ആശങ്കകള്‍ പരിഹരിക്കാന്‍ ഡോ. എം.എസ്. സ്വാമിനാഥന്‍ ഇടപെടുന്നു

ആലപ്പുഴ: കുട്ടനാട് പാക്കേജിലെ ആശങ്കകള്‍ പരിഹരിക്കാന്‍ പാക്കേജിന്‍െറ ശില്‍പിയായ ഡോ. എം.എസ്. സ്വാമിനാഥന്‍ ഇടപെടുന്നു. ഇതിന്‍െറ ഭാഗമായി എറണാകുളത്ത് വ്യാഴാഴ്ച അദ്ദേഹം പാക്കേജുമായി ബന്ധപ്പെട്ട സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്ന കുട്ടനാട് വികസനസമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കലുമായി ചര്‍ച്ച നടത്തും. വ്യാഴാഴ്ച വൈകുന്നേരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സ്വാമിനാഥന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. പാക്കേജ് പാതിവഴിയില്‍ അവസാനിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ വഴികള്‍ തേടുകയാണ്. ഇതിന്‍െറ ഭാഗമായി കൃഷിമന്ത്രി കെ.പി. മോഹനന്‍ കഴിഞ്ഞദിവസം കേന്ദ്ര കൃഷിമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്ര കൃഷിമന്ത്രി നവംബര്‍ ആറിന് കുട്ടനാട് സന്ദര്‍ശിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. വിഷയം ചര്‍ച്ചചെയ്യാന്‍ ഒക്ടോബര്‍ ആദ്യം പ്രോസ്പിരിറ്റി കൗണ്‍സില്‍ വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ അലംഭാവം വ്യക്തമായിരിക്കെ അടിയന്തര പരിഹാരത്തിനുള്ള നീക്കമാണ് ഇപ്പോള്‍ മുഖ്യമന്ത്രി ഇടപെട്ട് നടത്തുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അനാസ്ഥ വ്യക്തമായ സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെട്ട് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ബി.ജെ.പിയും രംഗത്തി റങ്ങിയിട്ടുണ്ട്. ഇതിന് സഹായകമായ നിലപാടാണ് കുട്ടനാട് വികസനസമിതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞദിവസം സമിതിയുടെ നേതൃത്വത്തില്‍ രാമങ്കരയില്‍ നടന്ന സത്യഗ്രഹസമരത്തില്‍ ബി.ജെ.പി നേതാക്കള്‍ സജീവമായി പങ്കെടുത്തിരുന്നു. ഇവരുടെകൂടി നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തിലാണ് അടിയന്തരമായി നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി പുതിയൊരു പാക്കേജ് കുട്ടനാടിനുവേണ്ടി കേന്ദ്രസര്‍ക്കാറിനെക്കൊണ്ട് അനുവദിപ്പിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.