വിൻഫാസ്റ്റ് ലിമോ ഗ്രീൻ എം.പി.വി
വിയറ്റ്നാമീസ് ഇലക്ട്രിക് വാഹനനിർമാതാക്കളായ വിൻഫാസ്റ്റ് ഓട്ടോസ് വി.എഫ് 6, വി.എഫ് 7 മോഡലുകൾക്ക് ശേഷം എം.പി.വി സെഗ്‌മെന്റിൽ ലിമോ ഗ്രീൻ ഇലക്ട്രികിനെ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തിക്കും. ലഭ്യമായ വിവരങ്ങൾ പ്രകാരം 2026 ഫെബ്രുവരിയിൽ വാഹനം ഇന്ത്യയിൽ അവതരിപ്പിക്കും. ലിമോ ഗ്രീൻ എം.പി.വി, മഹീന്ദ്ര എക്സ്.ഇ.വി 9 എസിനെ കൂടാതെ കിയ കാരൻസ് ക്ലാവിസ് ഇ.വി, ബി.വൈ.ഡി ഇമാക്സ് 7 എന്നീ മോഡലുകളോടും കടുത്ത മത്സരം നേരിടേണ്ടി വരും.
വിൻഫാസ്റ്റ് ലിമോ ഗ്രീൻ എം.പി.വി ഇന്ത്യയിൽ പരീക്ഷയോട്ടം ഇതിനോടകം വിജയകരമായി പൂർത്തീകരിച്ചിട്ടുണ്ട്. വാഹനത്തിന്റെ ഡിസൈൻ പേറ്റന്റ് കമ്പനി ഈ വർഷത്തിന്റെ ആരംഭത്തിൽ സ്വന്തമാക്കിയിരുന്നു. 4,740 എം.എം നീളവും 1,872 എം.എം വീതിയും 1,728 എം.എം ഉയരവും 2,840 എം.എം വീൽബേസുമാണ് വിയറ്റ്‌നാം സ്‌പെകിന്റെ ലിമോ ഗ്രീൻ എം.പി.വിയുടെ ആകെ വലുപ്പം. ഈ മോഡൽ ബി.വൈ.ഡി ഇമാക്സ് 7 ഇലക്ട്രിക് എം.പി.വിയുമായി താരതമ്യം ചെയ്യുമ്പോൾ 30 എം.എം ചെറുതും 62 എം.എം ഇടുങ്ങിയതുമാണ്.
വിയറ്റ്നാം സ്‌പെകിൽ 60.13 kWh ബാറ്ററി പക്കാണ് കമ്പനി നൽകിയിരിക്കുന്നത്. ഈ ബാറ്ററി പാക്ക് എൻ.ഇ.ഡി.സി സാക്ഷ്യപ്പെടുത്തിയതനുസരിച്ച് ഒറ്റചാർജിൽ 450 കിലോമീറ്റർ റേഞ്ച് ലഭിക്കുന്നുണ്ട്. ഫ്രണ്ട്-വീൽ ഡ്രൈവിൽ വിപണിയിൽ എത്തിയ വാഹനത്തിന്റെ ഇലക്ട്രിക് മോട്ടോർ പരമാവധി 201 ബി.എച്ച്.പി കരുത്തും 280 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കും. 11kW AC ഹോം ചാർജിങും 80kW DC ഫാസ്റ്റ്-ചാർജിങും ഉപയോഗിച്ച് വാഹനം ചാർജ് ചെയ്യാം. ഡിസി ചാർജർ ഉപയോഗിച്ച് 10 മുതൽ 70 ശതമാനം വരെ ചാർജ് ചെയ്യാൻ 30 മിനുട്ട് മാത്രമാണ് ലിമോ ഗ്രീൻ എം.പി.വി എടുക്കുന്നത്.
വിൻഫാസ്റ്റ് ഓട്ടോയുടെ പരമ്പരാഗത വി ഷേപ്പ് ഡിസൈൻ ലിമോ ഗ്രീനിലും അതേപടി നിലനിർത്തുന്നുണ്ട്. 2+3+2 കോൺഫിഗറേഷനിലാണ് വാഹനത്തിന്റെ സീറ്റിങ് സജ്ജീകരിച്ചിരിക്കുന്നത്. നാല് സ്‌പീക്കർ കണക്ട് ചെയ്തിട്ടുള്ള 10.1-ഇഞ്ച് ടച്ച്സ്ക്രീൻ ഡിസ്പ്ലേ, സിംഗിൾ സോൺ എ.സി, യു.എസ്.ബി ചാർജിങ് പോർട്ട് എന്നിവ വിയറ്റ്നാം സ്‌പെകിൽ കമ്പനി നൽകിയിട്ടുണ്ട്. ഇന്ത്യയിൽ അവതരിപ്പിക്കുമ്പോൾ ഈ ഫീച്ചറുകളിലെല്ലാം മാറ്റം വന്നേക്കാം. നിലവിൽ സുരക്ഷക്കായി നാല് എയർബാഗുകൾ, എ.ബി.എസ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ സ്പെകിലേക്ക് എത്തുമ്പോൾ ADAS സ്യൂട്ട് ഉൾപ്പെടെയുള്ള സുരക്ഷ സംവിധാനങ്ങൾ സജ്ജീകരിക്കാൻ കമ്പനി ശ്രമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.