വിലങ്ങാട് മലയില്‍ വന്‍ ഉരുള്‍പൊട്ടല്‍ റബര്‍തോട്ടം ഒഴുകിപ്പോയി

നാദാപുരം: വെള്ളിയാഴ്ച പുലര്‍ച്ചെ പെയ്ത കനത്ത മഴയില്‍ വിലങ്ങാട് മലയില്‍ ഉരുള്‍പൊട്ടി വന്‍ നാശനഷ്ടം. ചെറിയ പാനോം ഭാഗത്ത് ഒരേക്കറോളം വരുന്ന കൃഷിയിടം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. താഴത്ത് കുന്നേല്‍ ബാബുവിന്‍െറ റബര്‍തോട്ടത്തിനു മുകളിലുള്ള സ്ഥലങ്ങളിലാണ് രണ്ടിടങ്ങളിലായി ഉരുള്‍പൊട്ടിയത്. പാറക്കൂട്ടങ്ങളും മണ്ണും കുത്തിയൊഴുകി 200 മീറ്ററോളം ദൂരത്തുള്ള പുല്ലുവാ പുഴയിലാണ് പതിച്ചത്. നിരവധി റബര്‍ മരങ്ങള്‍ കടപുഴകി ഒലിച്ചുപോയി. തോട്ടത്തിന് താഴ്ഭാഗത്ത് സ്ഥാപിച്ചിരുന്ന റബര്‍ റോളര്‍ യന്ത്രം ഒലിച്ചുപോയി. ഏതാനും ദിവസം മുമ്പാണ് 60,000 രൂപ ചെലവഴിച്ച് റോളര്‍ സ്ഥാപിച്ചത്. ആദിവാസികളടക്കം 55ഓളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായതെങ്കിലും ആളപായം സംഭവിച്ചില്ല. എടവലഞ്ഞിയില്‍ തങ്കച്ചന്‍െറ വീടിന്‍െറ പിറകുവശത്ത് ശക്തമായ മണ്ണിടിച്ചില്‍ ഉണ്ടായി. പുല്ലുവാ പുഴക്ക് അക്കരെ വയനാട് റിസര്‍വ് വനത്തില്‍ പേരിയ ഭാഗത്തും ഉരുള്‍പൊട്ടലുണ്ടായതായി വിവരമുണ്ട്. മലയോരങ്ങളില്‍ നടക്കുന്ന അശാസ്ത്രീയ ഖനനങ്ങളും വന്‍കിട നിര്‍മാണപ്രവര്‍ത്തനങ്ങളുമാണ് ഇടവേളക്കുശേഷം ഉരുള്‍പൊട്ടലുണ്ടാകാന്‍ കാരണമെന്ന് പറയുന്നു. ഉരുള്‍പൊട്ടല്‍ നടന്ന പ്രദേശം ഇ.കെ. വിജയന്‍ എം.എല്‍.എയും റവന്യൂ സംഘവും സന്ദര്‍ശിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. സൈനബ, എ.പി. വെള്ളി, എന്‍.പി. വാസു എന്നിവരും കൂടെയുണ്ടായിരുന്നു. ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് ആവശ്യമായ സഹായമത്തെിക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്ന് ഇ.കെ. വിജയന്‍ എം.എല്‍.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.