ഡയറ്റ് പഠനം: വെളിപ്പെടുത്തുന്നത് സ്കൂള്‍ ലൈബ്രറികളുടെ പരാധീനതകള്‍

ചേമഞ്ചേരി: ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്), എല്‍.പി, യു.പി സ്കൂള്‍ ലൈബ്രറികളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് നടത്തിയ പഠനത്തില്‍ വെളിപ്പെടുന്നത് ലൈബ്രറികളുടെ പരാധീനതകള്‍.ഹെഡ്മാസ്റ്റര്‍മാര്‍ക്കും അധ്യാപകര്‍ക്കും ഡയറ്റിന്‍െറയും ബി.ആര്‍.സികളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന പരിശീലന പരിപാടികളില്‍ ലൈബ്രറികളുടെ ശോച്യാവസ്ഥയെക്കുറിച്ച് നിരന്തരം പരാതി ഉയര്‍ന്നതിനെതുടര്‍ന്നാണ് ഡയറ്റ് ഇത്തരമൊരു പഠനത്തിന് മുതിര്‍ന്നത്. ഭൗതിക സൗകര്യങ്ങള്‍, നടത്തിപ്പും സംഘാടനവും, വിഭവങ്ങളും സേവനങ്ങളും, ഉപയോഗം, കുട്ടികളുടെ വായനശീലം എന്നിവയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുക, ലൈബ്രറി നടത്തിപ്പില്‍ രക്ഷിതാക്കളുടെയും സമൂഹത്തിന്‍െറയും പങ്കാളിത്തം ഉറപ്പുവരുത്തുക, പുതിയ രീതികള്‍ നിര്‍ദേശിക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങള്‍. 15 ബി.ആര്‍.സികളില്‍നിന്നായി 45 സ്കൂളുകളെയാണ് (23 യു.പി, 22 എല്‍.പി) പഠനത്തിന് തെരഞ്ഞെടുത്തത്. 23 ഗവ. സ്കൂളുകളും 22 എയ്ഡഡ് സ്കൂളുകളും ഇതില്‍ ഉള്‍പ്പെട്ടു. ഹെഡ്മാസ്റ്റര്‍മാര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, കുട്ടികള്‍ എന്നിവരില്‍നിന്നൊക്കെ വിവരങ്ങള്‍ ശേഖരിച്ചു. 24.4 ശതമാനം സ്കൂള്‍ ലൈബ്രറികളില്‍ ഒരു ഫര്‍ണിച്ചര്‍ പോലുമില്ല. 22.2 ശതമാനം സ്കൂളുകളില്‍ മാത്രമാണ് സ്വന്തമായി ലൈബ്രറി മുറികളുള്ളത്. 57.8 ശതമാനം സ്കൂളുകളിലും ഒന്നോ അതിലധികമോ അലമാരകള്‍ മാത്രമേ ഉള്ളൂ. 35.6 ശതമാനം സ്കൂളുകള്‍ പുസ്തകങ്ങള്‍ ക്രമീകരിച്ച് വെച്ചിട്ടില്ല. 80 ശതമാനം സ്കൂളുകളിലും ആവശ്യത്തിന് പുസ്തകങ്ങളില്ല. 73.3 ശതമാനം സ്കൂളുകളിലും ക്ളാസ് ലൈബ്രറികള്‍ ഉണ്ടെങ്കിലും 42.2 ശതമാനത്തില്‍ മാത്രമേ സൂക്ഷിക്കാന്‍ സൗകര്യമുള്ളൂ. 13 ശതമാനം കുട്ടികള്‍ മാത്രമാണ് വായനയില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവര്‍. നാലു ശതമാനം പേര്‍ നല്ല വായനക്കാരാണ്. വര്‍ഷത്തില്‍ ഒരു പുസ്തകംപോലും വായിക്കാത്ത 33 ശതമാനം കുട്ടികളുണ്ടെന്ന് പഠനം വെളിപ്പെടുത്തുന്നു. 55.6 ശതമാനം സ്കൂളുകളിലും പി.ടി.എ യോഗങ്ങളില്‍ ലൈബ്രറിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അജണ്ടയാവാറേ ഇല്ല. ലൈബ്രറി ചുമതലയുള്ള അധ്യാപകരില്‍ 93.3 ശതമാനം പേര്‍ക്കും ഒരു പരിശീലനവും ലഭിച്ചിട്ടില്ല. വായനക്ക് പ്രേരണ നല്‍കിയവരെക്കുറിച്ചുള്ള ചോദ്യത്തിന് അമ്മമാരാണെന്ന് ഉത്തരം നല്‍കിയവരാണ് കൂടുതല്‍ പേരും. രണ്ടാംസ്ഥാനം ക്ളാസ് അധ്യാപകര്‍ക്കാണ്. മൂന്നാംസ്ഥാനത്ത് മാത്രമേ പിതാക്കള്‍ വരുന്നുള്ളൂ. 2012-13ല്‍ നടത്തിയ പഠനത്തിന്‍െറ റിപ്പോര്‍ട്ട് 2014 മേയില്‍ സീമാറ്റ് സംഘടിപ്പിച്ച സംസ്ഥാനതല സെമിനാറില്‍ അവതരിപ്പിക്കുകയും പിന്നീട് ഡയറ്റ് തന്നെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുകയുമായിരുന്നു. ഇതിന്‍െറ ഭാഗമായാണ് ശിശുദിനമായ നവംബര്‍ 14ഓടെ ജില്ലയിലെ സ്കൂള്‍ ലൈബ്രറികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ശിശുസൗഹൃദമാക്കി മാറ്റാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ തുടങ്ങിയത്. അതേസമയം, ലൈബ്രേറിയന്മാര്‍ ഇല്ലാത്തതും ചുമതലയുള്ള അധ്യാപകര്‍ക്ക് പരിശീലനം ലഭിക്കാത്തതും ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് പരാധീനതകള്‍ക്ക് കാരണമെന്നാണ് അധ്യാപകരുടെ പക്ഷം. ലൈബ്രറി ചുമതലയുള്ള അധ്യാപകരാവട്ടെ, വായനയോടും പുസ്തകങ്ങളോടും താല്‍പര്യമുള്ളവരാണെന്ന് പഠനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.