കോയമ്പത്തൂ൪: ജയലളിതക്ക് ജാമ്യം നൽകുന്നതിന് തടസ്സവാദം ഉന്നയിച്ച തമിഴ്നാട് സ൪ക്കാറിന് കീഴിലുള്ള ദി ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ (ഡി.വി.എ.സി) വിഭാഗത്തിൻെറ നടപടി അണ്ണാ ഡി.എം.കെ കേന്ദ്രങ്ങളിൽ അമ്പരപ്പ് സൃഷ്ടിച്ചു. ബുധനാഴ്ച ക൪ണാടക ഹൈകോടതി അവധിക്കാല ജഡ്ജി ജസ്റ്റിസ് രത്നകലയുടെ മുമ്പാകെ സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ട൪ ജി. ഭവാനിസിങ് സമ൪പ്പിച്ച ഡി.വി.എ.സിയുടെ സത്യവാങ്മൂലമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സമൂഹത്തിൽ ഏറെ സ്വാധീനമുള്ള വ്യക്തിയാണ് ജയലളിതയെന്നും ഇവരെ ജാമ്യത്തിൽ വിട്ടയച്ചാൽ പിന്നീട് പിടികൂടാൻ പ്രയാസമാണെന്നും ഇതിൽ പറയുന്നു. പ്രത്യേക കോടതിവിധി മാനിക്കുന്നതുവരെ ജാമ്യം നൽകരുതെന്നും ആവശ്യപ്പെടുന്നുണ്ട്.
ജയലളിതക്കെതിരായ അവിഹിത സ്വത്ത് സമ്പാദന കേസ് രജിസ്റ്റ൪ ചെയ്തത് ഡി.വി.എ.സിയാണ്. ജയലളിതയുടെ ജാമ്യത്തിനുവേണ്ടി അണ്ണാ ഡി.എം.കെയും തമിഴ്നാട് മുഖ്യമന്ത്രി പന്നീ൪സെൽവവും സഹമന്ത്രിമാരും പൊരുതുമ്പോഴാണ് സംസ്ഥാന സ൪ക്കാ൪ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജൻസി ഇത്തരമൊരു സത്യവാങ്മൂലം സമ൪പ്പിച്ചത്. ഡി.വി.എ.സിയുടെ നടപടി അണ്ണാ ഡി.എം.കെ നേതാക്കളെ പ്രകോപിപ്പിച്ചിട്ടുണ്ട്. എന്നാൽ, ജാമ്യത്തിന് തടസ്സവാദമുന്നയിച്ചത് കേസിൻെറ നടപടിക്രമങ്ങളുടെ ഭാഗമാണെന്നാണ് ഡി.വി.എ.സി കേന്ദ്രങ്ങൾ വിശദീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.