അതിര്‍ത്തി കടക്കുന്നത് ലക്ഷങ്ങളുടെ മദ്യം

ബാലരാമപുരം/പാറശാല: ഞായറാഴ്ച മദ്യവില്‍പന നിലച്ചതോടെ ജില്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ മദ്യവില്‍പന സജീവമാകുന്നു. ആളൊഴിഞ്ഞ വീടുകള്‍, ലോഡ്ജുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മദ്യംവാങ്ങി വില്‍പന നടത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. വിവിധ പ്രദേശങ്ങളില്‍ വ്യാജവാറ്റും സജീവമാണ്. മാരായമുട്ടം, ബാലരാമപുരം, നെയ്യാറ്റിന്‍കര, പാറശാല പ്രദേശങ്ങളിലാണ് വ്യജമദ്യ വില്‍പന സജീവമാകുന്നത്. ഒൗട്ട്ലെറ്റുകളില്‍നിന്ന് മദ്യം വാങ്ങി ഇരട്ടിവിലയ്ക്ക് വില്‍ക്കുന്ന മൊബൈല്‍ സര്‍വീസാണ് സജീവമായി രംഗത്തുള്ളത്. വ്യാജ വാറ്റ് സജീവമായതോടെ കരുപ്പട്ടിക്ക് പ്രദേശത്ത് ആവശ്യക്കാരും വര്‍ധിച്ചു. തമിനാട്ടില്‍നിന്ന് കരുപ്പട്ടി വില്‍പന സംഘവും സജീവമായി. വാറ്റ് സജീവമായതോടെ കരുപ്പട്ടി വിലയും വര്‍ധിച്ചു. ചെക് പോസ്റ്റില്‍ കര്‍ശനപരിശോധന നടത്തുന്ന അധികൃതരെ വെട്ടിച്ച് കടല്‍ മാര്‍ഗവും നദികളിലൂടെയും മലയോര പാതകളിലൂടെയും ദേശീയ പാതയിലൂടെയുമാണ് സ്പിരിറ്റ് അതിര്‍ത്തികടക്കുന്നത്. ചെക് പോസ്റ്റുകളിലെ എക്സൈസ് പരിശോധന നിഷ്പ്രഭമാക്കിയാണ് കടത്ത്. വന്‍ വിലയ്ക്ക് മദ്യക്കച്ചവടം നടത്തുന്നതിനായി ചില സംഘങ്ങള്‍ ബീവറേജ്സ് ഒൗട്ട്ലെറ്റ്കളില്‍നിന്നും മദ്യം വാങ്ങി ശേഖരിച്ച് വില്‍പന നടത്തുന്നുണ്ട്. ഇത്തരം സംഘം തന്നെ സ്പിരിറ്റ് ചേര്‍ത്ത വ്യാജമദ്യവും വില്‍പനക്ക് എത്തിക്കുന്നതായി സൂചനയുണ്ട്. ഒരു മാസത്തിനുള്ളില്‍ തിരുപുറം, അമരവിള റേഞ്ച് ഓഫിസുകളുടെ പരിധിയില്‍ മാത്രം ഒട്ടേറെ വ്യാജ വാറ്റ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് കുന്നത്തുകാലിന് സമീപം പൂവത്തൂരില്‍ അടുക്കളയില്‍ വാറ്റ് നടത്തിയ വീട്ടമ്മയെ എക്സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. 10 ദിവസം മുമ്പ് പൊഴിയൂര്‍ ഉച്ചക്കടയില്‍ ഗ്യാസ് സിലിണ്ടറില്‍ പ്രഷര്‍കുക്കര്‍ ഉപയോഗിച്ച് വാറ്റ് നടത്തിയ രീതി അധികൃതരെ ഞെട്ടിച്ചിരുന്നു. വിപണി പിടിച്ചെടുക്കാന്‍ സുഗന്ധ വ്യഞ്ജനങ്ങളും പഴവര്‍ഗങ്ങളും ഉപയോഗിച്ചാണ് വാറ്റ്. 10 മില്ലിഗ്രാം വാറ്റുചാരായത്തിന് 125 രൂപയാണ് വില. ബാറുകള്‍ പൂട്ടുന്നത് സംബന്ധിച്ച ഹരജി കോടതിയുടെ പരിഗണനയിലിരിക്കെ സ്പിരിറ്റ് എത്തിച്ച് വിപണി ശക്തമാക്കാനുള്ള അണിയറ നീക്കങ്ങള്‍ അതിര്‍ത്തി കേന്ദ്രീകരിച്ച് നടക്കുന്നതായും സൂചനയുണ്ട്. ബാറുകളില്‍ പരിശോധന നിലച്ചതോടെ ജില്ലയിലെ പല ബാറുകളിലും സെക്കന്‍റ്സ് വിദേശമദ്യം വ്യാപകമായിട്ടുണ്ട്. പോണ്ടിച്ചേരിയില്‍ നിന്നത്തെുന്ന മദ്യം കേരള വിപണിയിലുള്ള മദ്യത്തിന്‍െറ സ്റ്റിക്കര്‍ ഒട്ടിച്ചാണ് വില്‍പന നടത്തുന്നത്. പൊലീസ് എക്സൈസ് വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് വര്‍ധിച്ചുവരുന്ന ചാരായ നിര്‍മാണം തടയുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.