ചിത്തിര കായലിലെ വെള്ളം നാളെ വറ്റിച്ചുതുടങ്ങും

ആലപ്പുഴ: കൃഷിയിറക്കുന്നതിന്‍െറ ഭാഗമായി ചിത്തിര കായലിലെ വെള്ളം ബുധനാഴ്ച വറ്റിച്ചുതുടങ്ങുമെന്ന് കലക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. റാണി-ചിത്തിര കായല്‍നിലങ്ങളില്‍ കൃഷിയിറക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 760 ഏക്കര്‍ വരുന്ന ചിത്തിര കായലില്‍ അഞ്ച് മോട്ടോറുകള്‍ ഇതിന് സ്ഥാപിച്ചുകഴിഞ്ഞു. വെള്ളം വേഗത്തില്‍ വറ്റിക്കാന്‍ ഇറിഗേഷന്‍ വകുപ്പിന്‍െറ ഡ്രഡ്ജര്‍ ഉപയോഗിക്കും. വെള്ളം വറ്റിച്ചശേഷം നിലം കൃഷിക്ക് അനുയോജ്യമാക്കി ഒരുക്കും. കുട്ടനാട് പാക്കേജ് പ്രകാരം ചിത്തിര കായലിലെ ബണ്ട് പൈല്‍ ആന്‍ഡ് സ്ളാബിട്ട് ബലപ്പെടുത്തിയതായും വെള്ളം വറ്റിച്ചുതുടങ്ങാമെന്നും കുട്ടനാട് പാക്കേജ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ടി.ജി. സെന്‍ യോഗത്തെ അറിയിച്ചു. ഇരു കായലുകളിലെയും വൈദ്യുതീകരണപ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. 90.61 ലക്ഷം രൂപയാണ് ഇതിന് ചെലവഴിച്ചത്. കുട്ടനാട് പാക്കേജിന്‍െറ ഭാഗമായി റാണി കായലില്‍ നടക്കുന്ന ബണ്ട് ബലപ്പെടുത്തല്‍ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് കര്‍മപരിപാടി തയാറാക്കി നല്‍കാന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ മുന്‍ എം.എല്‍.എ എ.എ. ഷുക്കൂര്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ. ജേക്കബ് എബ്രഹാം, സബ് കലക്ടര്‍ ബാലമുരളി, ചമ്പക്കുളം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് മോന്‍സി സോണി, രാഷ്ട്രീയകക്ഷി പ്രതിനിധികളായ ജി. മുകുന്ദന്‍, ഡി. ലക്ഷ്മണന്‍, മാത്യു ചെറുപറമ്പന്‍, വി. മോഹന്‍ദാസ്, പ്രഫ.എന്‍. ചന്ദ്രശേഖരന്‍ നായര്‍, കുട്ടനാട് വികസനസമിതി വൈസ് ചെയര്‍മാന്‍ വെളിയനാട് മാത്തച്ചന്‍, പ്രിന്‍സിപ്പല്‍ അഗ്രികള്‍ചറല്‍ ഓഫിസര്‍ ആര്‍. ഗീതാമണി, മങ്കൊമ്പ് നെല്ലുഗവേഷണകേന്ദ്രം മേധാവി ഡോ. ലീനാകുമാരി, ജില്ലാ മണ്ണുസംരക്ഷണ ഓഫിസര്‍ ആന്‍റണി ഓസ്റ്റിന്‍, പുഞ്ച സ്പെഷല്‍ ഓഫിസര്‍ എന്‍. സെയ്ഫുദ്ദീന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജോസ് ജോസഫ്, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഹാജ ഷറീഫ്, ചിത്തിര കായല്‍ പാടശേഖരസമിതി ഭാരവാഹി ജോസ് ജോണ്‍, അഡാക് ഡെപ്യൂട്ടി ഡയറക്ടര്‍ സി.പി. അനിരുദ്ധന്‍, കുട്ടനാട് തഹസില്‍ദാര്‍ എസ്. സന്തോഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.