ചുഴലിക്കാറ്റ് : ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരമായി ഒരുകോടി അനുവദിച്ചു

ആറാട്ടുപുഴ: കഴിഞ്ഞ ശനിയാഴ്ച തൃക്കുന്നപ്പുഴ പാനൂരിലുണ്ടായ ചുഴലിക്കാറ്റ് ദുരന്തത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരമായി ഒരുകോടി രൂപ മന്ത്രിസഭാ യോഗം അനുവദിച്ചു. മുഖ്യമന്ത്രിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചുഴലിക്കാറ്റ് ദുരന്തവിഷയം സഭയില്‍ അവതരിപ്പിച്ചു. അടിയന്തരമായി സഹായം അനുവദിക്കണമെന്ന മന്ത്രിയുടെ ആവശ്യം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. നഷ്ടം തിട്ടപ്പെടുത്തി റവന്യൂ അധികൃതര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ തുക അനുവദിക്കും. ദുരന്തബാധിതര്‍ക്ക് വളരെ പെട്ടെന്നുതന്നെ നഷ്ടപരിഹാരം അനുവദിച്ച യു.ഡി.എഫ് സര്‍ക്കാറിനെയും അതിന് കാരണക്കാരനായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. വിനോദ്കുമാര്‍ അഭിനന്ദിച്ചു. നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് തുക വിതരണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നഷ്ടപരിഹാരം അനുവദിച്ച സര്‍ക്കാറിനെ അഭിനന്ദിച്ച് യു.ഡി.എഫ് തൃക്കുന്നപ്പുഴ 15ാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.