"മണ്ണില്‍ കുറീസ്' തുറക്കണമെന്ന് ജീവനക്കാര്‍

പത്തനംതിട്ട: ഉടമസ്ഥന്‍െറ ആത്മഹത്യമൂലം അടച്ചിട്ട പത്തനംതിട്ട മണ്ണില്‍ കുറീസ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ബന്ധുക്കള്‍ തയാറാകണമെന്ന് സ്ഥാപനത്തിലെ ജീവനക്കാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മണ്ണില്‍ കുറീസ് മാനേജിങ് ഡയറക്ടര്‍ കെ.എസ്. സോമരാജനെ സെപ്റ്റംബര്‍ 22 നാണ് വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്തെിയത്. ചിട്ടിസ്ഥാപനം അന്ന് മുതല്‍ പൂട്ടിയിട്ടിരിക്കയാണ്. ഇതോടെ 28 ഓളം വരുന്ന ജീവനക്കാരുടെ ഉപജീവനമാര്‍ഗമാണ് വഴിയടഞ്ഞത്. കൂടാതെ പൊതുജനങ്ങള്‍ പണം ആവശ്യപ്പെട്ട് ശല്യം ചെയ്യുകയാണെന്നും ജീവനക്കാര്‍ ആരോപിച്ചു. ചിട്ടിപണം കൊണ്ട് സ്ഥാപന ഉടമ വിവിധ ഇടങ്ങളിലായി വസ്തുവകകള്‍ വാങ്ങിയിട്ടുണ്ടെന്നും ജീവനക്കാര്‍ പറഞ്ഞു. ജീവനക്കാരില്‍ നിന്നും ഒരു ലക്ഷം വീതം സെക്യൂരിറ്റിയായും ബ്ളാങ്ക് ചെക്കും ഉടമ സോമരാജനും ഭാര്യ പുഷ്പ സോമരാജനും വാങ്ങിയിരുന്നു. ജീവനക്കാര്‍ക്ക് ടാര്‍ജറ്റ് നിശ്ചയിച്ച് കൊടുക്കുകയും ടാര്‍ജറ്റ് തികയാത്തവരുടെ ശമ്പളം 10 മുതല്‍ 50 ശതമാനം വരെ കുറച്ചുമാണ് നല്‍കിയിരുന്നത്. സോമരാജന്‍െറ മരണത്തിന് ശേഷം സ്ഥാപനം തുറക്കാന്‍ ഡയറക്ടറായ പുഷ്പ സോമരാജന്‍ തയ്യാറായിട്ടില്ല. ജീവനക്കാര്‍ പുഷ്പ സോമരാജനെ കണ്ട് സംസാരിച്ചെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു. നിയമ നടപടി സ്വീകരിച്ച് നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ പത്തനംതിട്ട എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ജീവനക്കാരായ ടി.ജി. പുരുഷോത്തമന്‍, ബിറ്റി ഡാനിയേല്‍, ഗിരീഷ്കുമാര്‍, നജീബ്, എസ്.സുരേന്ദ്രന്‍, സാമുവല്‍, രമണി എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.