ചിന്മയ സ്കൂളിലെ സമരം ശക്തമാകുന്നു; അധ്യാപകര്‍ പണിമുടക്കി

കോഴിക്കോട്: തുച്ഛമായ വേതനത്തിന് ജോലിചെയ്യാന്‍ കഴിയില്ളെന്ന് പ്രഖ്യാപിച്ച് തൊണ്ടയാട് ചിന്മയ വിദ്യാലയത്തിലെ അധ്യാപകര്‍ വെള്ളിയാഴ്ച പണിമുടക്കി. 41 അധ്യാപകര്‍ കൂട്ടത്തോടെ ജോലിയില്‍നിന്ന് വിട്ടുനിന്നതോടെ സ്കൂള്‍ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ക്ളാസുകള്‍ പ്രവര്‍ത്തനം തടസ്സപ്പെടുത്താതെ വൈകുന്നേരങ്ങളില്‍ നടത്തിവന്ന സമരത്തിന്‍െറ തുടര്‍ച്ചയായാണ് അധ്യാപകര്‍ പണിമുടക്കിയത്. സ്കൂള്‍ വരാന്തയില്‍ വൈകുന്നേരങ്ങളില്‍ നടത്തിയിരുന്ന സമരം ബുധനാഴ്ച തൊണ്ടയാട് അങ്ങാടിയിലേക്ക് മാറ്റിയിരുന്നു. എന്നിട്ടും പ്രശ്നത്തിന് പരിഹാരമാവാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം പണിമുടക്കിലേക്ക് നീങ്ങിയത്. 30 വര്‍ഷം വരെ സര്‍വീസുള്ളവര്‍ക്കു പോലും തുച്ഛമായ വേതനമാണ് ലഭിക്കുന്നതെന്ന് അധ്യാപകര്‍ പറഞ്ഞു. അധ്യാപകരുടെ വേതനം വര്‍ധിപ്പിക്കാനെന്ന് പറഞ്ഞ് വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധിപ്പിച്ചിട്ടും അധ്യാപകര്‍ക്ക് വേതന വര്‍ധന നടപ്പാക്കാതെ മാനേജ്മെന്‍റ് കാലങ്ങളായി വഞ്ചിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. പണിമുടക്കിയ അധ്യാപകര്‍ സ്കൂള്‍ പ്രവേശ കവാടത്തില്‍ ധര്‍ണയും നടത്തി. എ. പ്രദീപ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചിന്മയാനന്ദ ദര്‍ശനവുമായി പുലബന്ധം പോലുമില്ലാത്തവര്‍ മാനേജ്മെന്‍റായി മാറിയതാണ് സ്കൂളിലെ ഇന്നത്തെ അവസ്ഥക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്ക് 58,000 രൂപ നിരക്കിലാണ് സ്കൂള്‍ ഹാള്‍ വാടകക്ക് നല്‍കുന്നത്. പ്രതിവര്‍ഷം അമ്പതു തവണയെങ്കിലും സ്കൂള്‍ ഹാള്‍ വാടകക്ക് കൊടുക്കുന്നുണ്ട്. കല്യാണത്തിന് വരുന്ന വാഹനങ്ങളുടെ പാര്‍ക്കിങ്ങിനായി സ്കൂള്‍ ഗ്രൗണ്ട് മാറ്റുകയാണ്. ഇങ്ങനെ കച്ചവടം മാത്രമാണ് മാനേജ്മെന്‍റിന്‍െറ ലക്ഷ്യം. വിദ്യാര്‍ഥികളില്‍നിന്ന് വന്‍ തുക ഫീസ് വാങ്ങി അധ്യാപകരെ പട്ടിണിയിടുന്ന സ്ഥിതി മാറ്റിയില്ളെങ്കില്‍ കോഴിക്കോട്ടുകാര്‍ സമരം ഏറ്റെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. കവി പി.കെ. ഗോപി, കെ. അജിത, കാലിക്കറ്റ് സര്‍വകലാശാലാ മുന്‍ സിന്‍ഡിക്കേറ്റംഗം അഡ്വ. ജി.സി. പ്രശാന്ത് കുമാര്‍, കെ.എസ്.ടി.എ ഹയര്‍സെക്കന്‍ഡറി സെല്‍ കണ്‍വീനര്‍ ഇ.എം. രാധാകൃഷ്ണന്‍, ജി.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പറമ്പാട്ട് സുധാകരന്‍, എന്‍.ടി.യു നേതാവ് കെ. സുദേവന്‍, സി. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.