കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ച സംഭവം : സ്കൂള്‍ തുറക്കണമെന്ന് രക്ഷാകര്‍ത്താക്കള്‍; ഇല്ളെങ്കില്‍ സമരം

തിരുവനന്തപുരം: അഞ്ചുവയസ്സുകാരനെ പട്ടിക്കൂട്ടില്‍ അടച്ചെന്ന ആരോപണത്തത്തെുടര്‍ന്ന് പൂട്ടിയ സ്കൂള്‍ ഉടന്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് രക്ഷാകര്‍ത്താക്കള്‍. നാലുദിവസത്തിനകം സ്കൂള്‍ തുറന്നില്ളെങ്കില്‍ വിദ്യാഭ്യാസമന്ത്രിയുടെ വസതിക്ക് മുന്നിലും ഡി.പി.ഐ ഓഫിസ് പടിക്കലും സമരം ആരംഭിക്കും. പേരൂര്‍ക്കട കുടപ്പനക്കുന്ന് പാതിരിപ്പള്ളിയില്‍ അഭിഷേക് ജോമോനെന്ന യു.കെ.ജി വിദ്യാര്‍ഥിയെ മണിക്കൂറുകളോളം പട്ടിക്കൂട്ടില്‍ അടച്ചിട്ടെന്ന ആരോപണത്തിന്‍െറ അടിസ്ഥാനത്തില്‍ അധികൃതര്‍ പൂട്ടിയ ജവഹര്‍ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ഉടന്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് ഭൂരിഭാഗം രക്ഷാകര്‍ത്താക്കളും ആവശ്യപ്പെട്ടു. കുടപ്പനക്കുന്ന് സ്വാതന്ത്ര്യസമരസേനാനി ഭവനില്‍ തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് രക്ഷാകര്‍ത്താക്കള്‍ ആവശ്യമുയര്‍ത്തിയത്. മുന്‍കാലങ്ങളില്‍ ഈ സ്ഥാപനത്തില്‍നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളുടെ പഠന നിലവാരം വിലയിരുത്തിയാണ് തങ്ങളുടെ കുട്ടികളെ സ്കൂളില്‍ ചേര്‍ത്തത്. സാധാരണക്കാരായ തങ്ങളുടെ സാമ്പത്തികസ്ഥിതിക്ക് അനുസരിച്ചുള്ള ഫീസാണ് സ്കൂളിലുള്ളത്. സാധാരണക്കാര്‍ക്ക് സി.ബി.എസ്.ഇ പഠനം അപ്രാപ്യമാകുന്ന കാലത്ത് തുച്ഛമായ ഫീസില്‍ പ്രദേശത്തുള്ളവര്‍ക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസമാണ് സ്ഥാപനം നല്‍കുന്നത്. കുറച്ച് ദിവസങ്ങളായി സ്കൂളിനെക്കുറിച്ചും മാനേജ്മെന്‍റിനെക്കുറിച്ചും പ്രചരിപ്പിക്കുന്ന അവിശ്വസനീയമായ കഥകള്‍ രക്ഷാകര്‍ത്താക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാനസികമായി ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണ്. പെട്ടെന്നുണ്ടായ ആരോപണത്തിന്‍െറ അടിസ്ഥാനത്തില്‍ ചില തല്‍പരകക്ഷികളുടെ ഇടപെടല്‍ കാരണം ആ ദിവസംതന്നെ മുഴുവന്‍ വിദ്യാര്‍ഥികളെയും രക്ഷാകര്‍ത്താക്കളെയും അധ്യാപകരെയും പുറത്താക്കി സ്കൂള്‍ പൂട്ടുകയാണുണ്ടായത്. പുറത്താക്കപ്പെട്ട വിദ്യാര്‍ഥികളുടെ മാനസികാവസ്ഥയോ അവരുടെ ഭാവിയെക്കുറിച്ചോ ഇവിടത്തെ രാഷ്ട്രീയനേതാക്കള്‍ക്കും സാമൂഹികപ്രവര്‍ത്തകര്‍ക്കും യാതൊരു ഉത്കണ്ഠയും ഇല്ളെന്നാണ് തെളിയുന്നത്. ബഹളത്തിനിടയില്‍ ഭയന്നുവിറച്ചുനിന്നിരുന്ന കുട്ടികളില്‍ പലരും ആ ആഘാതത്തില്‍ നിന്ന് ഇനിയും മുക്തരായിട്ടില്ല. അവരുടെ മുന്നില്‍വെച്ച് മര്‍ദനം ഏറ്റുവാങ്ങേണ്ടിവന്ന രക്ഷാകര്‍ത്താക്കളുടെ മാനസികാവസ്ഥയും വ്യത്യസ്തമല്ല. തുടര്‍ച്ചയായ അവധികള്‍ കഴിഞ്ഞ് ചൊവ്വാഴ്ച മറ്റ് സ്കൂളുകള്‍ തുറക്കുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഈ അധ്യയന വര്‍ഷം തുടര്‍ന്നും ഇതേ സ്കൂളില്‍ പഠനം പൂര്‍ത്തിയാക്കാന്‍ ജില്ലാ ഭരണകൂടവും സര്‍ക്കാറും ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും രക്ഷാകര്‍ത്താക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ സംയുക്തമായി ആവശ്യപ്പെട്ടു. നാലുദിവസത്തിനകം സ്കൂള്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ചില്ളെങ്കില്‍ വിദ്യാഭ്യാസ മന്ത്രിയുടെ വസതിക്ക് മുന്നിലും ഡി.പി.ഐ ഓഫിസ് പടിക്കലും കുട്ടികളുമായി സമരം ആരംഭിക്കുമെന്നും ഇവര്‍ അറിയിച്ചു. ഭൂരിഭാഗം രക്ഷാകര്‍ത്താക്കളും പങ്കെടുത്ത വാര്‍ത്താസമ്മേളനത്തില്‍ പ്രതിനിധികളായ അശോക്കുമാര്‍, എസ്.ആര്‍. രാജേഷ്, ജാന്‍സി തോമസ്, എസ്. തുളസി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.