കാലിക്കറ്റിലെ ഹോസ്റ്റല്‍ പ്രശ്നം: രാപ്പകല്‍ സമരം മൂന്നുദിവസം പിന്നിട്ടു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ ഹോസ്റ്റല്‍ റെഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തുന്ന രാപ്പകല്‍ സമരം മൂന്നുദിവസം പിന്നിട്ടു. ലൈബ്രറി കൈയേറി വെള്ളിയാഴ്ച വൈകീട്ട് തുടങ്ങിയ സമരമാണ് നാലാം ദിവസത്തിലേക്ക് പ്രവേശിച്ചത്. ഹോസ്റ്റല്‍, സ്വാശ്രയ കോഴ്സ് വിദ്യാര്‍ഥികള്‍ക്കോ റെഗുലര്‍ വിദ്യാര്‍ഥികള്‍ക്കോ എന്നകാര്യത്തില്‍ അന്തിമ തീര്‍പ്പുതേടിയാണ് സമരം. പലതവണ ഈ വിഷയമുന്നയിച്ച് അക്രമങ്ങളും സമരവും നടന്നെങ്കിലും പരിഹാരമുണ്ടാക്കാത്തതാണ് രാവും പകലും സമരത്തിനിരിക്കാന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. വി.സിയെയും രജിസ്ട്രാറെയും ഉപരോധിച്ചും ഭരണകാര്യാലയം കൈയേറിയുമായാണ് സമരത്തിന്‍െറ തുടക്കം. ഉപരോധം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും മറ്റൊരു വിഭാഗം വിദ്യാര്‍ഥികള്‍ ലൈബ്രറിയിലിരുന്ന് സമരം പ്രഖ്യാപിക്കുകയായിരുന്നു. ഹോസ്റ്റലുകളും പഠനവകുപ്പുകളും അടച്ചിട്ടാണ് സാധാരണഗതിയില്‍ അധികൃതര്‍ സമരത്തെ നേരിടുന്നത്. ഹോസ്റ്റലും കാന്‍റീനും അടച്ചാല്‍ ഭൂരിപക്ഷം വിദ്യാര്‍ഥികളും വീട്ടിലേക്ക് പോവുകയാണ് പതിവ്. എന്നാല്‍, ശനിയാഴ്ച മുതല്‍ ഹോസ്റ്റലും പഠനവകുപ്പുകളും അടച്ചിട്ടെങ്കിലും സമരക്കാര്‍ വീട്ടിലേക്ക് പോയില്ല. വി.സിയുമായി ഉടക്കിനില്‍ക്കുന്ന അധ്യാപകരുടെയും ജീവനക്കാരുടെയും പിന്തുണ സമരത്തിനുണ്ട്. സ്വാശ്രയ കോഴ്സ് വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലാ ഹോസ്റ്റല്‍ നല്‍കരുതെന്നാണ് ഇടത് അധ്യാപക സംഘടനയുടെ നിലപാട്. ഇക്കാര്യമുന്നയിച്ച് സംഘടന ചാന്‍സലര്‍ക്ക് നിവേദനവും നല്‍കിയിട്ടുണ്ട്. ഹോസ്റ്റല്‍ വിഷയത്തില്‍ തിങ്കളാഴ്ച ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. സിന്‍ഡിക്കേറ്റംഗങ്ങളും എസ്.എഫ്.ഐ പ്രതിനിധികളും തമ്മിലാണ് ചര്‍ച്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.