തൊടുപുഴ: മാമലക്കണ്ടത്ത് വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തടഞ്ഞതുമായി ബന്ധപ്പെട്ട് പ്രദേശത്തെ ആദിവാസികള്‍ രണ്ട് ചേരിയില്‍. എളംബ്ളാശേരി-കുറത്തിക്കുടി റോഡില്‍ പൊതുമരാമത്ത് അധികൃതര്‍ പൊളിച്ചുനീക്കിയ കലുങ്കുകള്‍ പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ജോയ്സ് ജോര്‍ജ് എം.പി നടത്തിയ നിരാഹാര സമരത്തിനൊപ്പം നിന്ന എളംബ്ളാശേരി, കുറത്തിക്കുടി കുടികളിലെ ആദിവാസികളാണ് കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവവികാസങ്ങളോടെ രണ്ട് ചേരികളിലായത്. എല്‍.ഡി.എഫും യു.ഡി.എഫും തെരുവില്‍ ഏറ്റുമുട്ടുന്ന അവസ്ഥയിലേക്ക് വിവാദം വളര്‍ന്നതോടെ ഇരു മുന്നണികളും ആദിവാസികളെ രംഗത്തിറക്കിയാണ് ഇപ്പോള്‍ കരുക്കള്‍ നീക്കുന്നത്. തകര്‍ത്ത കലുങ്കുകള്‍ സന്ദര്‍ശിച്ച് മടങ്ങിയ മന്ത്രിയെ കഴിഞ്ഞ ശനിയാഴ്ച ജോയ്സ് ജോര്‍ജ് തടഞ്ഞെന്നും കൈയേറ്റത്തിന് ശ്രമിച്ചെന്നും യു.ഡി.എഫും ഡി.സി.സി പ്രസിഡന്‍റ് റോയി കെ. പൗലോസിന്‍െറ നേതൃത്വത്തില്‍ എം.പിയെ കൈയേറ്റം ചെയ്തെന്ന് എല്‍.ഡി.എഫും ആരോപിക്കുന്നു. ആദിവാസികളുടെ പേരിലാണ് ഇരു മുന്നണികളും ഏറ്റുമുട്ടുന്നത്. റോഡിലെ കലുങ്കുകള്‍ തകര്‍ത്ത് തങ്ങളുടെ കുടികളെ ഒറ്റപ്പെടുത്തിയതിലുള്ള പ്രതിഷേധമാണ് ജോയ്സിന്‍െറ സമരത്തിന് പിന്തുണയുമായി ഒന്നടങ്കം രംഗത്തുവരാന്‍ ആദിവാസികളെ പ്രേരിപ്പിച്ചത്. എന്നാല്‍, മന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ ഇരു മുന്നണികളും ഇപ്പോള്‍ പ്രലോഭനങ്ങളിലൂടെ ആദിവാസികളെ വശത്താക്കിയിരിക്കുകയാണ്. മലയോര ഹൈവേയെക്കുറിച്ച് അടിസ്ഥാന വിവരംപോലുമില്ലാത്ത ഇവരെകൊണ്ട് എതിരാളികള്‍ക്കെതിരെ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള തന്ത്രങ്ങളാണ് മുന്നണികള്‍ പയറ്റുന്നത്. തിങ്കളാഴ്ച കോണ്‍ഗ്രസിന് വേണ്ടിയും ചൊവ്വാഴ്ച സി.പി.എമ്മിന് വേണ്ടിയും ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട ചിലര്‍ തൊടുപുഴയില്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ആരൊക്കെയോ പഠിപ്പിച്ചുവിട്ട വാക്കുകളും എഴുതിക്കൊടുത്ത വാര്‍ത്താക്കുറിപ്പുകളുമായാണ് ഇവര്‍ മാധ്യമപ്രവര്‍ത്തകരെ നേരിട്ടത്. ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാനോ ഉത്തരങ്ങളില്‍ ഉറച്ചുനില്‍ക്കാനോ പലപ്പോഴും ഇവര്‍ക്ക് കഴിഞ്ഞില്ല. തങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആളുകളല്ളെന്ന് അവകാശപ്പെട്ട ഇവര്‍ എത്തിയതുതന്നെ സി.പി.എമ്മിന്‍െറയും കോണ്‍ഗ്രസിന്‍െറയും പ്രതിനിധികള്‍ക്കൊപ്പമായിരുന്നു. സംസാരത്തില്‍ പലപ്പോഴും രാഷ്ട്രീയ ചായ്വ് പ്രകടമാകുകയും ചെയ്തു. മന്ത്രിയടക്കമുള്ള നേതാക്കള്‍ ആഴത്തില്‍ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും ഇവരുടെ വൈകാരിക പ്രതികരണങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. തങ്ങള്‍ക്ക് റോഡ് ആവശ്യമാണെന്ന് ഇരു ചേരികളിലുമുള്ള ആദിവാസികള്‍ ഒന്നുപോലെ സമ്മതിക്കുന്നുണ്ട്. എന്നാല്‍, അതിന് സഹായകമായ കാര്യങ്ങള്‍ ചെയ്യുക എന്നതല്ല ഇവരെ രംഗത്തിറക്കിയ നേതാക്കളുടെ ലക്ഷ്യം. തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ നിഷ്കളങ്കരായ ആദിവാസികളിലൂടെ സ്ഥാപിച്ചെടുക്കാനാണ് അവരുടെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.