വ്യാജ രേഖ ചമച്ച് തട്ടിപ്പ് : കര്‍ഷകരുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന്

കാളികാവ്: വ്യാജ രേഖ ചമച്ച് കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ നാളികേര ഉല്‍പാദക സൊസൈറ്റികളും(സി.പി.എസ്) ഫെഡറേഷനും(സി.പി.എഫ് ) രൂപവത്കരിച്ച് രജിസ്ട്രേഷന്‍ നടത്തിയതായി പരാതി. ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍െറ നേതൃത്വത്തിലാണ് വ്യാജ രേഖ ചമച്ച് ഫെഡറേഷന്‍ രൂപവത്കരിച്ചതെന്ന് മുന്‍ പ്രസിഡന്‍റും മുസ്ലിം ലീഗ് നേതാവുമായ കെ. അബ്ദുല്‍ ഹമീദ്, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. ഹംസ മാസ്റ്റര്‍, റിട്ട. തഹസില്‍ദാര്‍ ജോയ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ കര്‍ഷക കൂട്ടായ്മ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആഗസ്റ്റ് രണ്ടിന് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹംസ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നാളികേര കര്‍ഷകരുടെ യോഗം ഉദ്ഘാടനം ചെയ്തത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണനായിരുന്നു. പഞ്ചായത്തിലെ പ്രമുഖ നാളികേര കര്‍ഷകരായ മാത്യു മാസ്റ്റര്‍, റിട്ട. തഹസില്‍ ദാര്‍ ജോയ് തോമസ്, എടപ്പെറ്റ മുഹമ്മദലി, അജേഷ്, ജെയ്സണ്‍ എന്നിവരാണ് യോഗം വിളിച്ചത്. അമരമ്പലം, മൂത്തേടം എന്നീ പഞ്ചായത്തുകളുടെ കേരകര്‍ഷക ഫെഡറേഷന്‍ ഭാരവാഹികളും, കൃഷി ഓഫിസര്‍ കെ.വി. ശ്രീജയും യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തിന്‍െറ തീരുമാനപ്രകാരം പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നാളികേര കര്‍ഷകരുടെ യോഗത്തില്‍ പത്ത് സി.പി.എസുകളും ചേര്‍ന്ന് എം. ഹംസ മാസ്റ്റര്‍ പ്രസിഡന്‍റായി ഫെഡറേഷനും (സി.പി.എഫ്) രൂപവത്കരിച്ചിരുന്നു. നാളികേര കര്‍ഷകരുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സി.പി.എസുകളും സി.പി.എഫും മലപ്പുറത്തും കൊച്ചിയിലെ കേരവികസന ബോര്‍ഡിലും രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചു. ആഗസ്റ്റ് 13ന് പത്ത് സി.പി.എസുകളും മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, ആഗസ്റ്റ് 20ന് കര്‍ഷകരല്ലാത്തവരെ ഉള്‍പ്പെടുത്തിയും നിലവിലെ സി.പി.എസുകളില്‍ ഭാരവാഹികളായവരുടേതുള്‍പ്പെടെ ഒപ്പും മറ്റ് രേഖകളും വ്യാജമായി ചമച്ചും പഞ്ചായത് പ്രസിഡന്‍റ് പ്രസിഡന്‍റായ സി.പി.എഫും രൂപവത്കരിച്ച് രജിസ്റ്റര്‍ ചെയ്തെതായിട്ടാണ് പരാതി. ഹംസമാസ്റ്റര്‍ പ്രസിഡന്‍റായ സി.പി.എഫും സി.പി.എസുകളും കൊച്ചിയിലെ കേരവികസന ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാന്‍ എത്തിയ ഘട്ടത്തിലാണ് ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍ പ്രസിഡന്‍റായ സി.പി.എഫ് രജിസ്റ്റര്‍ ചെയ്തതായി കണ്ടത്തെിയത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍ കര്‍ഷകരല്ലാത്തവരും ആദ്യത്തെ സി.പി.എസുകളില്‍ ഭാരവാഹികളായവരും ഉള്‍പ്പെടെയാണ് ഇവര്‍ നാളികേര ഉല്‍പാദക സൊസൈറ്റികളും ഫെഡറേഷനും രൂപവത്കരിച്ചതായി കണ്ടത്തെിയതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ് ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍ പ്രസിഡന്‍റായി രജിസ്റ്റര്‍ ചെയ്ത സി.പി.എഫും സി.പി.എസും വ്യാജമായിട്ടാണ് ഉണ്ടാക്കിയിട്ടുള്ളത്. കേരഫെഡിന്‍െറ നിയമമനുസരിച്ച് പത്ത് തെങ്ങുകളെങ്കിലും ഉള്ള കര്‍ഷകരെ ഉള്‍പ്പെടുത്തി രൂപവത്കരിക്കേണ്ട സി.പി.എസുകള്‍ പലതും വ്യാജമാണ്. തെങ്ങ് കൃഷി നടത്താത്തവരും ചില കര്‍ഷകരുടെ തെങ്ങുകളുടെ എണ്ണം വളരെയേറെ കൂട്ടി എഴുതിയുമാണ് സൊസൈറ്റികള്‍ രൂപവത്കരിച്ചത്. ഉദരംപൊയിലിലെ കേരകര്‍ഷകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ മാട്ടറ അബുവിന്‍െറ ഒപ്പ് വ്യാജമായാണ് ഇട്ടതെന്ന് അദ്ദേഹവും പറഞ്ഞു. നാളികേര കൃഷിയുടെ എണ്ണവും കൂട്ടിയിട്ടതായും അദ്ദേഹം പറഞ്ഞു. വ്യാജ രേഖ ചമച്ച് രജിസ്റ്റര്‍ ചെയ്ത സി.പി.എസുകള്‍ക്കും സി.പി.എഫിനെതിരെയും വിജിലന്‍സ് അന്വേഷണം നടത്തണമെന്നാണ് കര്‍ഷക കൂട്ടായ്മ പ്രവര്‍ത്തകരുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ പോകുമെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാളികേര കര്‍ഷകരായ റിട്ട. തഹസില്‍ദാര്‍ ജോയ് തോമസ്, കര്‍ഷകരായ എം.ജെ. ജോസ്, അജേഷ്, ജെയ്സണ്‍, മാട്ടറ അബു, കെ.ടി. ദാസന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.