ആര്യങ്കാവില്‍ പാത അടക്കല്‍: ബദല്‍ സംവിധാനമായില്ല

പുനലൂര്‍: ആര്യങ്കാവ് മേല്‍പാലം പൊളിച്ചുപണിയുന്നതിന്‍െറ ഭാഗമായി ദേശീയപാത 744 പത്തുദിവസത്തേക്ക് അടക്കുന്നതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ പഞ്ചായത്ത് സമിതി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ക്കും. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. എം.പിയടക്കം ജനപ്രതിനിധികളെയും പൊലീസ് ഉള്‍പ്പെടെ വകുപ്പ് അധികൃതരെയും യോഗത്തില്‍ ക്ഷണിച്ചിട്ടുണ്ട്. ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ അഞ്ചുവരെ പാത അടക്കണമെന്നാണ് റെയില്‍വേ ദേശീയപാത അധികൃതര്‍ക്ക് കത്തുനല്‍കിയിരിക്കുന്നത്. എന്നാല്‍, പാത അടക്കുമ്പോള്‍ വാഹനങ്ങള്‍ ഏതുവഴി തിരിച്ചുവിടണമെന്ന കാര്യത്തില്‍ അന്തിമതീരുമാനമായില്ല. പാത പൂര്‍ണമായി അടക്കുന്നതില്‍ പഞ്ചായത്ത് അധികൃതരടക്കം എതിര്‍പ്പുമായി രംഗത്തുണ്ട്. ചെറിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കോട്ടവാസല്‍- കരിമ്പിന്‍തോട്ടം റോഡ് ഉപയോഗിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. കോട്ടവാസല്‍ വനം ചെക്പോസ്റ്റിന് സമീപത്തുനിന്ന് തുടങ്ങുന്ന ഈ റോഡ് ആര്യങ്കാവ് വാണിജ്യനികുതി ചെക്പോസ്റ്റിന് സമീപം ദേശീയപാതയില്‍ അവസാനിക്കും. നാലുകിലോമീറ്ററോളം വരുന്ന റോഡ് കൂടുതലും വനത്തിലൂടെയുള്ളതാണ്. കാര്‍, ജീപ്പ്, പിക്അപ് പോലുള്ള വാഹനങ്ങള്‍ ഇതുവഴി തിരിച്ചുവിടാനാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിന്‍െറ അറ്റകുറ്റപ്പണിയടക്കം ചെയ്യാന്‍ പഞ്ചായത്തും തയാറാണ്. കൂടാതെ ഇതുവഴി തമിഴ്നാട്ടിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ ആര്യങ്കാവ് ഡിപ്പോവരെ സര്‍വീസ് നടത്തണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ദേശീയപാതക്ക് സമാന്തരമായി താല്‍കാലിക ഗതാഗത സൗകര്യം ഒരുക്കിയില്ളെങ്കില്‍ ഈ പഞ്ചായത്തിലെ തന്നെ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന വാര്‍ഡുകളിലെ വിദ്യാര്‍ഥികളടക്കം യാത്രക്കാര്‍ ദുരിതപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.