ഗാന്ധി വധം: ആര്‍.എസ്.എസിനും മോദിക്കും ജനങ്ങളെ കബളിപ്പിക്കാനാവില്ല –പിണറായി

തിരുവനന്തപുരം: ഗാന്ധിവധത്തില്‍ പങ്കില്ളെന്ന് പറഞ്ഞ് ആര്‍.എസ്.എസിനും നരേന്ദ്രമോദിക്കും ജനങ്ങളെ കബളിപ്പിക്കാന്‍ കഴിയില്ളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ ജനങ്ങളെ ഏതെങ്കിലും വിധത്തില്‍ കബളിപ്പിക്കാന്‍ കഴിയില്ല. ഷാര്‍ജ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി ആര്‍ട്സ് ആന്‍ഡ് സോഷ്യല്‍ സെന്‍റര്‍ ‘മാസി’ന്‍െറ സാമൂഹിക-രാഷ്ട്രീയ രംഗത്തെയും വിദ്യാഭ്യാസ രംഗത്തെയും മികച്ച പ്രവര്‍ത്തനത്തിനുള്ള പുരസ്കാരങ്ങള്‍ മുതിര്‍ന്ന സി.പി.എം നേതാവ് കെ. അനിരുദ്ധനും പ്രമുഖ ചരിത്രകാരന്‍ പ്രഫ. കെ.എന്‍. പണിക്കര്‍ക്കും സമ്മാനിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. ഗാന്ധി വധത്തില്‍ ആര്‍.എസ്.എസ് സ്വീകരിച്ച നിലപാട് വല്ലഭഭായ് പട്ടേല്‍ 1948ല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഗാന്ധി വധവുമായി ബന്ധപ്പെട്ട കാര്യം ഗോഡ്സേ അദ്ദേഹത്തിന്‍െറ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ചരിത്രം തന്നെ ഇല്ലാതാക്കുകയാണ്. ചരിത്രം പറയുമ്പോള്‍ അതില്‍ ഭാഗഭാക്കായവര്‍ക്കേ അഭിമാനിക്കാന്‍ കഴിയുകയുള്ളൂ. രാജ്യത്തെ മിക്ക സംഘടനകളും സ്വാതന്ത്ര്യസമരത്തില്‍ പങ്കുവഹിച്ചവരാണ്. എന്നാല്‍, ഇതില്‍ ഒരുപങ്കും വഹിക്കാത്തവരാണ് ആര്‍.എസ്.എസ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് എതിരെ ജനങ്ങളെ ഏകോപിപ്പിച്ച് നടത്തിയ സമരത്തെ ശിഥിലീകരിക്കുകയായിരുന്നു ആര്‍.എസ്.എസ്. നാടുവാഴികളുടെയും നാട്ടുരാജാക്കന്മാരുടെയും താല്‍പര്യം സംരക്ഷിക്കുന്നവരായിരുന്നു ഇവര്‍. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ഹിതകരമായത് ചെയ്തവര്‍ക്ക് മറ്റുള്ളവര്‍ക്ക് അഭിമാനകരമായ കാര്യം പറയാന്‍ കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസ് ആഗ്രഹിക്കുന്നത് ചരിത്രം മാറ്റിമറിക്കാനാണ്. ഒന്നരലക്ഷത്തോളം ചരിത്ര രേഖകളുടെ ഫയലുകള്‍ നശിപ്പിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ പാര്‍ലമെന്‍റില്‍ പറഞ്ഞതാണ്. ഗാന്ധി വധവുമായി ബന്ധപ്പെട്ട ഫയലുകളും രേഖകളും നശിപ്പിച്ച കൂട്ടത്തിലുണ്ടെന്നതാണ് പ്രധാനം. ഇത് ആരും കാണാന്‍ ഇടവരരുതെന്നാണ് ഇക്കൂട്ടര്‍ ആഗ്രഹിക്കുന്നതെന്നും പിണറായി പറഞ്ഞു. വൈ.എം.സി.എ ഹാളില്‍ നടന്ന പരിപാടിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബിജോണ്‍ അധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. വി.എന്‍. മുരളി, കേരള പ്രവാസി സംഘം ജനറല്‍ സെക്രട്ടറി കെ.വി. അബ്ദുല്‍ ഖാദര്‍, പ്രഫ. കാര്‍ത്തികേയന്‍ നായര്‍, മാസ് പ്രസിഡന്‍റ് അനില്‍ അമ്പാട്ട്, ആര്‍. കൊച്ചുകൃഷ്ണന്‍ എന്നിവരും സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.