ലീഗ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്‍റ് രാജിവെച്ചതായി പ്രചാരണം

കാസര്‍കോട്: മുസ്ലിംലീഗ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്‍റായ കല്ലട്ര മാഹിന്‍ഹാജി തല്‍സ്ഥാനം രാജിവെച്ചതായി പ്രചാരണം ശക്തമായി. എന്നാല്‍, പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ജില്ലാ ഭാരവാഹികളാണ് മറുപടി പറയേണ്ടതെന്ന് കല്ലട്ര മാഹിന്‍ഹാജി പ്രതികരിച്ചു. കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിനിടെ ഇരു നേതാക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കല്ലട്ര മാഹിന്‍ഹാജി ജില്ലാ നേതൃത്വത്തിന് രാജിക്കത്ത് നല്‍കാനിടയാക്കിയതെന്നാണ് പ്രചാരണം. നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതുള്‍പ്പെടെയുള്ള ആരോപണ-പ്രത്യാരോപണങ്ങളാണ് ജില്ലാ കമ്മിറ്റി യോഗത്തിനിടെ ഉണ്ടായതെന്നാണ് സൂചന. കാഞ്ഞങ്ങാട്ടെ ബാറിന് നിരാക്ഷേപപത്രം നല്‍കിയതിനെ തുടര്‍ന്ന് മുസ്ലിംലീഗ് മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സംഘടനാ നടപടി എടുക്കാനുണ്ടായ സംഭവത്തില്‍ അന്വേഷണകമീഷന്‍ അംഗമായിരുന്നു കല്ലട്ര മാഹിന്‍ഹാജി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.