ചുഴലിക്കാറ്റ് ദുരന്തം: നഷ്ടപരിഹാര തുക വിതരണത്തില്‍ അപാകത

തൃക്കുന്നപ്പുഴ: പാനൂരിലുണ്ടായ ചുഴലിക്കാറ്റ് ദുരന്തത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്തതില്‍ അപാകതയെന്ന് ആക്ഷേപം. ദുരന്തബാധിതര്‍ക്ക് അടിയന്തര നഷ്ടപരിഹാരമെന്ന നിലയില്‍ റവന്യൂവകുപ്പ് അധികൃതര്‍ കഴിഞ്ഞദിവസം വിതരണം ചെയ്ത 2000 രൂപ അര്‍ഹരായ പലര്‍ക്കും ലഭിച്ചില്ളെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് 146 അപേക്ഷകളാണ് റവന്യൂ അധികൃതര്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് പരിശോധന നടത്തി കൂടുതല്‍ അര്‍ഹരെന്ന് കണ്ട 75 പേര്‍ക്കാണ് മുന്‍കൂര്‍ നഷ്ടപരിഹാരമെന്ന നിലയില്‍ 2000 രൂപ വീതം വിതരണം ചെയ്തതെന്നാണ് റവന്യൂ അധികൃതര്‍ പറയുന്നത്. തുക വിതരണത്തില്‍ അപാകത ഉണ്ടായിട്ടില്ളെന്നും അവര്‍ വാദിക്കുന്നു. എന്നാല്‍, നഷ്ടപരിഹാരം നല്‍കുന്നതില്‍ റവന്യൂവകുപ്പ് പരിഗണിച്ച മാനദണ്ഡത്തിന്‍െറ പരിധിയില്‍പ്പെടുന്ന ആറോളം പേര്‍ നഷ്ടപരിഹാര പട്ടികക്ക് പുറത്തായി. പാനൂര്‍ പുതുവന ലക്ഷംവീട്ടില്‍ സലീമിന് നഷ്ടപരിഹാരം ലഭിച്ചില്ല. ഇയാളുടെ വീടിന്‍െറ അടുക്കള വലിയ മഹാഗണി മരം വീണ് പൂര്‍ണമായും തകര്‍ന്നിരുന്നു. പണമില്ലാത്തതിനാല്‍ മരം പോലും പൂര്‍ണമായി വെട്ടിനീക്കാന്‍ കുടുംബത്തിന് കഴിഞ്ഞിട്ടില്ല. താല്‍ക്കാലിക അടുക്കളപോലും നിര്‍മിക്കാന്‍ കഴിയാതെ വിഷമിക്കുകയാണ് ഈ കുടുംബം. പുത്തന്‍പുരക്കല്‍ അലിക്കുഞ്ഞിന്‍െറ ഷെഡ് തെങ്ങുവീണ് പൂര്‍ണമായും നിലംപൊത്തിയിരുന്നു. കൂടാതെ, വീടിനും കേടുസംഭവിച്ചു. പുരയിടത്തില്‍ നിന്ന ആഞ്ഞിലിയും കടപുഴകി. പുതുവനയില്‍ ഷാഹുലിന് ചുഴലിക്കാറ്റ് വരുത്തിവെച്ച നഷ്ടം ഏറെയാണ്. വീടിന് സമീപം പറമ്പില്‍ നിന്ന മാവ്, തെങ്ങ്, ആഞ്ഞിലി അടക്കം ഏഴ് വലിയ മരങ്ങളാണ് കടപുഴകിയത്. വീടിന്‍െറ അടുക്കളഭാഗത്തെ ഷീറ്റ് മരംവീണ് തകര്‍ന്നു. വീണ മരങ്ങള്‍ പൂര്‍ണമായും വെട്ടിമാറ്റാന്‍ കഴിഞ്ഞിട്ടില്ല. ആയിരങ്ങളാണ് ഇതിന്ചെലവഴിച്ചത്. തൈവെപ്പില്‍ അബ്ദുല്ലയുടെ വീടിനോട് ചേര്‍ന്ന് ഉണക്കമത്സ്യം സൂക്ഷിച്ചിരുന്ന ഷെഡ് മരംവീണ് തകര്‍ന്നു. ഷെഡില്‍ സൂക്ഷിച്ചിരുന്ന ആയിരങ്ങള്‍ വിലവരുന്ന ഉണക്കച്ചെമ്മീനും നഷ്ടപ്പെട്ടു. പുതുവനയില്‍ ലക്ഷംവീട്ടില്‍ ഉമ്മുഹബീബയുടെ വീടിന്‍െറ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ കാറ്റില്‍ ഇരുമ്പ് പൈപ്പടക്കം നിലംപതിച്ചിരുന്നു. സുഹ്റ ബീവിയുടെ വീടിന്‍െറ ഭിത്തി മരംവീണ് വിണ്ടുകീറിയ നിലയിലാണ്. ഇപ്പോള്‍ വീട് അപകടാവസ്ഥയിലാണ്. ഇവര്‍ക്കാര്‍ക്കും അടിയന്തര നഷ്ടപരിഹാരം ലഭിച്ചില്ല. ചെറിയ നഷ്ടങ്ങള്‍ മാത്രം ഉണ്ടായവര്‍ക്ക് തുക ലഭിച്ചപ്പോള്‍ തങ്ങള്‍ എങ്ങനെ ലിസ്റ്റിന് പുറത്തായെന്ന് ഇവര്‍ക്ക് മനസ്സിലാകുന്നില്ല. കൃത്യമായ പരിശോധന നടത്തിയതിനുശേഷം പൂര്‍ണമായും അര്‍ഹതയുള്ളവര്‍ക്ക് മാത്രമാണ് തുക വിതരണം ചെയ്തതെന്നാണ് റവന്യൂ വകുപ്പ് അധികാരികള്‍ പറയുന്നത്. അര്‍ഹതപ്പെട്ടവര്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അപേക്ഷ നല്‍കിയാല്‍ പരിശോധന നടത്തി പ്രശ്നത്തിന് പരിഹാരം കാണുമെന്ന് കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ രമേശ്കുമാര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.