വണ്ടിപ്പേട്ടയില്‍ ബസ്സ്റ്റോപ്പെവിടെ?

കോഴിക്കോട്: നടക്കാവ് വണ്ടിപ്പേട്ടയില്‍നിന്ന് വടക്കോട്ടുള്ള ബസ് കയറാന്‍ നില്‍ക്കുന്നവര്‍ വട്ടം കറങ്ങും. വണ്ടിപ്പേട്ട ജങ്ഷനില്‍നിന്ന് കാല്‍ കിലോമീറ്ററോളം നീളത്തില്‍ എവിടെയും ബസ് നിര്‍ത്തുമെന്നതാണവസ്ഥ. എവിടെ കാത്തുനില്‍ക്കണമെന്ന് ഒരു പിടിയുമില്ല. നഗരസഭ പണിത ബസ് കാത്തിരിപ്പ് ഷെഡ് ഉണ്ടെങ്കിലും അവിടെ ആരും കയറാറില്ല. ഒഴിഞ്ഞ് കിടക്കുന്ന ബസ്ഷെഡിന് ഇരുവശവും ബസ് കാത്തുനില്‍ക്കുന്നവരുടെ നീണ്ട നിര കാണാം. കണ്ണൂര്‍, കുറ്റ്യാടി റൂട്ടുകളിലോടുന്ന ദീര്‍ഘദൂര ബസുകളും എലത്തൂര്‍, വെസ്റ്റ്ഹില്‍ ഭാഗങ്ങളിലേക്കുള്ള സിറ്റി ബസുകളുമെല്ലാം നിര്‍ത്തുന്ന പ്രധാന സ്റ്റോപ്പാണിത്. പക്ഷേ വിവിധ റൂട്ടുകളിലെ ബസുകള്‍ക്ക് നിര്‍ത്താന്‍ നിശ്ചിത സ്ഥലമില്ല. നിര്‍ത്തിയ ബസിനടുത്തേക്ക് സ്ത്രീകളും കുട്ടികളുമൊക്കെ തലങ്ങും വിലങ്ങും ഓടിത്തളരുന്നു. കൂട്ടയോട്ടത്തിനിടയില്‍ ബസ് കിട്ടാതെയാവുന്നവരും നിരവധി. നഷ്ടപ്പെട്ട ബസ് നിന്ന സ്ഥലത്ത് വീണ്ടും ബസ് കാത്തുനിന്നാല്‍ മറ്റൊരിടത്താവും ബസ് നില്‍ക്കുക. സ്കൂള്‍ സമയങ്ങളില്‍ വിദ്യാര്‍ഥികളെ ഒഴിവാക്കാന്‍ സ്വകാര്യ ബസുകാരന്‍ കിണഞ്ഞ് ശ്രമിക്കുന്നതോടെ യാത്രക്കാരുടെ ബുദ്ധിമുട്ട് പൂര്‍ണമാകുന്നു. ആളെ കാണുന്നിടത്തെല്ലാം നിര്‍ത്തി യാത്രക്കാരെ കയറ്റാന്‍ ചില ബസുകാരെങ്കിലും സൗമനസ്യം കാണിക്കുമെങ്കിലും ഇത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഡ്യൂട്ടിയിലുള്ള പൊലീസുകാരനും പലപ്പോഴും എവിടെ നില്‍ക്കണമെന്നറിയാതെ ഓടിത്തളരുന്നു. നേരത്തേ വണ്ടിപ്പേട്ട ജങ്ഷനില്‍ ഇരുവശത്തേയും ബസ് സ്റ്റോപ്പുകള്‍ അഭിമുഖമായിട്ടായിരുന്നു. ജങ്ഷന്‍ വലുതാക്കിയെങ്കിലും കുരുക്കഴിക്കാന്‍ വടക്കോട്ടുള്ള ബസ്സ്റ്റോപ്പ് കുറച്ചുകൂടി വടക്കോട്ടു മാറ്റുകയായിരുന്നു. പിന്നീട് ദീര്‍ഘ ദൂരബസിനും സിറ്റിബസിനും വെവ്വേറെ സ്റ്റോപ്പുകളാക്കി. കാലക്രമേണ എല്ലാ സ്റ്റോപ്പുകളും ഒന്നിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്. സിറ്റി -ദീര്‍ഘ ദൂര ബസുകള്‍ക്ക് വെവ്വേറെ സേ്റ്റാപ്പുകള്‍ നിശ്ചയിച്ചാല്‍ പ്രശ്നം പരിഹരിക്കാമെന്നാണ് യാത്രക്കാരുടെ അഭിപ്രായം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.