പത്രപ്രവര്‍ത്തകര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി

തൃശൂര്‍: റേഞ്ച് ഐ. ജി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ ‘ദേശാഭിമാനി’യിലെ പത്രപ്രവര്‍ത്തകര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി. ആഭ്യന്തരമന്ത്രി നിയമസഭയില്‍ നടത്തിയ പ്രഖ്യാപനത്തിന് വിരുദ്ധമായാണ് പൊലീസ് കേസെടുത്ത് പ്രോസിക്യൂഷന്‍ നടപടി തുടങ്ങിയത്. വാര്‍ത്ത എഴുതിയതിന്‍െറ പേരില്‍ ദേശാഭിമാനി തിരുവനന്തപരും ബ്യൂറോ ചീഫ് ആയിരുന്ന കെ.എം. മോഹന്‍ദാസിനെതിനെതിരെ വടകര പൊലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് തൃശൂരടക്കം സംസ്ഥാനത്ത് നാലു കേന്ദ്രങ്ങളില്‍ 2012 സെപ്റ്റംബര്‍ 10ന് ദേശാഭിമാനി പ്രവര്‍ത്തകര്‍ പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയതിനാണ് കേസെടുത്തത്. ദേശാഭിമാനി തൃശൂര്‍ ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.എം. രാധാകൃഷ്ണന്‍, സബ് എഡിറ്റര്‍മാരായ എന്‍. രാജന്‍, ടി.വി. വിനോദ്, കൊച്ചി ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ മഞ്ജു കുട്ടികൃഷ്ണന്‍, മുന്‍ സീനിയര്‍ സബ് എഡിറ്റര്‍ വികാസ് മൂത്തേടത്ത് എന്നിവരെ പ്രതികളാക്കിയാണ് തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് കേസെടുത്ത് പ്രോസിക്യൂഷന്‍ നടപടിക്ക് വിട്ടത്. കുറ്റപത്രത്തിന്‍െറ അടിസ്ഥാനത്തില്‍ ഈമാസം 20ന് തൃശൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാവാന്‍ ഇവര്‍ക്ക് സമന്‍സ് ലഭിച്ചു. അന്യായമായി സംഘം ചേരല്‍, നിയമം ലംഘിച്ച് പ്രകടനം, മാര്‍ഗതടസ്സം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.