വ്യാജ വാറ്റിനെതിരെ പ്രതികരിച്ച ആദിവാസി യുവതിക്ക് മര്‍ദനം

തിരുനെല്ലി: വ്യാജ ചാരായം വാറ്റി വില്‍ക്കുന്നതിനെതിരെ പ്രതികരിച്ച സ്ത്രീയെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. നിരവില്‍പുഴ പാതിരിമന്ദം നറുമുക്ക് കോളനിയിലെ രാധക്കാണ് (36) മര്‍ദനമേറ്റത്. പാതിരിമന്ദത്തും നറുമുക്ക് കോളനി ഭാഗങ്ങളിലും ചാരായം വാറ്റി വില്‍ക്കുന്നത് നിത്യസംഭവമാണ്. ഇതിനെതിരെയാണ് രാധ ഒറ്റക്ക് പ്രതികരിച്ചതും പൊലീസില്‍ പരാതി നല്‍കിയതും. ഇതിന്‍െറ വൈരാഗ്യത്തില്‍ കഴിഞ്ഞദിവസം കൃഷിയിടത്തില്‍നിന്ന് മടങ്ങുമ്പോള്‍ സന്ധ്യാസമയത്ത് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവത്രെ. വടികൊണ്ട് പുറത്ത് അടിക്കുകയും അടിവയറില്‍ ചവിട്ടുകയും ചെയ്തതായി മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രാധ പറഞ്ഞു. ചാരായ ലോബിക്കെതിരെ പരാതി നല്‍കിയതും വാഷും വാറ്റുപകരങ്ങളും കാണിച്ചുകൊടുത്തതുമാണ് തന്നെ മര്‍ദിക്കാന്‍ കാരണം. അന്വേഷണത്തില്‍ പൊലീസ് അലംഭാവം കാണിക്കുന്നുണ്ട്. ഇതുചൂണ്ടിക്കാട്ടി മാനന്തവാടി എസ്.എം.എസ് ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയതായും രാധ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.