പൊരുതാനുറച്ച് ചാത്തല്ലൂര്‍

മഞ്ചേരി: ‘എടവണ്ണയിലെയും അരീക്കോട്ടെയും പൊലീസുകാര്‍ ശമ്പളം പറ്റുന്നത് എവിടെനിന്നാണെന്ന് അറിയണം, അല്ളെങ്കില്‍ ആര്‍ക്കുവേണ്ടിയാണ് പൊലീസ് ജോലി ചെയ്യുന്നതെന്ന് അന്വേഷിക്കണം. ഞങ്ങള്‍ മരിച്ചുവീണാലും പ്രശ്നമില്ല, എടവണ്ണ ചാത്തല്ലൂരിലെ നൂറേക്കര്‍ ഭൂമിയില്‍ കരിങ്കല്‍ ക്വാറിയും ടാര്‍ മിക്സിങ് യൂനിറ്റും നടത്തിക്കൊണ്ടുപോകാമെന്ന് ആരും വിചാരിക്കേണ്ട’. എടവണ്ണ ചാത്തല്ലൂരിലെ വീട്ടമ്മമാരുടെ വികാരമാണിത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഇവിടത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ഉള്ളില്‍ പൊലീസ് ഭീതിപ്പെടുത്തുന്ന ഓര്‍മകളാണെന്ന് സമരസമിതി പ്രവര്‍ത്തകരായ വീട്ടമ്മമാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിശദീകരിക്കുന്നു. വന്‍തോതില്‍ പാരിസ്ഥിതിക പ്രശ്നങ്ങളും ദുരിതങ്ങളും വിതക്കുന്ന മൂന്ന് കരിങ്കല്‍ ക്വാറികള്‍ ഇവിടെയുണ്ട്. ഇതുകൂടാതെയാണ് പ്രദേശത്തുകാരുടെ മുഴുവന്‍ എതിര്‍പ്പും അവഗണിച്ച് പുതിയ ക്രഷര്‍ യൂനിറ്റും ടാര്‍മിക്സിങ് യൂനിറ്റും തുടങ്ങിയത്. ഇതിനെതിരെ മന്ത്രിമാര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. കലക്ടറെയും ജില്ലാ പൊലീസ് മേധാവിയെയും കണ്ടു. പിന്നീട് പ്രദേശത്തുകാര്‍ ജനകീയ സമിതിയുടെ പേരില്‍ സംഘടിച്ച് മാര്‍ച്ചും ധര്‍ണയും നടത്തി. ഏറ്റവും ഒടുവില്‍ ക്രഷര്‍ യൂനിറ്റിലേക്ക് സാധനങ്ങള്‍ കൊണ്ടുവന്ന വാഹനങ്ങള്‍ തിങ്കളാഴ്ച പ്രദേശത്തെ യുവാക്കളും നാട്ടുകാരും സംഘടിതമായി തടഞ്ഞു. എന്നാല്‍, സമരത്തില്‍ പങ്കെടുത്ത സ്ത്രീകളെയടക്കം അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി. ഈ സമയം വാഹനങ്ങള്‍ ക്രഷര്‍ യൂനിറ്റിലേക്ക് കടത്തിവിട്ടു. അമ്മമാരെ കൊണ്ടുപോകുന്നത് കണ്ട് വാവിട്ട് കരഞ്ഞ കുട്ടികളെ വിരട്ടി നിര്‍ത്തി. കുട്ടികളുടെയെല്ലാം ഫോട്ടോയും എടുത്തു. സ്റ്റേഷനില്‍നിന്ന് രാത്രി എട്ടരയോടെയാണ് സ്ത്രീകളടക്കം തിരിച്ച് വീട്ടിലത്തെിയത്. കൂടാതെ വീടുകളില്‍ കയറി പലതരത്തില്‍ അക്രമം അഴിച്ചുവിട്ടിട്ടുമുണ്ട്. തിങ്കളാഴ്ച ക്രഷര്‍ യൂനിറ്റിന്‍െറ കൂറ്റന്‍ മതില്‍ മുഖംമൂടി ധരിച്ച ഏതാനും പേര്‍ പൊളിച്ചിരുന്നു. ക്രഷര്‍ യൂനിറ്റിനകത്ത് തീയിടുകയും ചെയ്തു. ഇത് സമരസമിതി പ്രവര്‍ത്തകരുടെ പേരില്‍ കെട്ടിവെക്കാനാണ് ശ്രമം. ഇതുമായി ബന്ധപ്പെട്ട് സമരസമിതിയുമായി ബന്ധമില്ലാത്ത അഞ്ചുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതില്‍ നാലുപേരെ വിട്ടയച്ചിട്ടുണ്ട്. വീടുകളിലെ പുരുഷന്മാര്‍ ബന്ധുവീടുകളിലും ദൂര സ്ഥലങ്ങളിലുമാണ് കഴിയുന്നത്. കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് പുറത്തിറങ്ങാന്‍ പറ്റാതാക്കുമെന്ന് പലരെയും ഭീഷണിപ്പെടുത്തി. ആരുമില്ലാത്ത നേരത്ത് പൊലീസുകാര്‍ കയറി നാശനഷ്ടം വരുത്തിയെന്നാണ് 60 കഴിഞ്ഞ ഇട്ടിച്ചീരി പറയുന്നത്. മൂര്‍ക്കന്‍ സുനീര്‍, മൂര്‍ക്കന്‍ ബഷീര്‍, കെ.ടി. ജമീല, പി.സി. മുഹമ്മദ്, എടപ്പരുത്തി വാസു, മൂര്‍ക്കന്‍ സിദ്ദിഖ്, പുതുങ്കര വീരാന്‍, പുതുങ്കര ഇല്യാസ്, അഫ്സല്‍, പി.കെ. റസാഖ്, പി.കെ. കബീര്‍ തുടങ്ങി പ്രദേശത്തെ മിക്കവരുടെയും വീടുകളില്‍ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് വീട്ടമ്മമാരായ സല്‍മാബിയും സാജിതയും ഇട്ടിച്ചീരിയും ബിന്‍സാര്‍ ബീഗവും പറയുന്നു. സ്കൂളില്‍ വന്ന് പിടിച്ചുകൊണ്ടുപോകുമോ എന്ന് പേടിച്ച് കുട്ടികള്‍ വീട്ടിലിരിക്കുകയാണ് ചെയ്തതെന്നും ഇവര്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്‍െറയും പൊലീസിന്‍െറയും നടപടിയാണ് തങ്ങളെ സമരത്തിനിറക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. നേരത്തേ വാഹനങ്ങള്‍ തടഞ്ഞ ഘട്ടത്തില്‍ പ്രദേശത്തുകാരുടെ പങ്കാളിത്തത്തില്‍ ചര്‍ച്ച നടത്തി തീരുമാനമാവുന്നതുവരെ ഇവ കടത്തിവിടില്ളെന്നായിരുന്നു പൊലീസ് നല്‍കിയ ഉറപ്പ്. എന്നാല്‍, പൊലീസുകാരുടെ ഇടപെടല്‍ ക്രഷര്‍, ക്വാറി ഉടമകള്‍ക്ക് വേണ്ടിയാണ്. ജനകീയ സമരത്തിലിറങ്ങുന്നവരെ കള്ളക്കേസില്‍ കുടുക്കി പിന്തിരിപ്പിക്കാനാണ് ചാത്തല്ലൂരില്‍ ശ്രമിക്കുന്നതെന്നും സമരത്തില്‍നിന്ന് പിന്മാറില്ളെന്നും ഇവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.