കാറിടിച്ച് പരിക്കേറ്റ വൃദ്ധക്ക് പൊലീസ് നീതി നിഷേധിച്ചു

കുന്നംകുളം: പൊലീസ് ഉദ്യോഗസ്ഥന്‍െറ ബന്ധുവിന്‍െറ കാറിടിച്ച് പരിക്കേറ്റ വൃദ്ധക്ക് പൊലീസ് നീതി നിഷേധിച്ചു. അപകടത്തില്‍പെട്ട് വലതുകാലിന് ഗുരുതര പരിക്കേറ്റ് അടിയന്തര ശസ്ത്രക്രിയക്ക് വിധേയയായ വീട്ടമ്മയെ ആരും തിരിഞ്ഞുനോക്കിയില്ല. കിഴൂര്‍ ചിറളയത്ത് വീട്ടില്‍ പരേതനായ കുമാരന്‍െറ ഭാര്യ വിശാലാക്ഷിയാണ് (69) പൊലീസിന്‍െറ അവഗണനയില്‍ നരകയാതന അനുഭവിക്കുന്നത്. കഴിഞ്ഞ ജൂണ്‍ ആറിന് കുന്നംകുളം ജങ്ഷനില്‍ വെച്ചാണ് കാറിടിച്ചത്. വലതുകാലിന്‍െറ മുട്ടിനുതാഴെ എല്ല് തകര്‍ന്നിരുന്നു.നാട്ടുകാര്‍ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാമ്പത്തിക പരാധീനതമൂലം പിന്നീട് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി ഓപറേഷന്‍ നടത്തി. കാലില്‍ പാദം വരെ പ്ളാസ്റ്റര്‍ ഇടുകയും ചെയ്തു. വൃദ്ധയെ നഗരമധ്യത്തില്‍ പട്ടാപ്പകല്‍ ഇടിച്ച് തെറിപ്പിച്ച് കാര്‍ ഗുരുവായൂര്‍ റോഡിലേക്ക് കയറ്റി നിര്‍ത്തുകയായിരുന്നു. ജങ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ കാറിനടുത്തേക്ക് ചെന്നെങ്കിലും നിമിഷങ്ങള്‍ക്കകം കാര്‍ സ്ഥലം വിട്ടു. ആശുപത്രിയില്‍ ചികിത്സക്കിടെ കുന്നംകുളം സ്റ്റേഷനില്‍നിന്ന് പൊലീസുകാരനത്തെി വിശാലാക്ഷിയുടെ മൊഴി എടുത്തതല്ലാതെ നടപടി ഉണ്ടായില്ല. ഇടിച്ച കാര്‍ ഡിവൈ.എസ്.പിയുടെ അടുത്ത ബന്ധുവായ മമ്മിയൂരിലെ ഡോക്ടറുടേതാണെന്ന് കണ്ടത്തെിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്‍െറ സ്വാധീനമാണ് നടപടിയെടുക്കാത്തതിന് പിന്നിലെന്ന് അറിയുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടപടികളുമായി മുന്നോട്ടുപോയാല്‍ മാത്രമേ ശസ്ത്രക്രിയക്ക് വിധേയമാക്കപ്പെട്ട വൃദ്ധക്ക് ഇന്‍ഷുറന്‍സ് തുക പോലും ലഭിക്കൂ. കുന്നംകുളം ബൈജു റോഡിലെ റേഷന്‍ കടയില്‍നിന്ന് അരി വാങ്ങാന്‍ വരുകയായിരുന്നു വിശാലാക്ഷി. ഓട്ടോയില്‍ കുന്നംകുളത്ത് വന്നിറങ്ങി റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അമിത വേഗത്തില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.