ആനക്കുളം സാംസ്കാരിക നിലയത്തിന് 24.5 ലക്ഷത്തിന്‍െറ വൈദ്യുതി പ്രവൃത്തി

കോഴിക്കോട്: ടൗണ്‍ഹാളിനുപിറകില്‍ പഴയ ആനക്കുളം നികത്തിയ സ്ഥലത്ത് ഉയരുന്ന സാംസ്കാരിക നിലയം വൈദ്യുതിവത്കരിക്കാന്‍ 24.5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം നഗരസഭക്ക് കൈമാറി. ഇത് നഗരസഭ കഴിഞ്ഞ ദിവസം അംഗീകരിച്ചതോടെ ഏറെ കാലമായി മുടങ്ങിക്കിടന്ന സാംസ്കാരിക നിലയം വൈദ്യുതിവത്കരണത്തിന് വഴിയൊരുങ്ങി. അടുത്തപടിയായി വൈദ്യുതി ജോലികള്‍ക്ക് കരാര്‍ നല്‍കും. പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയാറാവാത്തതിനാല്‍ കരാര്‍ നല്‍കല്‍ നീണ്ടുപോകുകയായിരുന്നു. ഈ കൊല്ലംതന്നെ കേന്ദ്രം തുറക്കാനാവുമെന്ന് നഗരസഭാ പൊതുമരാമത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ എം. മോഹനന്‍ പറഞ്ഞു. ടൗണ്‍ഹാളിനും മാനാഞ്ചിറ സ്ക്വയറിനോടും ചേര്‍ന്ന് സാംസ്കാരിക നിലയം പണിതുടങ്ങിയിട്ട് 12 കൊല്ലം കഴിഞ്ഞെങ്കിലും പൂര്‍ത്തിയാക്കാനായിട്ടില്ല. ഏറ്റവുമൊടുവില്‍ നഗരസഭയുടെ 50-ാം വാര്‍ഷികോപഹാരമായി നിലയം ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചെങ്കിലും അതും നടന്നില്ല. കലാകാരന്മാര്‍ക്ക് താമസിച്ച് കലാപരിപാടികള്‍ അവതരിപ്പിക്കാനും ചിത്രം വരക്കാനുമൊക്കെ സൗകര്യംചെയ്തുകൊണ്ടുള്ള സാംസ്കാരിക നിലയത്തില്‍ തുറന്ന ഹാളുകളും മുറികളുമാണ് സംവിധാനിച്ചിരിക്കുന്നത്. 60ലക്ഷം രൂപ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെയാണ് കെട്ടിടം പണിതത്. ബില്‍ഡിങ് പണി നിശ്ചിത സമയത്തിനകം തീര്‍ക്കാനാവാത്തതിനാല്‍ കേന്ദ്ര ഫണ്ട് മുഴുവന്‍ ലഭിക്കാത്തതും പദ്ധതിക്ക് വിനയായി. കെട്ടിടവും പെയിന്‍റിങ്ങുമൊക്കെ കഴിഞ്ഞെങ്കിലും വൈദ്യുതിവത്കരണ പ്രവൃത്തികള്‍ ബാക്കിയാവുകയായിരുന്നു. ഫണ്ട് ലഭിക്കാതെ കരാറുകാരന്‍ പാതിവഴിക്ക് പണിനിര്‍ത്തിയതും പ്രശ്നമായി. രാജഭരണകാലത്ത് ആനകള്‍ക്കുവേണ്ടിയുണ്ടാക്കിയ കുളം പിന്നീട് മാലിന്യകേന്ദ്രമായി മാറിയതോടെ നഗരസഭ നികത്തിയെടുക്കുകയായിരുന്നു. വെറുതെ കിടന്ന സ്ഥലത്ത് നഗരത്തിന്‍െറ അഭിമാനമായി സാംസ്കാരിക കേന്ദ്രം ഉയരുക എന്ന സ്വപ്നമാണ് യാഥാര്‍ഥ്യമാകാതെ നീളുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.