ജനറേറ്റര്‍ പറമ്പില്‍, പുതിയ യൂനിറ്റ് ‘പെരുവഴിയില്‍’

കോഴിക്കോട്: സര്‍ക്കാറും കരാറുകാരനും തമ്മിലുള്ള തര്‍ക്കം തുടരവെ കോട്ടപ്പറമ്പ് ആശുപത്രിക്ക് അനുവദിച്ച ജനറേറ്റര്‍ വെയിലും മഴയുമേറ്റ് നശിക്കുന്നു. ആശുപത്രിയില്‍ രക്തഘടകങ്ങള്‍ വേര്‍തിരിക്കുന്ന യൂനിറ്റ് തുടങ്ങാന്‍ വേണ്ടി കൊണ്ടുവന്ന ആധുനിക ജനറേറ്ററാണ് മാസങ്ങളായി നശിച്ചുകൊണ്ടിരിക്കുന്നത്. ആശുപത്രിയുടെ ഒഴിഞ്ഞ പറമ്പില്‍ അലക്ഷ്യമായിവെച്ച ജനറേറ്റര്‍ മൂടി സൂക്ഷിക്കാത്തതിനാല്‍ തുരുമ്പെടുത്ത് തുടങ്ങി. യൂനിറ്റ് തുടങ്ങുന്നതിന് ആവശ്യമായ ഉപകരണങ്ങളടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായെങ്കിലും ജനറേറ്റര്‍ സ്ഥാപിക്കാത്തതിനാല്‍ യൂനിറ്റിന്‍െറ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. കരാറുകാരനും സര്‍ക്കാറും തമ്മില്‍ കരാര്‍ തുകയുടെ പേരിലുള്ള വടംവലിയാണ് കാരണം. മൂന്നുവര്‍ഷം മുമ്പ് ബീച്ചാശുപത്രിയിലേക്ക് അനുവദിച്ച രക്തഘടകങ്ങള്‍ വേര്‍തിരിക്കുന്ന യൂനിറ്റ് ആശുപത്രി അധികൃതരുടെ സമ്മര്‍ദഫലമായാണ് കോട്ടപ്പറമ്പിന് ലഭിച്ചത്. ബീച്ചാശുപത്രിയേക്കാള്‍ യൂനിറ്റിന്‍െറ ആവശ്യവും തുടങ്ങാനുള്ള സൗകര്യവും കോട്ടപ്പറമ്പിനാണ് എന്നതിനാലാണിത്. മെഡിക്കല്‍ കോളജ് കഴിഞ്ഞാല്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്നത് കോട്ടപ്പറമ്പിലാണ്. ഇത്തരം യൂനിറ്റ് സ്വകാര്യ മേഖലയിലല്ലാതെ സര്‍ക്കാര്‍ മേഖലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്രമേയുള്ളൂ. രണ്ടാമത്തെ യൂനിറ്റാണ് കോട്ടപ്പറമ്പ് തുടങ്ങുന്നതിനായി മൂന്നര വര്‍ഷം മുമ്പ് പണി തുടങ്ങിയത്. ആശുപത്രിയിലെ ജനറേറ്റര്‍ മറ്റ് സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ്. അത്യാധുനിക ഉപകരണങ്ങളടങ്ങിയ ഈ യൂനിറ്റിന് പ്രത്യേക ജനറേറ്ററുണ്ടെങ്കിലേ പ്രവര്‍ത്തിക്കാനാവൂ. പദ്ധതിയുടെ കരാറെടുത്തയാള്‍ ജനറേറ്റര്‍ കൊണ്ടുവന്ന് വളപ്പില്‍ ഇട്ടിരിക്കയാണ്. ഇതിനുമുമ്പ് മറ്റാശുപത്രികളില്‍ ജനറേറ്റര്‍ സ്ഥാപിച്ചതിന്‍െറ തുക കരാറുകാരന് ലഭിച്ചിട്ടില്ല. ഈ ജനറേറ്റര്‍ സ്ഥാപിക്കണമെങ്കില്‍ മറ്റാശുപത്രികളില്‍ ജനറേറ്റര്‍ സ്ഥാപിച്ചതിന്‍െറ തുകയും കോട്ടപ്പറമ്പില്‍ സ്ഥാപിക്കുന്നതിന്‍െറ തുകയും ലഭിക്കണമെന്നാണ് കരാറുകാരന്‍ പറയുന്നത്. എന്നാല്‍, ജനറേറ്റര്‍ സ്ഥാപിക്കുന്നതിന് പ്രത്യേക തുകയില്ളെന്നും അതുള്‍പ്പെടെയാണ് കരാറെന്നുമാണ് അധികൃതര്‍ പറയുന്നത്. രക്തഘടകങ്ങള്‍ വേര്‍തിരിക്കാന്‍ കഴിഞ്ഞാല്‍ ഒരാളില്‍നിന്നെടുക്കുന്ന രക്തം നാലുപേര്‍ക്ക് ഉപകാരപ്പെടുത്താനാകും. രക്തത്തിലെ ഹീമോഗ്ളോബിന്‍, പ്ളേറ്റ്ലെറ്റ്സ്, രക്താണുക്കള്‍, പ്ളാസ്മ തുടങ്ങിയവയെല്ലാം വേര്‍തിരിച്ച് ഓരോ ഘടകത്തിന്‍െറയും കുറവുള്ളവര്‍ക്ക് അതുമാത്രമായി നല്‍കാം. നിലവില്‍ ഘടകങ്ങള്‍ വേര്‍തിരിക്കാത്ത രക്തമാണ് നല്‍കുന്നത്. ആവശ്യമില്ലാത്ത ഘടകങ്ങള്‍ ശരീരത്തിലത്തെുന്നത് പ്രശ്നങ്ങള്‍ക്കും ഇടയാക്കും. എന്നാല്‍, ഘടകങ്ങള്‍ വേര്‍തിരിച്ച് ആവശ്യമുള്ളവമാത്രം നല്‍കുമ്പോള്‍ പ്രശ്നം ഉണ്ടാവുകയില്ളെന്നും രക്തം പൂര്‍ണമായും ഉപയോഗപ്പെടുത്താമെന്നും കോട്ടപ്പറമ്പ് ആശുപത്രി രക്തബാങ്ക് ഇന്‍ചാര്‍ജ് ഡോ. കെ. മോഹന്‍ദാസ് പറഞ്ഞു. രക്തം അതേപടി സൂക്ഷിച്ചാല്‍ കുറച്ചുകാലങ്ങള്‍ക്കുശേഷം കേടുവരാന്‍ സാധ്യതയുണ്ട്. ഘടകങ്ങള്‍ വേര്‍തിരിച്ച് സൂക്ഷിച്ചാല്‍ എത്രകാലവും വെക്കാം. ഇത് രക്തം പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ സഹായിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.