍ ഡയറക്ടറും കേളത്തിലെ കൊളീജിയറ്റ് എജുക്കേഷന്‍ ഡയറക്ടറും തമ്മില്‍ ധാരണാപത്രം ഒപ്പുവെക്കാത്തതിനാല്‍ നടന്നില്ല. വടക്കെ മലബാറിന്‍െറ കായികരംഗത്തെ പ്രതീക്ഷയാണ് ധര്‍മടം ഗവ. ബ്രണ്ണന്‍ കോളജിലെ നിര്‍ദിഷ്ട സിന്തറ്റിക് ട്രാക്. 30 വര്‍ഷത്തേക്കുള്ള ലീസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഉന്നതതല ചര്‍ച്ചകള്‍ നടക്കുകയും തത്ത്വത്തില്‍ തീരുമാനമാവുകയും ചെയ്തിരുന്നു. പിന്നീട് കോളജിന്‍െറ പേര് നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചില നിര്‍ദേശങ്ങള്‍ സായിക്ക് മുന്നിലത്തെുകയായിരുന്നു. ഇവ ഉള്‍പ്പെടുത്തി ആഴ്ചകള്‍ക്ക് മുമ്പ് സായ്, ഡല്‍ഹിയിലെ കേന്ദ്രത്തിലേക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നാണ് വിവരം. ഇത് അംഗീകരിച്ചുകിട്ടിയാല്‍ ധാരണാപത്രം ഒപ്പുവെക്കാം. എന്നാല്‍, വൈകുന്നതിനനുസരിച്ച് സിന്തറ്റിക് ട്രാക് തന്നെ നഷ്ടപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഉന്നത കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഗവ. ബ്രണ്ണന്‍ കോളജില്‍ തന്നെ സ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ക്ക് വേഗംകൂട്ടണമെന്നാണ് കായികപ്രേമികളുടെ ആവശ്യം. മലബാറില്‍ തന്നെ ആദ്യത്തെ സിന്തറ്റിക് ട്രാക്കാണ് വരാനിരിക്കുന്നത്. ബ്രണ്ണന്‍ കോളജിന്‍െറ അധീനതയിലുള്ള ഏഴര ഏക്കര്‍ സ്ഥലത്താണ് സ്റ്റേഡിയം നിര്‍മിക്കുക. 2012 ഫെബ്രുവരി 26നാണ് കോളജില്‍നിന്ന് സ്റ്റേഡിയം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സായിക്ക് കത്തെഴുതിയത്. തുടര്‍ന്ന് സായ് താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. എട്ടുകോടി രൂപ ചെലവില്‍ സിന്തറ്റിക് ട്രാക്കും ഫുട്ബാള്‍ ഗ്രൗണ്ടും ഉള്‍പ്പെടെ നിര്‍മിക്കാനാണ് പദ്ധതി. കേരളത്തില്‍ എറണാകുളം മഹാരാജാസ് കോളജില്‍ മാത്രമാണ് സിന്തറ്റിക് ട്രാക്കുള്ളത്. സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ അധീനതയിലാണ് മഹാരാജാസിലെ സ്റ്റേഡിയം. സായ് ആദ്യമായാണ് ഒരു സര്‍ക്കാര്‍ കോളജുമായി സിന്തറ്റിക് ട്രാക് നിര്‍മാണത്തിന് കരാറിലത്തെുന്നത്. ഒന്നര വര്‍ഷം മുമ്പ് കോളജിലെ കായിക വിഭാഗം സമര്‍പ്പിച്ച രൂപരേഖയും സ്ഥലവും ബോധിച്ച സായ് അനുകൂല തീരുമാനമെടുക്കുകയായിരുന്നു. തുടര്‍ന്ന് ജൂലൈ 20ന് തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ബ്രണ്ണനില്‍ തന്നെ സിന്തറ്റിക് ട്രാക് സ്ഥാപിക്കാന്‍ തീരുമാനമായത്. ഒപ്പുവെക്കല്‍ നീളുന്നത് തലശ്ശേരിയില്‍നിന്ന് സിന്തറ്റിക് ട്രാക് അടര്‍ത്തി മാറ്റുമെന്നാണ് കായിക പ്രേമികളുടെ ഭയം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.