വനം വകുപ്പ് കലുങ്ക് പൊളിച്ചുനീക്കി; നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു

കോതമംഗലം: മാമലക്കണ്ടം -ആറാംമൈല്‍ റോഡില്‍ മലയോര ഹൈവേയുടെ ഭാഗമായി നിര്‍മിച്ച അഞ്ച് കലുങ്കുകള്‍ വനംവകുപ്പ് പൊളിച്ചുനീക്കിയതില്‍ പ്രതിഷേധിച്ച് നേര്യമംഗലത്ത് വനംവകുപ്പ് റേഞ്ച് ഓഫിസിന് മുന്നില്‍ ഇടുക്കി എം.പി അഡ്വ. ജോയ്സ് ജോര്‍ജ് സത്യഗ്രഹം തുടങ്ങി. ആറാംമൈല്‍ -മാമലക്കണ്ടം റോഡില്‍ അവറൂട്ടി, എളംബ്ളാശ്ശേരി ഭാഗത്ത് നിര്‍മിച്ച അഞ്ച് കലുങ്കുകള്‍ വനംവകുപ്പ് അധികൃതര്‍ ശനിയാഴ്ച രാത്രി എക്സ്കവേറ്ററും മറ്റും ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മാമലക്കണ്ടം-എളംബ്ളാശ്ശേരി തുടങ്ങിയിടങ്ങളിലെ ആദിവാസികളടക്കമുള്ള ആയിരക്കണക്കിനാളുകള്‍ വനംവകുപ്പ് ഓഫിസ് ഉപരോധിക്കുന്നതിന് തിങ്കളാഴ്ച രാവിലെ പത്തോടെ നേര്യമംഗലത്ത് എത്തിച്ചേരുകയായിരുന്നു. ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധത്തിന് എത്തിയവര്‍ കൊച്ചി-മധുര ദേശീയപാത ഉപരോധിച്ചതോടെ ഒന്നരമണിക്കുറിലേറെ ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. സര്‍വകക്ഷി നേതാക്കള്‍ ഇടപെട്ടതിനെ തുടര്‍ന്ന് സമരക്കാരെ ദേശീയപാത ഉപരോധത്തില്‍നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. സമരം ഉദ്ഘാടനം ചെയ്യാനത്തെിയ അഡ്വ. ജോയ്സ് ജോര്‍ജ് എം.പി വനംവകുപ്പിന്‍െറ നടപടിയെ നിശിതമായി വിമര്‍ശിച്ചു. തുടര്‍ന്ന് നാടകീയമായി നിരാഹാര സത്യഗ്രഹം പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ സമരസമിതി അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നത ഉടലെടുത്തു. സമരക്കാരില്‍ കുറച്ചുപേര്‍ പിരിഞ്ഞുപോവുകയും ചെയ്തു. എം.പി സത്യഗ്രഹം ആരംഭിച്ചതോടെ വനംവകുപ്പും പൊതുമരാമത്ത് വകുപ്പും തമ്മിലെ ഏറ്റുമുട്ടലിന് പുതിയ മാനങ്ങള്‍ കൈവന്നിരിക്കുകയാണ്. മൂന്നുമീറ്റര്‍ വീതിയില്‍ റോഡ് നിര്‍മാണത്തിന് അനുമതി മാത്രമേ നല്‍കിയിട്ടുള്ളൂവെന്നും അനധികൃതമായതിനാലാണ് പൊളിച്ചുനീക്കിയതെന്നുമാണ് വനംവകുപ്പ് അധികൃതരുടെ നിലപാട്. എന്നാല്‍, ഒന്നരവര്‍ഷം മുമ്പ് ടെന്‍ഡര്‍ നടപടി സ്വീകരിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പകുതിയിലേറെ പൂര്‍ത്തിയാക്കിയ ശേഷം വനംവകുപ്പ് കലുങ്കുകള്‍ പൊളിക്കാനത്തെിയത് ദുരൂഹത ഉയര്‍ത്തുന്നുണ്ട്. സമരപരിപാടികള്‍ക്ക് വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രാദേശികനേതാക്കള്‍ മാത്രമാണ് രംഗത്ത് ഉണ്ടായിരുന്നത്. എം.പിയുടെ സത്യഗ്രഹ പ്രഖ്യാപനത്തോടെ സി.പി.എമ്മിന്‍െറ സംസ്ഥാന-ജില്ലാ നേതാക്കള്‍ നേര്യമംഗലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എം.പി സത്യഗ്രഹം പ്രഖ്യാപിച്ച ശേഷമാണ് എം.പിക്ക് ഇരിക്കുന്നതിനുവേണ്ടി സമരപ്പന്തല്‍ നിര്‍മിച്ചത്. സ്ഥലം എം.എല്‍.എ ടി.യു. കുരുവിള സ്ഥലത്ത് ഉണ്ടായിരുന്നിട്ടും വൈകുന്നേരം നാലോടെയാണ് സമരപ്പന്തലില്‍ എത്തിയത്. സത്യഗ്രഹമിരിക്കുന്ന എം.പിയെ ജില്ലാകലക്ടര്‍ ഫോണില്‍ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തിയെങ്കിലും പരിഹാര നടപടി നിര്‍ദേശിച്ചിട്ടില്ല. മുന്‍ എം.പി എ. വിജയരാഘവന്‍ , സി.പി.എം ഇടുക്കി ജില്ലാസെക്രട്ടറി എം.എം. മണി, കെ.കെ. ജയചന്ദ്രന്‍ എം.എല്‍.എ തുടങ്ങിയ നേതാക്കള്‍ സത്യഗ്രഹമിരിക്കുന്ന എം.പിയെ കാണുന്നതിന് സമരപ്പന്തലില്‍ എത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.