കൊടുങ്ങല്ലൂര്‍ ബൈപാസ് തുറന്ന് ഉടനെ അപകടം; തൊഴിലാളി കാറിടിച്ച് മരിച്ചു

മത്തേല: അപകടസാധ്യത നിലനില്‍ക്കുന്ന കൊടുങ്ങല്ലൂര്‍ ബൈപാസ് ഉദ്ഘാടനം ചെയ്ത് മണിക്കൂറുകള്‍ക്കകം ലോഡിങ് തൊഴിലാളി കാറിടിച്ചു മരിച്ചു. വെള്ളിയാഴ്ച രാത്രി 8.50ന് കോട്ടപ്പുറം ടോളിന് വടക്കാണ് അപകടമുണ്ടായത്. മത്തേല കടുകച്ചുവട് താമസിക്കുന്ന പയ്യപ്പിള്ളി തിലകനാണ് (60) കാറിടിച്ചു മരിച്ചത്. കാറിന്‍െറ മുന്‍ഗ്ളാസില്‍ തലയിടിച്ച് വീണ് തലക്ക് പരിക്കേറ്റ തിലകനെ നാട്ടുകാര്‍ ആദ്യം ടി.കെ.എസ്.പുരം മെഡിയെകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോയിരുന്ന അഴീക്കോട് സ്വദേശിയുടെ കാറാണ് ഇടിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്കുമടങ്ങവേ ടി.കെ.എസ് പുരം ജംഗ്ഷനിലെ റോഡ് മുറിച്ചുകടക്കുമ്പോഴാണ് കാറിടിച്ചത്. തിലകനെ മെഡിക്കല്‍ ട്രസ്റ്റിലേക്ക് കൊണ്ടുപോകുംവഴി വടക്കേക്കര പാലത്തിനുസമീപം ആംബുലന്‍സ് മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. ബൈപാസില്‍ തെരുവുവിളക്ക് സ്ഥാപിക്കാത്തതാണ് അപകടകാരണമായത്. സി.പി.എം ടി.കെ.എസ് പുരം ബ്രാഞ്ച് കമ്മിറ്റി അംഗമായ തിലകന്‍ ബൈപാസിന് സ്ഥലം വിട്ടുകൊടുത്തയാളാണ്. ബൈപാസിന് തൊട്ടരികെ താമസിച്ചിരുന്ന തിലകന്‍ ആകെയുള്ള ഒമ്പതുസെന്‍റില്‍ ഒരു ഭാഗം ഭൂമി ബൈപാസിന് വിട്ടുകൊടുത്തശേഷം കടുകച്ചുവട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. ബൈപാസ് പ്രദേശവാസികള്‍ക്കും വാഹനയാത്രകള്‍ക്കും പരിചിതമാകാത്ത സാഹചര്യത്തില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. വ്യാഴാഴ്ച വൈകീട്ട് ഉദ്ഘാടനം നടന്ന ബൈപാസിലൂടെ വെള്ളിയാഴ്ച രണ്ടുമണിയോടെയാണ് വാഹന ഗതാഗതം ആരംഭിച്ചത്. ഉദ്ഘാടനത്തിന് മാസങ്ങള്‍ക്ക് മുമ്പ് ബൈപാസ് പൂര്‍ത്തിയായതോടെ റോഡിലുണ്ടായ അപകടങ്ങളില്‍ മൂന്നുപേര്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗതാഗതത്തിന് തുറന്ന് 28 മണിക്കൂറുകള്‍ക്കകം ബൈപാസ് ഒരു രക്തസാക്ഷിയെയുംകൂടി സൃഷ്ടിച്ചിരിക്കുകയാണ്. കോമളമാണ് തിലകന്‍െറ ഭാര്യ. മക്കള്‍: രാഹുല്‍, രമ്യ. മരുമകന്‍: ഷിജില്‍. മൃതദേഹം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.