ശുചിത്വവാരം: ജില്ലയില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ

കണ്ണൂര്‍: ഗാന്ധിജയന്തി ദിനം മുതല്‍ ഒക്ടോബര്‍ എട്ട് വരെ നടക്കുന്ന ശുചിത്വ വാരാചരണത്തിന്‍െറ ഭാഗമായി ജില്ലയില്‍ ശുചിത്വ-മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് വിപുലമായ പദ്ധതിക്ക് ജില്ലാ ശുചിത്വ മിഷന്‍ രൂപം നല്‍കി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്മാര്‍, ബ്ളോക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാര്‍, നഗരസഭാ ചെയര്‍മാന്മാര്‍, സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം പ്രവര്‍ത്തന പരിപാടികള്‍ ചര്‍ച്ച ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ കെ.എ. സരളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ എ.പി അബ്ദുല്ലക്കുട്ടി, അഡ്വ. സണ്ണി ജോസഫ്, ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍, സംസ്ഥാന ശുചിത്വ മിഷന്‍ ഡയറക്ടര്‍ ടി. ദിലീപ് കുമാര്‍, ജില്ലാ ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ വി. സുദേശന്‍, അസി. കോഓഡിനേറ്റര്‍ മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ശുചിത്വ വാരാചരണം സംഘടിപ്പിക്കുന്നത്. എല്ലാ കുടുംബങ്ങളിലും പൊതു സ്ഥാപനങ്ങളിലും ശുചിത്വ സൗകര്യങ്ങള്‍ സ്ഥായിയായി ലഭ്യമാക്കി ജീവിത ഗുണമേന്മ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായി മാലിന്യങ്ങള്‍ ഉത്ഭവ സ്ഥലത്ത്തന്നെ തരംതിരിച്ച് സംസ്കരിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ അജൈവ മാലിന്യ പരിപാലന റിസോഴ്സ് റിക്കവറി സെന്‍ററുകള്‍ സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പൊതു സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, ഓഫിസുകള്‍, ആതുരാലയങ്ങള്‍ തുടങ്ങിയവ പ്ളാസ്റ്റിക് മുക്തമാക്കുകയും പദ്ധതി ലക്ഷ്യമിടുന്നു. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് വാരാചരണം ഉദ്ഘാടനം ചെയ്യും. പൊതുസ്ഥലങ്ങള്‍, അങ്കണവാടികള്‍, കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍, വിദ്യാലയങ്ങള്‍, സര്‍ക്കാര്‍-സര്‍ക്കാറിതര ഓഫിസുകള്‍, വീടുകള്‍ എന്നിങ്ങനെ മേഖലകളാക്കി തിരിച്ച് ഓരോദിവസം പ്രവര്‍ത്തനങ്ങള്‍ നടത്തും. വിവിധ തലങ്ങളില്‍ പ്രചാരണ-ബോധവത്കരണ പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. ശുചിത്വ വാരാചരണത്തിന്‍െറ അവസാനത്തോടെ നഗരസഭാ-ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ ഭാവിയില്‍ മാലിന്യ സംസ്കരണ രംഗത്ത് സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ച് ധാരണ ഉണ്ടാക്കാനും നിര്‍ദേശമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.