വിലാസം സിനിമാനടന്‍േറത്: 20 കേസില്‍ പ്രതിയായ മോഷ്ടാവ് പിടിയില്‍

കുണ്ടറ: സിനിമക്കാരനെന്ന് ധരിപ്പിച്ചും സിനിമാതാരങ്ങളോടൊപ്പമുള്ള ഫോട്ടോകള്‍ കാണിച്ചും വീടുകളില്‍ കുടുംബസമേതം താമസിച്ച് മോഷണം നടത്തുന്ന യുവാവിനെ ആന്‍റിതെഫ്റ്റ് സ്ക്വാഡ് പിടികൂടി. തിരുവന്തപുരം മണ്ണന്തല ഞാറുഞേലില്‍ വിജയഭവനില്‍ വിജയകുമാര്‍ (41) ആണ് പിടിയിലായത്. മില്‍മ തിരുവനന്തപുരം മേഖല ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ കല്ലട രമേശന്‍െറ കിഴക്കേകല്ലടയിലെ വീട്ടില്‍നിന്ന് എല്‍.സി.ഡിയും റബര്‍ഷീറ്റും കവര്‍ന്ന കേസിന്‍െറ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. വെഞ്ഞാറമൂട്, ചടയമംഗലം, കടയ്ക്കല്‍, കിളിമാനൂര്‍, പള്ളിക്കല്‍, പാലോട്, നെടുമങ്ങാട്, വിതുര സ്റ്റേഷന്‍ പരിധിയില്‍ റബര്‍ ഷീറ്റ് മോഷ്ടിച്ചതിന് നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്. ചില കേസുകളില്‍ ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. സിനിമയിലെ അണിയറപ്രവര്‍ത്തകനെന്ന നിലയിലാണ് നാട്ടില്‍ ഇയാള്‍ അറിയപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു. സിനിമാപ്രവര്‍ത്തനത്തിനെന്ന് പറഞ്ഞാണ് നാട്ടില്‍നിന്ന് ഇയാള്‍ മോഷണത്തിനായി മുങ്ങുന്നത്. വിവിധ സ്ഥലങ്ങളില്‍ വാടകക്ക് താമസിച്ചും വീടുകളില്‍ കാവല്‍ക്കാരനായി കുടുംബസമേതം താമസിച്ചുമാണ് മോഷണം നടത്തുന്നത്. തിരുവനന്തപുരത്തുനിന്ന് ബൈക്കില്‍ കൂട്ടാളി മോഹനനുമൊത്താണ് മോഷണത്തിന് എത്തുന്നത്. കല്ലട രമേശന്‍ തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെയാണ് വീട് നോക്കുന്നതിനായി പരിചയക്കാരന്‍െറ ശിപാര്‍ശയില്‍ വിജയകുമാറിനെ വീടിനോട് ചേര്‍ന്നുള്ള ഒൗട്ട്ഹൗസില്‍ താമസിപ്പിച്ചത്. ഭാര്യക്കും മക്കള്‍ക്കുമൊപ്പം ആറ് മാസത്തോളം ഇവിടെ താമസിക്കുകയും ചെയ്തു. മൂന്ന് മാസം മുമ്പ് ഇയാളെ വീട്ടില്‍നിന്ന് ഒഴിപ്പിച്ചിരുന്നു. വീട് വിട്ടുപോയി രണ്ടുമാസത്തിന് ശേഷമാണ് പിറകിലത്തെ വാതില്‍ തകര്‍ത്ത് 30 ഇഞ്ച് എല്‍.സി.ഡി. ടി.വി മോഷ്ടിച്ചത്. മോഷ്ടിച്ച ടി.വി.ബഡ്ഷീറ്റില്‍ പൊതിഞ്ഞ് ബൈക്കിന് പിന്നില്‍ കെട്ടിവെച്ചാണ് സ്ഥലംവിട്ടത്. വെഞ്ഞാറമൂട്ടില്‍ ഇ-ടോയ്ലറ്റില്‍ മൂത്രമൊഴിക്കാന്‍ കയറിയയാളില്‍നിന്ന് മോഷ്ടിച്ച ബൈക്കില്‍ കറങ്ങിയായിരുന്നു മോഷണം. 20 കേസുകളുള്ള ഇയാളെ ഗുണ്ടാലിസ്റ്റില്‍ പെടുത്തുമെന്ന് എസ്.പി പറഞ്ഞു. കൊട്ടാരക്കര റൂറല്‍ എസ്.പി എസ്. സുരേന്ദ്രന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നിലമേലില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഡിവൈ.എസ്.പി എം.കെ. സുള്‍ഫിക്കര്‍,അഞ്ചല്‍ സി.ഐ രമേശ്, കിഴക്കേ കല്ലട എസ്.ഐ തോബിയാസ് സേവ്യര്‍, സി.പി.ഒ പൊന്നച്ചന്‍, സ്ക്വാഡ് അംഗങ്ങളായ എസ്.ഐ ബാബുകുമാര്‍, എ.എസ്.ഐ ശിവശങ്കരപ്പിള്ള, സി.പി.ഒ ഷാജഹാന്‍, രാധാകൃഷ്ണന്‍, അജയന്‍, പ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.