കണ്ണ് നട്ട് കാത്തിരുന്നാലും കിട്ടില്ല കുറിപ്പടിയിലെ മരുന്ന്

മുളങ്കുന്നത്തുകാവ്: ഏറെനേരത്തെ കാത്തിരിപ്പിനൊടുവിലാണ് ഡോക്ടറെയൊന്ന് കാണാന്‍ തരപ്പെടുക. അതുകഴിഞ്ഞാല്‍ പിന്നൊരു പെരുംവരിയുടെ പിന്നില്‍ അണിനിരക്കണം. കുറിപ്പടിപ്രകാരമുള്ള മരുന്ന് ആശുപത്രി ഫാര്‍മസിയിലുണ്ടോ എന്നറിയാനാണിത്. ഉണ്ടെന്നറിഞ്ഞാല്‍ മറ്റൊരു വരിയില്‍ അണിചേരാം. അത് മരുന്ന് വാങ്ങാനുള്ളതാണ്. ഇങ്ങനെ വരിനിന്ന് നിന്ന് കാല് കഴച്ച് രോഗികളും കൂട്ടിരിപ്പുകാരും വലയുകയാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫാര്‍മസിയില്‍നിന്നാണ് ഈ പെരുംവരിപ്പുരാണം. മരുന്ന് കിട്ടണമെങ്കില്‍ യോഗംകൂടി ഒക്കണമെന്നാണ് വരി നിന്ന ഒരാളുടെ കമന്‍റ്. ‘ഇതില്ല’. ‘രണ്ടെണ്ണമുണ്ട്’. ‘ഒന്നൊഴികെ ബാക്കിയെല്ലാം പുറത്തുനിന്ന് വാങ്ങണം’... മറുപടി ഒന്നുപോലും രോഗിയെയോ കൂട്ടിരിപ്പുകാരെയോ തൃപ്തിപ്പെടുത്തില്ല. തൃപ്തിയോടെ മരുന്നുവാങ്ങി പോകുന്ന ഒരാളെ കാണാന്‍ ഇവിടെനിന്നാല്‍ ആകില്ളെന്ന് അല്‍പനേരംകൊണ്ട് ബോധ്യമാകും. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ആശുപത്രി ഫാര്‍മസി രോഗികള്‍ക്ക് സമ്മാനിക്കുന്നത് ദുരിതമാണ്. വലിയ വില വരുന്ന ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ കിട്ടാതെ രോഗികള്‍ നട്ടം തിരിയും. രോഗികളുടെ തിരക്കിനനുസരിച്ച് ഫാര്‍മസിയില്‍ സൗകര്യമൊരുക്കാനും ജീവനക്കാരെ നിയമിക്കാനും ഇനിയും നടപടിയില്ല. ജീവന്‍രക്ഷാ മരുന്നുകളും വില കൂടിയ ആന്‍റി ബയോട്ടിക്കുകളും സൂക്ഷിക്കാന്‍ ശീതീകരണ സംവിധാനം ഇല്ലാത്തതിനാല്‍ മരുന്നുകള്‍ പൂപ്പല്‍ പിടിച്ചും പൊട്ടിയൊലിച്ചും ഉപയോഗശൂന്യമാകുന്നത് പതിവാണ്. നെഞ്ചുരോഗാശുപത്രിയില്‍ നിന്ന് ചികിത്സാ വിഭാഗങ്ങള്‍ മാറ്റുന്നതോടൊപ്പം ഫാര്‍മസിസ്റ്റുകളെ പുതിയ ആശുപത്രിയിലേക്ക് നിയമിക്കണമെന്നും ആവശ്യപ്പെട്ടിട്ടും നടപടിയില്ല. ആശുപത്രിയിലത്തെുന്നവര്‍ക്കാവശ്യമായ മരുന്നുകള്‍ ലഭിക്കുന്നുണ്ടോയെന്ന ഉറപ്പ് വരുത്താന്‍ ജനപ്രതിനിധികള്‍പോലും തയാറാകുന്നില്ളെന്ന് രോഗികളും കൂട്ടിരിപ്പുകാരും ഒരേസ്വരത്തില്‍ പറയുന്നു. ആശുപത്രി ഫാര്‍മസിയില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍ കുറിച്ചുനല്‍കുന്ന ഡോക്ടര്‍മാരുണ്ടെന്നതാണ് ഉയര്‍ന്നുകേട്ട മറ്റൊരാക്ഷേപം. ഫാര്‍മസിയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കി ജീവനക്കാരെ നിയമിച്ചാല്‍ മാത്രമെ രോഗികള്‍ക്ക് ആശ്വാസമാകൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.